കണ്ണൂർ കോർപറേഷന് മുൻപിൽ ബി.ജെ.പി നടത്തിയ ഉപരോധത്തിനെതിരെ വിമർശനം

കണ്ണൂർ കോർപറേഷനു മുൻപിൽ ബി.ജെ.പി നടത്തിയ ഉപരോധത്തിനെതിരെ ശക്തമായ വിമർശനമുന്നയിച്ചു മേയറും ഭരണകക്ഷി അംഗങ്ങളും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂരാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി ചൊവ്വാഴ്ച്ച രാവിലെ കോർപറേഷൻ കവാടത്തിൽ നടത്തിയ ഉപരോധ സമരത്തെ വിമർശിച്ചു

 


കണ്ണൂർ : കണ്ണൂർ കോർപറേഷനു മുൻപിൽ ബി.ജെ.പി നടത്തിയ ഉപരോധത്തിനെതിരെ ശക്തമായ വിമർശനമുന്നയിച്ചു മേയറും ഭരണകക്ഷി അംഗങ്ങളും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂരാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി ചൊവ്വാഴ്ച്ച രാവിലെ കോർപറേഷൻ കവാടത്തിൽ നടത്തിയ ഉപരോധ സമരത്തെ വിമർശിച്ചു രംഗത്തുവന്നത്. സമരത്തിൻ്റെ പേരിൽ മുന്നറിയിപ്പില്ലാതെയാണ് ബി.ജെ.പി ഉപരോധ സമരം നടത്തിയതെന്നും ജീവനക്കാരെയും ഡെപ്യുട്ടി മേയറെയും ഗേറ്റിൽ തടഞ്ഞത് ജനാധിപത്യ മര്യാദയല്ലെന്നും ഇതിനെതിരെ കോർപറേഷൻ പൊലി സിൽ പരാതി നൽകണമെന്നും സുരേഷ് ബാബു ചൂണ്ടിക്കാട്ടി.

ഇതിനെ അനുകൂലിച്ചു ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിരയും രംഗത്തുവന്നു. ജനാധിപത്യ മര്യാദ മറന്നുള്ള സമരമാണ് ബി.ജെ.പി നടത്തിയതെന്നും ഈ കാര്യം പൊലിസ് അധികൃതരെ ധരിപ്പിച്ചിട്ടുണ്ടെന്നും മേയർ മുസ്ലിഹ് മഠത്തിൽപറഞ്ഞു. ഇതോടെ സംഭവത്തിൽ വിശദീകരണം അറിയിക്കുന്നതിനായി ബി.ജെ.പിയുടെ ഏക കൗൺസിലർ വി.കെ ഷൈജു ഇരിപ്പിടത്തിൽ നിന്നുഎഴുന്നേറ്റ് നിന്നെങ്കിലും ഈ കാര്യത്തിൽ ചർച്ച വേണ്ടെന്ന് മേയർ അറിയിച്ചതോടെ പിൻവാങ്ങുകയായിരുന്നു. പതിവുപോലെ ഇക്കുറിയും കോർപറേഷൻ എൻജിനിയറിങ് വിഭാഗം ഫയലുകൾ വെച്ചു താമസിപ്പിക്കുന്നതിലും പ്രവൃത്തി പൂർത്തീകരണത്തിൽ കാണിക്കുന്ന അമാന്തവും ചൂടേറിയ ചർച്ചയായി മാറി. ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര സിവിൽ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരുടെ അനാസ്ഥയെ കുറിച്ചു അതിരൂക്ഷമായ വിമർശനമാണ് നടത്തിയത്. കോർപറേഷൻ സെക്രട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിമർശനം.

ജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ് നിങ്ങൾക്ക് ശമ്പളം നൽകുന്നതെന്ന് ഓർക്കണമെന്നും ഡെപ്യുട്ടി മേയർ ചൂണ്ടിക്കാട്ടി. അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഉടൻ ഫയൽ എടുപ്പിച്ച് ഇപ്പോൾ തീരുമാനമെടുക്കണമെന്ന് പി.കെ.രാഗേഷ് പറഞ്ഞു. കഴിഞ്ഞ 4 വർഷമായി തുടരുന്ന അനാസ്ഥ ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ വാർഡുകളിൽ പ്രവൃത്തി മുടങ്ങിയതിനെ കുറിച്ചായിരുന്നു പ്രതിപക്ഷ കൗൺസിലർ മരായ അഡ്വ. അൻവറിനും എൻ.ഉഷയ്ക്കും പറയാനുണ്ടായിരുന്നത് ഉദ്യോഗസ്ഥർ കാരണം ഭരണ പ്രതിസന്ധിയുണ്ടായെന്ന വികാരമാണ് ഭരണകക്ഷി അംഗങ്ങളും തങ്ങളുടെ വാർഡിൽ വികസനം മുടങ്ങിയെന്ന പരിദേവനമണ് പ്രതിപക്ഷ അംഗങ്ങളും ഒരേപ്പോലെ പ്രകടിപ്പിച്ചത്.