ചിറ്റൂരിൽ ജലവിഭവമേഖലയിൽ 953 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി: മന്ത്രി കെ.കൃഷ്ണൻ കുട്ടി
ചിറ്റൂർ മണ്ഡലത്തിൽ ജലവിഭവ മേഖലയിൽ 953 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. മീനാക്ഷിപുരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പുന:നിർമ്മാണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പാലക്കാട്: ചിറ്റൂർ മണ്ഡലത്തിൽ ജലവിഭവ മേഖലയിൽ 953 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. മീനാക്ഷിപുരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പുന:നിർമ്മാണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആദ്യമായാണ് തെങ്ങ് കർഷകർക്ക് മാത്രമായി ഇങ്ങനെയൊരു പദ്ധതി ആസൂത്രണം ചെയുന്നതെന്നും മന്ത്രി പറഞ്ഞു. ജലസേചന വകുപ്പ് 2022-23 വർഷത്തെ ബജറ്റിൽ 3.07 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ വി. ശാന്തകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
മീനാക്ഷിപുരം ലിഫ്റ്റ് ഇറിഗേഷൻ സ്‌കീം പെരുമാട്ടി പഞ്ചായത്തിലെ മീനാക്ഷിപുരത്തെ 1200 ഹെക്ടർ തെങ്ങിൻ തോപ്പുകൾക്ക് ജലവിതരണം നടത്തുന്നതിനായി 1991 ലാണ് സ്ഥാപിച്ചത്. 1998 ൽ പൂർണമായും പ്രവർത്തനയോഗ്യമായി. പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്നുള്ള ജലമാണ് ഇവിടേക്കുള്ള ജലസ്രോതസ്സ്.രണ്ടു സ്റ്റേജ് ലിഫ്റ്റിങ് വഴി ജലവിതരണം നടത്തിയിരുന്ന മീനാക്ഷിപുരം ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമിൽ, കാലപ്പഴക്കം മൂലം മോട്ടോറുകളും മറ്റും നന്നാക്കാൻ ആവാത്ത വിധം കേടുപാടുകൾ സംഭവിച്ചു. 2018 മുതൽ പ്രവർത്തനരഹിതമാണ്. രണ്ടു സ്റ്റേജ് ലിഫ്റ്റിങ്ങിൽ ഒരു ലിഫ്റ്റിങ് തകരാറിലായാൽ പോലും ജലവിതരണം മുഴുവനായും തടസ്സപ്പെടുന്ന ആയതിനാൽ അപാകതകൾ പരിഹരിക്കുന്നതിനും ഭീമമായ ഇലക്ട്രിസിറ്റി ചാർജ്ജും ഒഴിവാക്കുന്നതിനായാണ് പുനർ നിർമാണം നടത്തുന്നത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മാധുരി പത്മനാഭൻ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാധാകൃഷ്ണൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സുരേഷ്, ക്ഷേമകാര്യ സ്റ്റാലിൻ കമ്മിറ്റി ചെയർപേഴ്സൺ ഉഷാനന്ദിനി മറ്റു മെമ്പറുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.