ഓഡിറ്റോറിയങ്ങൾ പഞ്ചായത്തുകളുടെ തനത് വരുമാന മാർഗം: മന്ത്രി എം ബി രാജേഷ്
പരിയാരം:കേരളം സാമ്പത്തികമായി ഞെരുക്കം നേരിടുന്ന സാഹചര്യത്തിലും വികസന പ്രവർത്തനങ്ങൾ നടക്കുന്നത് കേരളത്തിന്റെ തനത് വരുമാനം വർദ്ധിപ്പിച്ചതിനാലാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുരയിൽ നിർമ്മാണം പൂർത്തിയാക്കിയ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങൾ വൈവിധ്യമാർന്ന പദ്ധതികൾ കൊണ്ടുവന്ന് തനത് വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഓഡിറ്റോറിയങ്ങൾ പഞ്ചായത്തിന്റെ തനത് വരുമാന മാർഗമാണെന്നും മന്ത്രി പറഞ്ഞു.
എം വിജിൻ എം എൽ എ അധ്യക്ഷനായി. മുൻ എംഎൽഎ ടി.വി രാജേഷ് മുഖ്യാതിഥിയായി.മുൻ എം എൽ എ ടി.വി രാജേഷിന്റെ ആസ്‌തിവികസന നിധിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചത്. നിലവിലുള്ള രണ്ട് നില ഷോപ്പിംഗ് കോംപ്ലക്‌സിന് മുകളിൽ മൂന്നാമത്തെ നിലയായാണ് കെട്ടിടം നിർമിച്ചത്. വിശാലമായ ഹാളിനൊപ്പം ഓഫീസ് റൂം, മൂന്ന് ടോയ്ലറ്റ്, ലിഫ്റ്റിനുള്ള അടിസ്ഥാന സൗകര്യം, സീലിംഗോടുകൂടിയ അലുമിനിയം സിങ്ക് ഷീറ്റ് മേൽക്കൂര എന്നിവയും ഉൾപ്പെടുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, വൈസ് പ്രസിഡന്റ് കെ മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം ടി തമ്പാൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി ഐ വത്സല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ കൈപ്രത്ത്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ പി പി ദാമോദരൻ, കെ പത്മനാഭൻ, ഇ പി ബാലകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ടി ഷിബു കരുൺ, പി പി പ്രകാശൻ, വി പി സുഭാഷ് ബാബു, എം പി ഉണ്ണികൃഷ്ണൻ, ടി രാജൻ, പി ടി ഗോവിന്ദൻ നമ്പ്യാർ, കെ കെ ആലിക്കുഞ്ഞി ഹാജി തുടങ്ങിയവർ പങ്കെടുത്തു.