തളിപ്പറമ്പിൽ രക്ഷാപ്രവർത്തനത്തിൽ വീഴ്ച്ചയില്ലെന്ന് ഫയർഫോഴ്സ് : എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിനാൽ തീയണക്കാൻ കഴിഞ്ഞുവെന്ന് വിശദീകരണം
തളിപ്പറമ്പിലെ തീയണക്കാൻ സർക്കാർ സംവിധാനങ്ങൾക്കോ അഗ്നിശമനസേനക്കോ ഒരു തരത്തിലുള്ള അപര്യാപ്തതയും കാര്യക്ഷമതക്കുറവും അനുഭവപ്പെട്ടിരുന്നില്ലെന്ന് അഗ്നിശമനകേന്ദ്രങ്ങൾ അറിയിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പിലെ തീയണക്കാൻ സർക്കാർ സംവിധാനങ്ങൾക്കോ അഗ്നിശമനസേനക്കോ ഒരു തരത്തിലുള്ള അപര്യാപ്തതയും കാര്യക്ഷമതക്കുറവും അനുഭവപ്പെട്ടിരുന്നില്ലെന്ന് അഗ്നിശമനകേന്ദ്രങ്ങൾ അറിയിച്ചു.സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാൻ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷൻ അഡ്വ.സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.5.15 ന് വിവരം ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീകെടുത്താനുള്ള നടപടിക്രമങ്ങൽ ആരംഭിച്ചിരുന്നു.
പിന്നീടാണ് മറ്റ് യൂണിറ്റുകളിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയത്.ജീവൻപോലും പണയപ്പെടുത്തിയാണ് ജയ ഫാഷൻ ജ്വല്ലറിയിൽ ഓക്‌സിജൻ മാക്‌സ് ധരിച്ച് കയറി സ്വത്തുവകകൾ പുറത്തെടുക്കാൻ സാധിച്ചത്.തളിപ്പറമ്പ് അഗ്നിശമനനിലയത്തിന് കീഴിൽ കാക്കത്തോട്, നഗരസഭ ഓഫീസിന് സമീപം, നാടുകാണി, പട്ടുവം, ധർമ്മശാല, കൂനം, കാഞ്ഞിരങ്ങാട് എന്നിവിടങ്ങളിൽ ദുരന്തനിവാരണ ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ ചെലവിൽ വെള്ളം ശേഖരിക്കാനുള്ള ഫയർഹൈഡ്രന്റുകൾ സ്ഥാപിക്കാൻ വർഷങ്ങൾക്ക്മുമ്പേ തന്നെ വാട്ടർ അതോറിറ്റിക്ക് ഫണ്ട് അനുവദിച്ചിരുന്നു.എന്നാലിത് പ്രാവർത്തികമായിട്ടില്ല.
കൂടാതെ നഗരത്തിൽ മാർക്കറ്റ് റോഡിലും മുതുകുട ഓയിിൽ മില്ലിലും തീപിടുത്തം ഉണ്ടായപ്പോൾ തന്നെ സ്ഥാപനങ്ങളിൽ ഫയർ എസ്റ്റിംങ്ങ്യൂഷർ സംവിധാനം ഏർപ്പെടുത്തണമെന്ന് വ്യാപാരികളോട് നിർദ്ദേശിച്ചിരുന്നുവെന്ന് അഗ്നിശമനസേന കേന്ദ്രങ്ങൾ പറഞ്ഞു.ഇന്നലെ തീ ആദ്യം പടർന്ന കെട്ടിടത്തിൽ ഫയർ എസ്റ്റിംങ്യൂഷർ ഉണ്ടായിരുന്നെങ്കിൽ വളരെ പെട്ടെന്ന് തന്നെ തീയണക്കാൻ സാധിക്കുമായിരുന്നു.മാത്രമല്ല, കെ.വി.കോംപ്ലക്‌സ് എന്ന വ്യാപാരസമുച്ചത്തിന്റെ അശാസ്ത്രീയമായ നിർമ്മിതികാരണം കെട്ടിടത്തിന് പിറകിലൂടെ എത്തി തീയണക്കാനും അഗ്നിശമനസേനക്ക് സാധിച്ചില്ലെന്ന വിശദീകരണമുണ്ട്.
തളിപ്പറമ്പ് തീപിടിത്തത്തിൽ കടകൾ കേസെടുത്ത് പൊലിസ് അന്വേഷണമാരംഭിച്ചു. കെ. വി കോംപ്ളക്സ് ഉടമ പി.പി മുഹമ്മദ് റിഷാദിൻ്റെ പരാതിയിലാണ് കേസെടുത്തത്. തീ പടർന്നത് കെട്ടിടത്തിൻ്റെ മുൻവശമുള്ള ട്രാൻസ്ഫോർമറിൽ നിന്നാണെന്ന സംശയമാണ് പരാതി പറയുന്നത്. ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വ്യാപാരികൾ പരാതിയിൽ പറയുന്നു. അൻപത് കടകളാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരത്തെ കെ.വി കോംപ്കളസിൽ കത്തി നശിച്ചത്.