കണ്ണൂർ മയ്യിലിൽ തെരുവ് നായ്ക്കൾക്കെതിരെ നടത്തിയ തെരുവ് നാടകത്തിനിടെ കലാകാരനെ തെരുവുനായ്ക്കൾ കടിച്ചു പരുക്കേൽപ്പിച്ചു

 

മയ്യിൽ : കണ്ടക്കൈയിൽ തെരുവുനായ ശല്യത്തിനെതിരായ തെരുവ് നാടകത്തിനിടെ നായയുടെ ആക്രമണം. മയ്യിൽ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച 'പേക്കോലം' എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവർത്തകൻ കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്.

മൈക്കിലൂടെ നായ കുരയ്ക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കൾ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. നാടകത്തിനിടെ നായ ആക്രമണമുണ്ടായപ്പോൾ അതും നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു കാണികൾ കരുതിയത്. 

പിന്നീട് അത് നാടകത്തിന്റെ ഭാഗമല്ലെന്നും തെരുവ് നായ ആക്രമണമാണെന്നും മനസിലാക്കിയ വായനാശാല പ്രവർത്തകർ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാടകം പൂർത്തിയാക്കിയ ശേഷമായിരുന്നു കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.