കണ്ണൂരിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറക് വിരിയുന്നു ; കരിമ്പത്ത് കില ക്യാമ്പസിൽ  സ്റ്റേഡിയത്തിനും സ്പോർട്സ് കോംപ്ലക്സിനും ധനാനുമതി ലഭിച്ചു

കരിമ്പത്ത് കില ക്യാമ്പസിൽ നിർമിക്കുന്ന ജില്ലാ സ്റ്റേഡിയം, സ്പോർട്സ് കോംപ്ലക്സ് എന്നിവയ്ക്ക് ‌ കിഫ്‌ബി ബോർഡിന്റെ ധനാനുമതി. 

 

തളിപ്പറമ്പ്‍ : കരിമ്പത്ത് കില ക്യാമ്പസിൽ നിർമിക്കുന്ന ജില്ലാ സ്റ്റേഡിയം, സ്പോർട്സ് കോംപ്ലക്സ് എന്നിവയ്ക്ക് ‌ കിഫ്‌ബി ബോർഡിന്റെ ധനാനുമതി.  സ്പോർട്സ് കേരള ഫൗണ്ടേഷൻ (എസ്‌കെഎഫ്‌) സമർപ്പിച്ച 45 കോടി രൂപയുടെ വിശദപദ്ധതി രേഖക്കാണ്‌ കിഫ്‌ബി അംഗീകാരം നൽകിയത്‌.  എസ്‌കെഎഫ്‌ സാങ്കേതികാനുമതി ഈ മാസം 25 നുള്ളിൽ ലഭ്യമാക്കുന്നതോടെ ടെണ്ടർ നടപടികളിലേക്കും കടക്കും. 

നടപടികൾ പൂർത്തിയാക്കി ജനുവരിയോടെ നിർമാണപ്രവൃത്തി ആരംഭിക്കാനും വേഗത്തിൽ സ്‌റ്റേഡിയം നിർമാണം പൂർത്തിയാക്കാനും കായിക വകുപ്പ് മന്ത്രി അബ്ദു റഹ്‌മാൻ, എം വി ഗോവിന്ദൻ  മാസ്റ്റർ എം എൽ എ, കായിക വകുപ്പ് ഉദ്യോഗസ്ഥർ, കിഫ്‌ബി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തുകൊണ്ട് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ തീരുമാനമായി. 

കരിമ്പത്തെ കില ക്യാമ്പസിനായി പുതുതായി നിർമിക്കുന്ന അക്കാദമിക് കോളേജിനോട് ചേർന്നാണ് 10 ഏക്കർ സ്ഥലം സ്‌റ്റേഡിയം നിർമാണത്തിന്‌  കില കൈമാറിയത്. ഇവിടെയാണ്  സ്പോർട്സ് കേരള ഫൗണ്ടേഷൻ നേരത്തെ സർക്കാരിന്‌ സമർപ്പിച്ച 45 കോടിരൂപയുടെ പദ്ധതി എസ്റ്റിമേറ്റ്‌ പ്രകാരം നിർമാണത്തിന്  കിഫ്ബിയിൽ നിന്നും അനുമതിയായത്. അന്താരാഷ്ട്ര നിലവാരത്തോടെ ഉയരുന്ന സ്റ്റേഡിയത്തിൽ ദേശീയ, അന്തർദേശീയ ഫുട്ബോൾ മത്സരങ്ങൾ നടത്താൻ സാധിക്കും. 

എട്ട്‌  ലൈൻ 400  മീറ്റർ സിന്തറ്റിക് ട്രാക്ക് ആൻഡ് ഫുട്‌ബോൾ ടർഫ്, പവലിയൻ ഗാലറി, ഇൻഡോർ സ്‌റ്റേഡിയം, കായിക താരങ്ങൾക്ക്‌ വിശ്രമിക്കാനും താമസിക്കാനുമുള്ള സ‍ൗകര്യമുൾപ്പെടെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് –ഹോസ്‌റ്റൽ ബ്ലോക്ക് എന്നിവയുമുണ്ടാകും. സ്‌റ്റേഡിയത്തിന്‌ ചുറ്റും ഇന്റർലോക്ക്‌ വിരിക്കുന്നതിനൊപ്പം ഫ്‌ളഡ്‌ലൈറ്റുകളുകളും സ്ഥാപിക്കും.  
സാങ്കേതികാനുമതികൂടി ലഭ്യമാകുന്നതോടെ സ്‌റ്റേഡിയം നിർമാണം തുടങ്ങുന്നതിന്‌ മണ്ണ്‌ മാറ്റുന്നതുൾപ്പെടെയുള്ള പണികൾ ആരംഭിക്കാനാകും. 

മലബാറിന്റെ കായിക വികസനത്തിന്‌ നവോന്മേഷം പകരുന്ന ചുവടുവയ്‌പാണ്‌ കില ക്യാമ്പസിൽ ഒരുങ്ങുന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയവും സ്‌പോർട്‌സ്‌ കോംപ്ലക്‌സും. ജില്ലയിൽ തന്നെ ഏറ്റവും വലിയ സ്‌റ്റേഡിയമാകുമിത്‌.  വിവിധ കായിക മത്സരങ്ങൾക്ക്‌ സ്‌റ്റേഡിയം വേദിയാവുന്നതോടെ ഇ‍ൗ മേഖലയിലെ അടിസ്ഥാന വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനും ഇത്‌ വലിയ മുതൽകൂട്ടാകുമെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു .