തനത് പദ്ധതികൾക്കു പുറമേ കാഞ്ഞങ്ങാട് നഗരസഭയിൽ സർക്കാർ നടത്തിയത് 130 കോടിയുടെ വികസന പ്രവർത്തനങ്ങൾ; ഇ.ചന്ദ്രശേഖരൻ എം.എൽ.എ
കാഞ്ഞങ്ങാട് നഗരസഭയുടെ തനത് പദ്ധതികൾക്ക് പുറമെ 130.15 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ കാഞ്ഞങ്ങാട് നഗരസഭയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ നടപ്പാക്കിയതെന്ന് നടത്തിയതെന്ന് ഇ.ചന്ദ്രശേഖരൻ എ.എൽ.എ പറഞ്ഞു.
കാസർഗോഡ് :കാഞ്ഞങ്ങാട് നഗരസഭയുടെ തനത് പദ്ധതികൾക്ക് പുറമെ 130.15 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ കാഞ്ഞങ്ങാട് നഗരസഭയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ നടപ്പാക്കിയതെന്ന് നടത്തിയതെന്ന് ഇ.ചന്ദ്രശേഖരൻ എ.എൽ.എ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയുടെ വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി എം.എൽ.എ മുഖാന്തരം നഗരസഭാ പ്രദേശത്ത് വിവിധ പദ്ധതികൾക്ക് വേണ്ടി ഇത്രമാത്രം തുക വികസന പ്രവർത്തനങ്ങൾക്ക് കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ലഭിക്കുന്നത് ചരിത്രമാണെന്നും എം.എൽ.എ പറഞ്ഞു.
ഇത്തരത്തിൽ ഉള്ള വികസന പ്രവർത്തനം ജില്ലയിൽ 2016ന് മുൻപ് ഉണ്ടായിട്ടില്ല. പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ചും മുഴുവൻ പ്രദേശത്തിന്റെയും വികസനത്തെ ലക്ഷ്യം വെച്ചുമാണ് കാഞ്ഞങ്ങാട് നഗരസഭ പിന്നിട്ട അഞ്ച് വർഷക്കാലം പ്രവർത്തനം നടത്തിയത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിരവധി വികസന പദ്ധതികൾ നഗരസഭാ പ്രദേശത്ത് നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സ്വതന്ത്ര്യമായ മുൻകയ്യോട് കൂടി നടത്തിയ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയിലൂടെയും എം.എൽ.എ ഫണ്ട് ഉൾപ്പെടെയുള്ള ഫണ്ടുകളും കാസർകോട് വികസന പാക്കേജുകളിൽ നിന്ന് ലഭ്യമാകുന്ന ഫണ്ടുകളെല്ലാം ചേർന്നുകാെണ്ട് ഈ കാലയളവിൽ നേടാൻ കഴിഞ്ഞിട്ടുള്ള നേട്ടം വളരെ വലുതാണെന്നും നാടിന്റെ പൊതുവായ മുന്നേറ്റത്തിനും വികസനത്തിനും സഹായകമായെന്നും ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു.
ഹരിതകർമ സേനയുടെ പ്രവർത്തനങ്ങളെ എം.എൽ.എ പ്രത്യേകം അഭിനന്ദിച്ചു. ഹരിത കർമ സേന ഈ നാടിനെ ശുദ്ധീകരിക്കുന്ന പ്രവർത്തനത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നവരാണെന്നും ഹരിത കർമ്മ സേനയുടെ സേവനത്തെ സമൂഹം വിലപ്പെട്ടതായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.അഹമ്മദലി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പ്രഭാവതി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ വി. സരസ്വതി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.അനീശൻ, കൗൺസിലർമാർ ആയ വി.വി രമേശൻ, കെ .ബാബു, കെ.കെ ജാഫർ, എം.ബലരാജ്, കെ.വി മായാകുമാരി, വാർഡ് കൗൺസിലർ വന്ദന ബലരാജ് , മുൻസിപ്പൽ എഞ്ചിനീയർ കെ.വി ചന്ദ്രൻ, ക്ലീൻ സിറ്റി മാനേജർ ബൈജു പി, സൂപ്രണ്ടുമാരായ കെ.അമ്പിളി, പി.ഡി രാമചന്ദ്രൻ എൻ വി ദിവാകരൻ, റിസോഴ്‌സ് പേഴ്‌സൺ എൻ.വി ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. ചെയർപേഴ്സൺ കെ.ലത എന്നിവർ സ്വാഗതവും കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി എം.കെ ഷിബു നന്ദിയും പറഞ്ഞു.
യു.എൽ.സി.സി.എൽ തയ്യാറാക്കിയ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വിവര സാങ്കേതിക വിദ്യാധിഷ്ഠിത മാപ്പിംഗ് പദ്ധതി റിപ്പോർട്ട് നഗരസഭ സെക്രട്ടറി എം. കെ ഷിബുവിന് നൽകി. ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള വിവര പൊതുജന സമ്പർക്ക വകുപ്പ് തയ്യാറാക്കിയ വീഡിയോ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ജില്ലയുടെ ചുമതലയുള്ള വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവരുടെ സന്ദേശവും പ്രദർശിപ്പിച്ചു. തുടർന്ന് നഗരസഭയുടെവികസന നേട്ടങ്ങൾ ഉൾപ്പെടുത്തി വീഡിയോ പ്രദർശിപ്പിച്ചു. വിവിധ മേഖലകളിൽ നഗരസഭയുടെ ഭാവി വികസന പദ്ധതി സംബന്ധിച്ചുള്ള ചർച്ചയും നടന്നു. വിവിധ വിഷയങ്ങൾ സംബന്ധിച്ച് 13 പേർ ചർച്ചയിൽ പങ്കെടുത്തു.