ബിപിഎൽ കാർഡ്: 20 വരെ അപേക്ഷിക്കാം
പൊതുവിഭാഗം റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ ഒക്ടോബർ 20 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവിൽ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ എന്നിവ വഴി അപേക്ഷ നൽകാം.
കോഴിക്കോട് : പൊതുവിഭാഗം റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ ഒക്ടോബർ 20 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവിൽ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ എന്നിവ വഴി അപേക്ഷ നൽകാം. ഓഫീസിൽനിന്ന് റിട്ടേൺ ചെയ്ത അപേക്ഷകളും 20നകം നൽകണം. തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ, മാരക രോഗമുള്ളവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ, നിർധന ഭൂരഹിത-ഭവന രഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവർഗ ഉന്നതികൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന.
അപേക്ഷയിൽ വിവരം നൽകുന്നതിനൊപ്പം ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം. 1000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, സർക്കാർ/അർധ സർക്കാർ/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് ഫോർ തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ), ആദായനികുതി ദാതാക്കൾ, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവർ, നാലുചക്ര വാഹനം സ്വന്തമായുള്ളവർ (ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെ), കൂടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽനിന്നോ പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻകാർഡിന് അർഹത ഉണ്ടാകില്ല. സംശയങ്ങൾക്ക് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫീസുമായി ബന്ധപ്പെടണം.
ഫോൺ: കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് (0495 2374885), സിറ്റി റേഷനിങ് ഓഫീസ് (നോർത്ത് -0495 2374565), സിറ്റി റേഷനിങ് ഓഫീസ് (സൗത്ത്- 0495 2374807), കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ് (0496 2620253), വടകര താലൂക്ക് സപ്ലൈ ഓഫീസ് (0496 2522472), താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് (0495 2224030).