കെ.എൽ.ജി.എസ്.എ കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ സസ്പെൻഡ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതം ; പ്രതിഷേധിച്ച് തളിപ്പറമ്പ് നഗരസഭയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും
കണ്ണൂർ : കേരള ലോക്കൽ സെൽഫ് ഗവ.സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ സസ്പെൻഡ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് തളിപ്പറമ്പ് നഗരസഭയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിഷേധിച്ചു.
കെ.എൽ.ജി.എസ്.എ ജില്ലാ പ്രസിഡണ്ട് വി.വി ഷാജിയുടെ സസ്പെൻഷൻ നടപടി എൽ ഡി എഫ് കൗൺസിലർമാരെ കൂട്ടുപിടിച്ച് ഭരണസമിതി അറിയാതെ തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയും, എൽ.എസ്.ജി.ഡി ജോയിൻ്റ് ഡയരക്ടറും ചേർന്ന് രാഷ്ട്രീയ പ്രേരിതമായി നടത്തിയതാണ്. ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിച്ചാണ് കെ.എൽ.ജി.എസ്.എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജീവനക്കാരും നഗരസഭ ഓഫസിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.കെ.എൽ.ജി.എസ്.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി. കൃഷ്‌ണൻ, ട്രഷറർ പി.മണിപ്രസാദ്, വൈസ് പ്രസിഡണ്ട് വി.പ്രേമരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.ടി നിഷാജ്, അജിതകുമാരി, ജില്ലാ ഭാരവാഹികളായ ഉദയകുമാർ, അനസ് കെ എൻ, അഫ്‌സില വി പി, പ്രീതിജ് എന്നിവർ സംസാരിച്ചു.