യു.കെ സ്മാരക സ്തൂപം തകർത്തത് സമാധാന അന്തരീക്ഷം തകർക്കാൻ : കെ.കെ.രാഗേഷ്

നീർവേലി ആയിത്തറ റോഡരികിൽ  യു കെ കുഞ്ഞിരാമൻ അന്ത്യവിശ്രമം കൊള്ളുന്ന രക്തസാക്ഷി സ്തൂപം  ഇടിച്ചുതകർക്കുകയും കരി ഓയിലൊഴിച്ച് വികൃതമാക്കുകയും ചെയ്തതിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രതിഷേധിച്ചു.

 

കണ്ണൂർ :നീർവേലി ആയിത്തറ റോഡരികിൽ  യു കെ കുഞ്ഞിരാമൻ അന്ത്യവിശ്രമം കൊള്ളുന്ന രക്തസാക്ഷി സ്തൂപം  ഇടിച്ചുതകർക്കുകയും കരി ഓയിലൊഴിച്ച് വികൃതമാക്കുകയും ചെയ്തതിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രതിഷേധിച്ചു.തീർത്തും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നീർവേലിയിൽ ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചന കൂടി ഈ സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാടിന്റെ സമാധാനം തകർക്കുന്നവർക്കെതിരെ മുഴുവനാളുകളും ശക്തമായ പ്രതിഷേധമുയർത്തണം. 

തലശ്ശേരി കലാപത്തിൽ സ്വത്തും മറ്റും നഷ്ടപ്പെട്ട നിരവധി പേരുണ്ടെങ്കിലും മനുഷ്യജീവൻ നഷ്ടപ്പെട്ട ഒരേയൊരു പാർട്ടി സിപിഐ എമ്മാണ്. മെരുവമ്പായി പള്ളി തകർക്കാനുള്ള ആർഎസ്എസ് പദ്ധതി തടയാൻ പള്ളിക്ക് കാവൽ നിന്നതിനാണ് യു കെ കുഞ്ഞിരാമനെ ആർഎസ്എസ്സുകാർ കൊന്നത്. അന്ന് അവിഭക്ത മാങ്ങാട്ടിടം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന യു കെ, വർഗീയകലാപസമയത്ത് മുസ്ലീംന്യൂനപക്ഷത്തിന് ആർഎസ്എസ്സുകാരിൽ നിന്നും സംരക്ഷണം നൽകാൻ രൂപീകരിച്ച സ്‌ക്വാഡിന്റെ നേതാവുമായിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടിട്ട് അരനൂറ്റാണ്ടുപിന്നിട്ടിട്ടും ആ ഓർമകൾ ചിലരെ അലോസരപ്പെടുത്തുന്നു എന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഈ അക്രമമെന്നും രാഗേഷ് ചൂണ്ടിക്കാട്ടി.