സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം : പരിയാരം മെഡി. കോളേജ് ഐ.സി.യുവിൽ നേഴ്‌സുമാർ ഏറ്റുമുട്ടി

രണ്ട് ജീവനക്കാരികളും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നു

 

പരിയാരം: പരിയാരം മെഡി. കോളേജിൽ അത്യാസന്ന നിലയിൽ രോഗികൾ ചികിത്സയിൽ കഴിയുന്ന തീവ്രപരിചരണവിഭാഗത്തിൽ നേഴ്സു‌മാർ തമ്മിൽ ഏറ്റുമുട്ടി. സ്റ്റാഫ് നേഴ്സ്‌സ് റോഷ്‌നിയും നേഴ്സിംഗ് അസി. റിനിയുമാണ് ഇന്നലെ വൈകുന്നേരം ഏറ്റുമുട്ടിയത്. രണ്ട് ജീവനക്കാരികളും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതുസംബന്ധിച്ച തർക്കമാണത്രെ ആദ്യം വാക്കേറ്റത്തിലും പിന്നീട് ഉന്തും തള്ളിലും മർദനത്തിലും കലാശിച്ചത്.

ഐ.സി.യുവിലെ ഉപകരണങ്ങൾ ഉൾപ്പെടെയെടുത്ത് അക്രമിക്കാൻ തുനിഞ്ഞത് മറ്റ് ജീവനക്കാർ ഇടപെട്ടാണ് തടഞ്ഞത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഇരുവരെയും പിടിച്ചുമാറ്റിയതോടെയാണ് രംഗം ശാന്തമായത്. നിരവധി രോഗികൾ ഈസമയം തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്നു. അവർ സംഭവം ആശങ്കയോടെയും നിസഹായതയോടെയുമാണ് നോക്കിനിന്നത്.രണ്ടുപേരും അത്യാഹിതവിഭാഗത്തിൽ ചികിത്സതേടി.

അവിടെ ഇരുവർക്കും മർദനമേറ്റ കാര്യം രേഖപ്പെടുത്തിയെങ്കിലും പോലീസിന് വിവരം കൈമാറിയിട്ടില്ല. പോലീസിൽ വിവരമെത്തിയാൽ സ്ഥാപനത്തിന് നാണക്കേടാണെന്നതിനാൽ ഉന്നതർ ഇടപെട്ട് വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തുകയാണ്.