കാർഷിക-കായിക മേഖലകൾക്ക് ഊന്നൽ; സമഗ്ര വികസന നിർദ്ദേശങ്ങളുമായി കിനാനൂർ കരിന്തളം വികസനസദസ്സ്
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസന സദസ്സുമായി ബന്ധപ്പെട്ട് നടന്ന ഓപ്പൺ ഫോറം സമഗ്രമായ വികസന കാഴ്ചപ്പാടുകളുടെ വേദിയായി. സർക്കാർ പദ്ധതികളുടെ കൃത്യമായ നടത്തിപ്പിന് മോണിറ്ററിങ് ടീം വേണമെന്നതടക്കമുള്ള നിർണായക അഭിപ്രായങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു.
കാസർഗോഡ് : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസന സദസ്സുമായി ബന്ധപ്പെട്ട് നടന്ന ഓപ്പൺ ഫോറം സമഗ്രമായ വികസന കാഴ്ചപ്പാടുകളുടെ വേദിയായി. സർക്കാർ പദ്ധതികളുടെ കൃത്യമായ നടത്തിപ്പിന് മോണിറ്ററിങ് ടീം വേണമെന്നതടക്കമുള്ള നിർണായക അഭിപ്രായങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. കൃഷിക്ക് ഊന്നൽ നൽകണം എന്നതായിരുന്നു പ്രധാന നിർദ്ദേശം. തരിശുഭൂമികൾ കൃഷിയോഗ്യമാക്കുന്നതിനും നെല്ലുൽപ്പാദന രംഗത്ത് സജീവമായി ഇടപെടുന്നതിനും മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നടപടി വേണമെന്ന് അഭിപ്രായമുയർന്നു. അതോടൊപ്പം വിവിധ സർക്കാർ പദ്ധതികളുടെ കൃത്യമായ നടത്തിപ്പ് ഉറപ്പാക്കാൻ ഒരു മോണിറ്ററിങ് ടീം ആവശ്യമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ആരോഗ്യ രംഗത്തെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി, കുടുംബാരോഗ്യ കേന്ദ്രത്തിന് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾക്കായി പുതിയ കെട്ടിടം അനിവാര്യമാണെന്ന് ആവശ്യം ഉന്നയിച്ചു. കൂടാതെ, ക്യാൻസർ രോഗികൾക്ക് പെൻഷൻ ലഭിക്കുന്നതിനുള്ള വരുമാന പരിധി കുറയ്ക്കണമെന്നും നിർദ്ദേശിക്കപ്പെട്ടു. സാമൂഹികപരമായ വിഷയങ്ങളിൽ, യുവതലമുറയെ ലക്ഷ്യമിട്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ആസക്തി തടയുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും തദ്ദേശീയമായി നടത്തേണ്ടതുണ്ട്. തെരുവുനായ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ അത് ഇല്ലാതാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അഭിപ്രായം.
പട്ടികവർഗ്ഗ മേഖലയിൽപ്പെട്ട വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, നൽകി വരുന്ന മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്‌കോളർഷിപ്പുകൾ തുടർന്നും നൽകണമെന്നും ആവശ്യപ്പെട്ടു.വ്യവസായ മേഖലയുടെ ഉന്നമനത്തിന് ആവശ്യമായ പദ്ധതികൾ ഏറ്റെടുത്തു നടത്തണമെന്ന ആവശ്യത്തിനൊപ്പം ഹരിത കർമ്മ സേനയുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള കാര്യങ്ങളും ചെയ്യണം എന്നും നിർദ്ദേശിക്കപ്പെട്ടു. പഞ്ചായത്തിലെ കായിക മേഖലയെ പരിപോഷിപ്പിക്കണമെന്ന ആവശ്യം മുൻനിർത്തി, ഒരു മിനി സ്റ്റേഡിയവും ആവശ്യമായ കളിക്കളങ്ങളും ഉണ്ടാകണമെന്ന നിർദ്ദേശവും ഉയർന്നു