അധ്യാപനം കേവലം പാഠ്യപൂർത്തീകരണമല്ലെന്ന് രാമദാസ് കതിരൂർ

വിദ്യാഭ്യാസമെന്നത് കേവലം പാഠ്യപദ്ധതിയുടെ പൂർത്തീകരണമായി കാണാനാവില്ലെന്നും, അത് 'മനുഷ്യൻ്റെ അന്തർലീനമായ കഴിവുകളുടെ പൂർണ്ണമായ ആവിഷ്കാരമാണെന്ന വിവേകാനന്ദൻ്റെ വാക്കുകൾ പോലെ,

 

കണ്ണൂർ : വിദ്യാഭ്യാസമെന്നത് കേവലം പാഠ്യപദ്ധതിയുടെ പൂർത്തീകരണമായി കാണാനാവില്ലെന്നും, അത് 'മനുഷ്യൻ്റെ അന്തർലീനമായ കഴിവുകളുടെ പൂർണ്ണമായ ആവിഷ്കാരമാണെന്ന വിവേകാനന്ദൻ്റെ വാക്കുകൾ പോലെ, ഓരോ വ്യക്തിയിലും ഒളിഞ്ഞുകിടക്കുന്ന സാധ്യതകളെ പുറത്തുകൊണ്ടുവരുന്ന ഒരു സൈദ്ധാതിക പ്രക്രിയയാണെന്നും വിദ്യാഭ്യാസ പ്രവർത്തകനായ രാമദാസ് കതിരൂർ അഭിപ്രായപ്പെട്ടു.

​അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ച് കേരള സർക്കാരിന്റെ സാംസ്കാരിക കാര്യവകുപ്പിന് കീഴിലുള്ള ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും ഗ്രാമ സ്വരാജ് ഫൗണ്ടേഷനും സംയുക്തമായി  സംഘടിപ്പിച്ച ലോക അധ്യാപക ദിനാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

​ഇന്നത്തെ കാലത്ത് അധ്യാപകൻ ജ്ഞാനത്തിൻ്റെ കൈമാറ്റക്കാരൻ എന്നതിൽ നിന്ന് മാറി പഠനത്തെ സുഗമമാക്കുന്നവൻ എന്ന പുതിയൊരു ദൗത്യം ഏറ്റെടുക്കേണ്ടതുണ്ട്. വിമർശനാത്മക ചിന്തയും, യാഥാർത്ഥ്യങ്ങളെ സ്വന്തമായി വിലയിരുത്താനുള്ള കഴിവും വിദ്യാർത്ഥികളിൽ വളർത്തുക എന്നതാണ് ആധുനിക ബോധനശാസ്ത്രത്തിൻ്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ, മികച്ച അധ്യാപകർക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഡോ. ഷാജി പ്രഭാകരൻ, ഡോ. മ്യൂസ് മേരി ജോർജ്, കെ.എൻ. അനിമോൾ, ഡോ. ഗായത്രി, പി. ഹൈറുനീസ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടറായ പ്രൊഫ. എസ്. ശിശുബാലൻ അധ്യക്ഷത വഹിച്ചു. കേരള നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, കായംകുളം യൂനുസ് , സാഹിത്യകാരൻ,ഡോ. എസ്. ഡി. അനിൽകുമാർ, ജാലകം പ്രസിഡന്റ് കെ.എസ്. അനിൽ, സാഹിത്യകാരി സുശീല കുമാരി കെ. ജഗതി,പി.ജി ശിവബാബു സംസാരിച്ചു.