കെ.കെ.രാഗേഷിനെതിരെ മാനനഷ്ട കേസ് നൽകും: കണ്ണൂർ കോർപറേഷൻ മേയർ
തനിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കെ.കെ.രാഗേഷിന്റേത് വില കുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ പ്രതികരിച്ചു.കരാറിൽ പോലും ഏർപ്പെടാത്ത കമ്പനിയിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന സി പി എം ജില്ലാ സെക്രട്ടറിയുടെ വില കുറഞ്ഞ ആരോപണം സ്വബോധമുള്ള ആരും വിശ്വസിക്കുകയില്ല.
കണ്ണൂർ :തനിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കെ.കെ.രാഗേഷിന്റേത് വില കുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ പ്രതികരിച്ചു.കരാറിൽ പോലും ഏർപ്പെടാത്ത കമ്പനിയിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന സി പി എം ജില്ലാ സെക്രട്ടറിയുടെ വില കുറഞ്ഞ ആരോപണം സ്വബോധമുള്ള ആരും വിശ്വസിക്കുകയില്ല. വ്യക്തിപരമായിഅധിക്ഷേപിക്കും വിധം അഴിമതി ആരോപണം പരസ്യമായി ഉന്നയിച്ച കെ കെ രാഗേഷിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും, പണി തിരിച്ച് തരാൻ അറിയാമെന്നും മേയർ മുസലിഹ് മഠത്തിൽ വ്യക്തമാക്കി.
അമൃത് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മലിന ജല ശുദ്ധീകരണ പ്ലാന്റ് തികച്ചും സുതാര്യമായി ടെണ്ടർ വിളിച്ചു നടപ്പാക്കിയ പദ്ധതിയാണെന്നും അത്തരത്തിൽ ടെണ്ടർ നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് തിരഞ്ഞെടുത്ത കമ്പനിക്ക് അംഗീകാരം നൽകുന്നതിനായി വിഷയം സ്റ്റേറ്റ് ലെവൽ ടെക്നിക്കൽ കമ്മിറ്റി മുൻപാകെ സമർപ്പിച്ചിരിക്കെ പദ്ധതിയിൽ അഴിമതി ഉന്നയിക്കുന്നത് കണ്ണൂർ കോർപറേഷന്റെ വികസന പ്രവർത്തനങ്ങളെ തുരങ്കം വെക്കാനും അട്ടിമറിക്കാനുമാണെന്നും വളരെ വ്യക്തമാണ്.
ടെണ്ടർ അന്തിമമായി അംഗീകരിക്കുന്നതിന് മുന്നേ കോടികൾ കീശയിലാക്കിയെന്ന് പറയുന്നത് തന്നെ പോഴത്തമാണ്. പല ഉന്നതരും ഇരുന്ന ഈ പദവിയിൽ പൊട്ടത്തരം പറയുന്ന ഇദ്ദേഹം എങ്ങനെ ജില്ലാ സെക്രട്ടറി പദവിയിലെത്തിയെന്ന് സംശയിച്ച് പോവുകയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരിക്കെ നടത്തിയ അഴിമതിയുടെ അനുഭവത്തിലാണ് ഈ പ്രസ്താവന നടത്തിയതെന്ന് തോന്നുന്നു. തിരുവനന്തപുരത്ത് വിലസിയ ഇദ്ദേഹത്തെ എന്ത് കാരണത്തിലാണ് കണ്ണൂരിലെത്തിച്ചതെന്നഅരമന രഹസ്യം അങ്ങാടി പാട്ടാവാൻ ഇട വരുത്തണ്ടയെന്നു മാത്രമാണ് അദ്ദേഹത്തോട് പറയാനുള്ളത്.തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങൾ പ്രബുദ്ധരായ കണ്ണൂർ ജനത തള്ളിക്കളയുമെന്നു ഉറപ്പാണ്. രാഗേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്നും മേയർ അറിയിച്ചു.