കൂത്തുപറമ്പിൽ ബൈക്കിലെത്തിയ യുവാവ് വീട്ടിൻ്റെ പിന്നാമ്പുറത്ത് നിന്ന് മീൻ മുറിക്കുകയായിരുന്ന വയോധികയുടെ കഴുത്ത് ഞെരിച്ചു സ്വർണ്ണമാല കവർന്നു

കൂത്തുപറമ്പിൽ വീട്ടിൽ കയറി വയോധികയുടെ സ്വർണ താലിമാല കവർന്നു. കൂത്തുപറമ്പ് കണിയാർ കുന്നിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ

 

കൂത്തുപറമ്പ് : കൂത്തുപറമ്പിൽ വീട്ടിൽ കയറി വയോധികയുടെ സ്വർണ താലിമാല കവർന്നു. കൂത്തുപറമ്പ് കണിയാർ കുന്നിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ സ്വർണ മാലയാണ് ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞത്. വീട്ടിൻ്റെ പുറകു വശത്ത് അടുക്കള ഭാഗത്ത് നിന്ന് കുനിഞ്ഞിരുന്ന് മീൻ വെട്ടുകയായിരുന്ന ജാനകിയുടെ പുറക് വശത്ത് എത്തിയ മോഷ്ടാവ് പുറകു വശത്തു നിന്ന് കഴുത്തിന് പിടിക്കുകയും മാല പൊട്ടിക്കുകയുമായിരുന്നു. 

ഏകദേശം ഒരു പവനിലേറെ വരുന്ന സ്വർണ മാലയാണ് നഷ്ടപ്പെട്ടത്. ഇതിൻ്റെ ഒരു ചെറിയ കഷ്ണം പിടിവലിക്കിടെ ജാനകിയുടെ കഴുത്തിൽ അവശേഷിച്ചു കിട്ടി. വയോധിക ബഹളമുണ്ടാക്കിയപ്പോൾ പെട്ടെന്ന് വീട്ടുമുറ്റത്തൂടെ ഓടി റോഡരികിൽ നിർത്തിയിരുന്ന ബൈക്കിൽ കയറി മോഷ്ടാവ് കടന്നു കളയുകയായിരുന്നു. ഹെൽമറ്റണി ഞ്ഞാണ് ഇയാൾ കവർച്ചയ്ക്കെത്തിയത്. 

പാൻ്റ്സും ഷർട്ടുമാണ് വേഷമെന്ന് ജാനകി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. അയൽവാസികളും ബന്ധുവും ജാനകിയുടെ കരച്ചിൽ കേട്ട് ഓടിയെത്തുമ്പോഴെക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. ഇയാളെ മറ്റാർക്കും കാണാൻ കഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് കുത്തുപറമ്പ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു വരികയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു. കൂത്തുപറമ്പ് നഗരത്തിനോട് ചേർന്നു കിടക്കുന്ന പ്രാന്തപ്രദേശമാണ് കണിയാർ കുന്ന്. ഈ പ്രദേശത്ത് ഇത്തരമൊരു കവർച്ച ആദ്യത്തെ സംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു.