പെണ്ണില്ലം പബ്ളിക്കേഷൻസ് ഷാർജ പുസ്തകോത്സവത്തിൽ 101 എഴുത്തുകാരികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യും
കണ്ണൂർ: കേരളത്തിലെ വനിതാ എഴുത്തുകാരുടെ കൂട്ടായ്മയായ പെണ്ണില്ലം എഴുത്തിടം പബ്ളിക്കേഷൻസ് ഷാർജാ പുസ്തകോത്സവത്തിൽ ഇക്കുറിയും പങ്കെടുക്കുമെന്ന് പെണ്ണില്ലം എഴുത്തിടം ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാൽപത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നൂറ്റിയൊന്ന് പേരുടെ നൂറ്റിയൊന്ന് പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്.
നവംബർ അഞ്ച് മുതൽ 16 വരെയുള്ള തീയ്യതികളിൽ ഷാർജയിൽ ഹാൾ നമ്പർ ഏഴിൽപെണ്ണില്ലം ബുക്സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. നവംബർ മൂന്ന് മുതൽ നവംബർ 20 വരെ പെണ്ണില്ലം എഴുത്തുകാർ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുള്ള എഴുതുകാരികളുടെ കൂട്ടായ്മയാണ് പെണ്ണില്ലം.
കണ്ണൂർ ആസ്ഥാനമാക്കിയുള്ള സംഘടനയുടെ സെക്രട്ടറി രാജി അരവിനും പ്രസിഡൻ്റ് ജി. ലേഖയുമാണ്. 2025ൽ പെണ്ണില്ലം ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. സാഹിത്യവേദി എന്ന പേരിൽ ഫെയ്സ്ബുക്ക് കൂട്ടായ്മയും നിലവിൽ വന്നു. തുടക്കക്കാരിയായ എഴുത്തുകാരികളുടെ അപ്രകാശിതമായ സൃഷ്ടികളാണ് പെണ്ണില്ലം പബ്ളിക്കേഷനിലുടെ പ്രസിദ്ധീകരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ രാജി അരവിന്ദൻ, സിന്ധു എൻ.ആർ, എം.എ ശൈലജ, നിഷ പ്രസൂൺ എന്നിവർ പങ്കെടുത്തു.