തളിപ്പറമ്പിലെ തീപിടിത്തം : എൻജിനിയറിംങ് വിഭാഗം പരിശോധന തുടങ്ങി , കെട്ടിടം പൊളിക്കേണ്ടി വരില്ലെന്ന് പ്രാഥമിക വിലയിരുത്തൽ
തളിപ്പറമ്പിൽ തീപിടിത്തമുണ്ടായ കെട്ടിട സമുച്ചയത്തിൻ്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് എൻജിനിയറിംങ് വിഭാഗത്തിൻ്റെ പരിശോധന തുടങ്ങി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് എൻജിനിയർ,
തളിപ്പറമ്പ്: തളിപ്പറമ്പിൽ തീപിടിത്തമുണ്ടായ കെട്ടിട സമുച്ചയത്തിൻ്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് എൻജിനിയറിംങ് വിഭാഗത്തിൻ്റെ പരിശോധന തുടങ്ങി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് എൻജിനിയർ, തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയുടെ ചുമതല കൂടിയുള്ള മുനിസിപ്പൽ എൻജിനിയർ, ഓവർസിയർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കെട്ടിടം പൂർണമായി പൊളിച്ചു നിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് പ്രാഥമിക നിഗമനം. നൂതനമായ അൾട്രാ സോണിക്ക് പരിശോധന കൂടി നടത്തി മാത്രമേ അന്തിമമായ റിപ്പോർട്ട് നൽകുകയുള്ളു. കഴിഞ്ഞ 18ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീപിടിത്തമുണ്ടായ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് പരിശോധിക്കാൻ സാങ്കേതിക വിദഗ്ധ സമിതി രൂപീകരിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു.
നോർത്ത് സർക്കിൾ സീനിയർ എൻജിനിയർ, ഡിവിഷണൽ ഓഫിസ് എക്സിക്യൂട്ടീവ് എൻജിനീയർ, ടൗൺ പ്ലാനിംങ് വിഭാഗം, ഗവ. എൻജിനിയറിംങ് കോളജ് സ്ട്രക്ചറൽ വിഭാഗം, സബ് ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ, അസി. എൻജിനിയർ, നഗരസഭാ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നതാണ് സാങ്കേതിക വിദഗ്ധ സമിതി. എന്നാൽ തീപിടുത്തമുണ്ടായ കെട്ടിടം പരിശോധിച്ച് ആഘാതം കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം തങ്ങളുടെ പക്കലില്ലെന്ന് ഗവ. എൻജിനിയറിംങ് കോളജ് സ്ട്രക്ചറൽ വിഭാഗം അറിയിച്ചതോടെ പരിശോധന മുടങ്ങി.
തീപിടിത്തമുണ്ടായി ആഴ്ച്ചകൾക്കു ശേഷവും കത്തിനശിച്ച സ്ഥാപനങ്ങളുടെ പുനരുദ്ധാരണം വൈകിയതോടെ വ്യാപാരി സംഘടനാ നേതാക്കൾ എം.വി ഗോവിന്ദൻ എം.എൽ.എയെ വിവരം ധരിപ്പിച്ചു. തുടർന്ന് എം.എൽ.എ കളക്ടറുമായി ബന്ധപ്പെട്ട് അടിയന്തിരമായി എൻജിനിയർമാരുടെ സംഘത്തെ പരിശോധനയ്ക്ക് നിയോഗിക്കുകയായിരുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് എൻജിനിയർ പി.വി ബിജു, തളിപ്പറമ്പ് നഗരസഭാ എൻജിനിയർ , ഓവർസിയർ എന്നിവരാണ് ഇന്നലെ കെട്ടിടത്തിൽ പരിശോധന നടത്തിയത്.
പ്രാഥമിക പരിശോധനയിൽ കെട്ടിടം പൊളിച്ചു മാറ്റേണ്ട സാഹചര്യം ഇല്ലെങ്കിലും പൂർണ്ണമായി പുതിയ പ്ലാസ്റ്ററിംങ് നടത്തുകയും ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് തൂണുകളും ബീമുകളും മാറ്റി നിർമ്മിച്ച് ബലപ്പെടുത്തേണ്ടി വരും. അൾട്രാ സോണിക്ക് പരിശോധന നടത്തേണ്ട ഉപകരണങ്ങൾ സ്വകാര്യ മേഖലയിൽ നിന്നും എത്തിക്കേണ്ടി വരും. കെട്ടിട ഉടമകളുടെ സഹകരണത്തോടെ ഒരാഴ്ച്ചക്കുള്ളിൽ അൾട്രാ സോണിക്ക് പരിശോധന നടത്താനുള്ള ശ്രമം നടക്കുകയാണ്.
ഒക്ടോബർ 9 വ്യാഴാഴ്ച്ച വൈകുന്നേരം 5 മണിയോടെയാണ് നാടിനെ നടുക്കിയ തീ പിടുത്തം ഉണ്ടായത്. അഗ്നിശമന സേനയും പോലീസും നഗരസഭാ ജീവനക്കാരും വ്യാപാരികളും വിവിധ സന്നദ്ധ സംഘടനാ വളണ്ടിയർമാരും നാട്ടുകാരുടെയും ശ്രമഫലമായി രാത്രി 9.30 ഓടെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.