'കൈത്തറി കോൺക്ലേവ് 2025' ഒക്ടോബർ 16 ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
കേരളത്തിലെ കൈത്തറി മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി വ്യവസായ വകുപ്പ് ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽസ് ഡയറക്ടറേറ്റുമായി ചേർന്ന് ഒക്ടോബർ 16 ന് 'കൈത്തറി കോൺക്ലേവ് 2025' സംഘടിപ്പിക്കുന്നു.
കണ്ണൂർ: കേരളത്തിലെ കൈത്തറി മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി വ്യവസായ വകുപ്പ് ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽസ് ഡയറക്ടറേറ്റുമായി ചേർന്ന് ഒക്ടോബർ 16 ന് 'കൈത്തറി കോൺക്ലേവ് 2025' സംഘടിപ്പിക്കുന്നു.
കണ്ണൂർ റബ്‌കോ ആഡിറ്റോറിയത്തിൽ നടക്കുന്ന ഏകദിന കോൺക്ലേവ് രാവിലെ 10 ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.
എംപിമാരായ കെ. സുധാകരൻ, സന്തോഷ്‌കുമാർ, എംഎൽഎമാരായ കെ കെ ഷൈലജ ടീച്ചർ, കെ പി മോഹനൻ, സണ്ണി ജോസഫ്, കെ വി സുമേഷ്, ടി ഐ മധുസൂദനൻ, സജീവ് ജോസഫ്, എം വിജിൻ എന്നിവർ പങ്കെടുക്കും.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് സ്വാഗതം ആശംസിക്കും.
വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.വ്യവസായ വകുപ്പ് സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറും കയർ വികസന ഡയറക്ടറുമായ ആനി ജൂല തോമസ്, സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ, പത്മശ്രീ പി. ഗോപിനാഥൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
'കൈത്തറി-പുതിയ കാലം പുതിയ സമീപനം', 'കൈത്തറി മേഖല-വെല്ലുവിളികളും ബദൽ മാർഗങ്ങളും' തുടങ്ങിയ വിഷയങ്ങളിൽ നടക്കുന്ന സെഷനുകളിൽ കയറ്റുമതിക്കാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, കൈത്തറി സഹകരണ സംഘം പ്രതിനിധികൾ തുടങ്ങിയവർ മേഖലയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ച്ചപ്പാടുകൾ പങ്കുവെയ്ക്കും.
കൈത്തറി വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽസ് ഡയറക്ടർ ഡോ. കെ എസ് കൃപകുമാർ അവതരണം നടത്തും.