നാടിന്റെ വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പ്രധാന്യം; മന്ത്രി ഒ.ആർ കേളു
നാടിന്റെ വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും പഞ്ചായത്തുകൾ വഴിയാണ് ജനാധിപത്യം നാട്ടിൽ പുലരുന്നതെന്നും പട്ടികജാതി - പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു.
കണ്ണൂർ : നാടിന്റെ വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും പഞ്ചായത്തുകൾ വഴിയാണ് ജനാധിപത്യം നാട്ടിൽ പുലരുന്നതെന്നും പട്ടികജാതി - പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. പേരാവൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലടികോറയിൽ നിർമിച്ച ദുരന്ത നിവാരണ ഷെൽട്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തുകളിലെ ഗ്രാമസഭകൾ പഴയതുപോലെ സജീവമാകണമെന്നും നാടിന്റെ പുരോഗതിയിൽ ജനങ്ങൾക്ക് നേരിട്ട് ഇടപെടാനുള്ള അവസരമാണ് ഗ്രാമസഭകളെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിന് സൗജന്യമായി ലഭിച്ച 10 സെന്റ് സ്ഥലത്താണ് ഷെൽട്ടർ നിർമിച്ചത്. ദുരന്തങ്ങളുണ്ടായാൽ ഷെൽട്ടറായി ഉപയോഗിക്കുന്ന കെട്ടിടത്തിൽ വയോജന വിശ്രമ കേന്ദ്രവും ലൈബ്രറിയും പ്രവർത്തിക്കും. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ഷെൽട്ടർ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് 365 മീറ്റർ നീളത്തിൽ കോൺക്രീറ്റ് റോഡും നിർമിച്ചിട്ടുണ്ട്. 15 ലക്ഷം രൂപയാണ് റോഡിന്റെ നിർമാണ ചെലവ്. വൈദ്യുതീകരണത്തിനും കുടിവെള്ള സൗകര്യമൊരുക്കുന്നതിനുമായി അഞ്ച് ലക്ഷം രൂപയുടെ ടെണ്ടർ നടപടിയും പൂർത്തിയായിട്ടുണ്ട്.
തൊണ്ടി - കോറയിലെ സുവർണ ഭൂമിയിൽ നടന്ന പരിപാടിയിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ അധ്യക്ഷനായി. ഷെൽട്ടറിനായി സ്ഥലം വിട്ടുനൽകിയ മാണിക്കത്താഴെ ഈപ്പച്ചൻ, റോഡിനായി സ്ഥലം സംഭാവന ചെയ്ത ബേബി താഴത്തുവീട്ടിൽ, ലിസമ്മ മഠത്തിൽ, 2025 ലെ മിസ് കേരള ഫാഷൻ വിജയി സുവർണ ബെന്നി, എം.സി കുട്ടിച്ചൻ, കോൺട്രാക്ടർ വി.ഡി മത്തായി എന്നിവരെ പരിപാടിയിൽ ആദരിച്ചു. പേരാവൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ മുഖ്യാതിഥിയായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി ശരത്, റീന മനോഹരൻ, എം ശൈലജ, പഞ്ചായത്ത് അംഗങ്ങളായ കെ.വി ബാബു, രാജു ജോസഫ്, റെജീന സിറാജ്, ബേബി സോജ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എ രജീഷ്, കെ അർഷാദ്, അസിസ്റ്റന്റ് എഞ്ചിനീയർ പി സാജു, പേരാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, സംഘാടകസമിതി കൺവീനർ ഹരിദാസൻ ചേരുംപുരം എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.