തദ്ദേശ തിരഞ്ഞെടുപ്പ്; കണ്ണൂർ കലക്ടറേറ്റിൽ ലീപ് കേരള ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

 

കണ്ണൂർ :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി  വോട്ടർമാരെ ബോധവത്കരിക്കുന്നതിനും വോട്ടർ പട്ടിക പരിശോധനയ്ക്കുമായുള്ള ലീപ് കേരള വോട്ടർ ഹെൽപ്പ് ഡെസ്ക് കലക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു.  ലീപ് ഹെല്പ് ഡസ്ക് മുഖേന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാനും പുതുതായി പേര് ചേർക്കാനും സാധിക്കും. 

വോട്ടർ ബോധവത്ക്കരണ പരിപാടി, യോഗ്യരായവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക, തിരഞ്ഞെടുപ്പ് പങ്കാളിത്തത്തില്‍ യുവ വോട്ടര്‍മാരുടെ നിസ്സംഗത പരിഹരിക്കുക, തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യം വോട്ടര്‍മാരെ ഉദ്‌ബോധിപ്പിക്കുക തുടങ്ങിയവയാണ് ലീപ് ക്യാമ്പയിനിന്റെ ലക്ഷ്യം. തദ്ദേശ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിനമായ ഒക്ടോബർ 14 വരെ ഹെല്പ് ഡസ്ക് പ്രവർത്തിക്കും. 

അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ കെ ബിനി, എൽ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടർ ഡോ. എം സുർജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ് എന്നിവർ  പങ്കെടുത്തു. ലീപ് കേരള ജില്ലാ വിഭാഗം തയ്യാറാക്കിയ വോട്ടർ ബോധവത്കരണ വീഡിയോ പ്രകാശനം ബുധനാഴ്ച രാവിലെ 10.30ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർവഹിക്കും.