വികസനത്തിൽ രാഷ്ട്രീയം ഒഴിവാക്കണം; കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

നാടിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അതിൽ രാഷ്ട്രീയം ഒഴിവാക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. കേരള കേന്ദ്ര സർവകലാശാലയുടെ പുതിയ അക്കാദമിക് ബ്ലോക്കിന് കാസർകോട് പെരിയ ക്യാമ്പസിൽ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കാസർ​ഗോഡ് :നാടിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അതിൽ രാഷ്ട്രീയം ഒഴിവാക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. കേരള കേന്ദ്ര സർവകലാശാലയുടെ പുതിയ അക്കാദമിക് ബ്ലോക്കിന് കാസർകോട് പെരിയ ക്യാമ്പസിൽ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം അത്യന്താപേക്ഷിതമാണ്. എല്ലാ രാജ്യങ്ങളും വികസനത്തിനായാണ് മത്സരിക്കുന്നത്. വികസനത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒന്നാണ്. ഈ വിഷയത്തിൽ ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്. വികസനത്തിൽ ഒരുമിച്ചാകണം പ്രവർത്തനം. രാഷ്ട്രീയം ഒഴിവാക്കണം എന്നും അദ്ദേഹം പറഞ്ഞു.

പ്രധാന മന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അനുവദിച്ച 52.68 കോടി രൂപ ഉപയോഗിച്ചാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നത്. നിരവധി പദ്ധതികൾ കേരളത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിനുള്ള പി.എം വികാസ് സ്‌കിൽ ഡവലപ്മെന്റ് ആന്റ് വിമെൻ എൻട്രപ്രണർഷിപ്പ് പ്രോഗ്രാം കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ ആരംഭിച്ചു. ഐ.ഐ.ടി പാലക്കാട്, കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഉൾപ്പെടെ നടപ്പിലാക്കുന്ന പുതിയ കാലത്തിനനുസരിച്ചുള്ള കോഴ്സുകളും മന്ത്രി വിശദീകരിച്ചു.  

വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി.അൽഗുർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കലാകാരൻ ദീപക് പി.കെ, സിപിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർ അഞ്ജന രഘു, സർവകലാശാല എക്സിക്യുട്ടീവ് എഞ്ചിനീയർ ഇൻ ചാർജ്ജ് ശ്രീകാന്ത് വി.കെ. എന്നിവരെ മന്ത്രി ആദരിച്ചു. രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ. ആർ. ജയപ്രകാശ് സ്വാഗതവും സ്‌കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീൻ പ്രൊഫ. സജി ടി.ജി. നന്ദിയും പറഞ്ഞു.  സർവകലാശാലയുടെ കോർട്ട്, എക്‌സിക്യുട്ടീവ് കൗൺസിൽ, അക്കാദമിക് കൗൺസിൽ, ഫിനാൻസ് കമ്മറ്റി അംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ, തുടങ്ങിയവർ സംബന്ധിച്ചു.