മനുഷ്യസഹജീവിതത്തിന് പുതിയ ചുവടുവെപ്പ് ; തളിപ്പറമ്പിൽ തെരുവുനായ വാക്‌സിനേഷൻ പദ്ധതി ആരംഭിച്ചു, കണ്ണൂര്‍ ജില്ലയില്‍ ആദ്യം
തളിപ്പറമ്പ: കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി തെരുവുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതിക്ക് തളിപ്പറമ്പ നഗരസഭയില്‍ തുടക്കമായി. തിങ്കളാഴ്ച രാവിലെ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ഷബിത സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരും കൗണ്‍സിലര്‍മാരും സംബന്ധിച്ചു.
ഇന്ന് രാവിലെ മുതല്‍ തന്നെ കോടതി റോഡ്, ബസ്സ്റ്റാന്റ്, താലൂക്ക് ഓഫീസ്, പോസ്റ്റോഫീസ്, കാക്കാത്തോട് ബസ്സ്റ്റാന്റ്, മാര്‍ക്കറ്റ് പരിസരങ്ങളിലുള്‍പ്പെടെ ഉദ്യോഗസ്ഥരും ജീവനക്കാരും എത്തി തെരുവുനായകള്‍ക്ക് വാക്‌സിന്‍ നല്‍കി. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, ഡോക്ടര്‍മാരായ മുഹമ്മദ് ബഷീര്‍, ഹാഫിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്. ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ വിമല്‍ അനീഷും ഡോക്ടര്‍മാരുടെ സഹായത്തിനെത്തി.
മലപ്പുറത്ത് നിന്ന് എത്തിയ അംഗീകൃത ലൈസന്‍സുള്ള ജിതേഷിന്റെ നേതൃത്വത്തിലുള്ള നായ പിടിത്തക്കാരാണ് വാക്‌സിനേഷനുള്ള നായകളെ പിടികൂടിയത്. നായകളെ തെരുവില്‍ നിന്ന് പിടികൂടി അവിടെ വെച്ച് തന്നെ വാക്‌സിന്‍ നല്‍കി വിട്ടയക്കുകയാണ് ചെയ്യുന്നത്. വാക്‌സിന്‍ നല്‍കിയവയുടെ കഴുത്തില്‍ അടയാളമായി ബെല്‍റ്റും കെട്ടി നല്‍കും. നായയുടെ കടിയേറ്റാലും പേവിഷബാധയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
തുടര്‍ന്നുള്ള 15 ദിവസങ്ങളിലായി മുഴുവന്‍ വാര്‍ഡുകളിലും തെരുവുനായകള്‍ക്ക് വാക്‌സിന്‍ നല്‍കും. പദ്ധതിയുടെ ആദ്യഘട്ടം 'സേഫ് ടെയില്‍, സേഫ് തളിപ്പറമ്പ' എന്ന പേരില്‍ ആഗസ്തില്‍ ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് ഒരു മാസം നീളുന്ന കാമ്പയിനില്‍ വളര്‍ത്തുനായകള്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. രണ്ടാംഘട്ടമായാണ് തെരുവനായകള്‍ക്കും വാക്‌സിന്‍ നല്‍കുന്നത്.