കണ്ണൂർകോർപറേഷൻ നിർമ്മിച്ച മൾട്ടി ലെവൽ പാർകിങ് കേന്ദ്രം കെ. സുധാകരൻ എം.പി നാടിന് സമർപ്പിച്ചു

കണ്ണൂർനഗരത്തിലെ വാഹന പാര്‍കിങിന് പരിഹാരമായി കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ച മള്‍ട്ടി ലെവല്‍ കാര്‍ പാര്‍കിങ് കേന്ദ്രം ഉദ്ഘാടനം കെ.സുധാകരൻ എം.പി നിർവഹിച്ചു
 

കണ്ണൂർ : കണ്ണൂർനഗരത്തിലെ വാഹന പാര്‍കിങിന് പരിഹാരമായി കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ച മള്‍ട്ടി ലെവല്‍ കാര്‍ പാര്‍കിങ് കേന്ദ്രം ഉദ്ഘാടനം കെ.സുധാകരൻ എം.പി നിർവഹിച്ചു. ജവഹര്‍ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപത്താണ്  മള്‍ട്ടിലവല്‍ പാര്‍ക്കിങ് കേന്ദ്രം ഒരുക്കിയത്.  നഗരത്തില്‍ വാഹനങ്ങള്‍ക്ക് ആവശ്യത്തിന് വാഹനം പാര്‍ക് ചെയ്യാന്‍ സ്ഥലമില്ലാത്ത പ്രശ്‌നം മള്‍ട്ടിലെവല്‍ പാര്‍കിങ് കേന്ദ്രത്തിലൂടെ ഒരു പരിധിവരെ പരിഹാരമായെന്ന് മേയര്‍ പറഞ്ഞു. 

വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് ജനങ്ങൾക്ക് മുന്നിൽ സധൈര്യം പോകുന്നതിന് ഈ ഭരണസമിതിക്ക് കഴിയുമെന്ന് മേയർ പറഞ്ഞു. ജവഹര്‍ സ്റ്റേഡിയത്തിനു സമീപം ആറു നിലകളിലായി നാലുയൂണിറ്റുകളാണ് പ്രവർത്തിക്കുക. ഓരോ നിലകളിലും 31വീതം കാറുകള്‍ പാര്‍ക്ക് ചെയ്യാം. കേന്ദ്രത്തില്‍ ഒരേസമയം 124 കാറുകള്‍ക്കും പാര്‍ക്ക് ചെയ്യാം. 

കരാര്‍ പുണെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള അതിനൂതന മള്‍ട്ടിലവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ കരാറെടുത്ത് പൂര്‍ത്തിയാക്കിയത്. 12.4 കോടി രൂപചെലവിലാണ് പാർകിങ് കേന്ദ്രങ്ങൾ നിർമിച്ചത് .

കണ്ണൂർ റെയിൽവേ സ്റ്റേഷനിലടക്കമെത്തുന്ന യാത്രക്കാർക്ക് കാർ പാർകിങ് കേന്ദ്രം ഏറെ ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ.രാഗേഷ്, പി.ഷമീമ , എം.പി.രാജേഷ്, വി.കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ , ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്,മുസ്ലിം ലീഗ്  ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, സി പി എം പ്രതിനിധി ഒ.കെ വിനീഷ്, എക്സിക്യൂട്ടീവ് എഞ്ചിനിയർ എം.സി ജസ്വന്ത്, കമ്പനി പ്രതിനിധി പരാഗ് എന്നിവർ പങ്കെടുത്തു.