കൊലക്കേസ് പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് സിപിഎം-ബിജെപി ധാരണയിൽ: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂരില്‍ സിപിഎമ്മുകാരും ബിജെപി-ആര്‍.എസ്.എസ് പ്രവര്‍ത്തകരും  പ്രതികളാകുന്ന കൊലപാതക കേസുകളിലും വധശ്രമ കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഇരു പാർട്ടികളുടെയും നേതൃതലത്തിലെ ധാരണയുടെ ഭാഗമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

 

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎമ്മുകാരും ബിജെപി-ആര്‍.എസ്.എസ് പ്രവര്‍ത്തകരും  പ്രതികളാകുന്ന കൊലപാതക കേസുകളിലും വധശ്രമ കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഇരു പാർട്ടികളുടെയും നേതൃതലത്തിലെ ധാരണയുടെ ഭാഗമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.
ഏറ്റവുമൊടുവില്‍ മാഹി ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരെ വെറുതെ വിട്ടിരിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ഒണിയന്‍ പ്രേമൻ  വധ കേസിലെ പ്രതികളായ ബിജെപി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും വെറുതെ വിട്ടിരുന്നു.

പ്രമാദമായ ഇത്തരം കേസുകളിൽ സാക്ഷികളാക്കപ്പെടുന്ന പാർട്ടി പ്രവർത്തകരുടെ മൊഴികൾ തന്നെയാണ് പ്രൊസിക്യൂഷൻ്റെ വാദമുഖങ്ങൾ ദുർബലമാക്കുന്നത്. ഇതിനു പിന്നിൽ സി പി എം , ബി ജെ പി നേതൃതലത്തിലെ ധാരണയാണെന്ന് സംശയിക്കേണ്ട സ്ഥിതിയാണ്.     യഥാര്‍ഥ കൊലയാളികളെ പ്രതികളാക്കാതെ പാര്‍ട്ടി നേതൃത്വങ്ങള്‍ പറയുന്നതിനനുസരിച്ച് പ്രതിപ്പട്ടിക തയ്യാറാക്കുന്ന രീതികളും കണ്ണൂരിലുണ്ട്. കോടതിയില്‍ കേസ് തള്ളിപ്പോകാനുള്ള എല്ലാ പഴുതുകളും നേരത്തേ ഒരുക്കിവെച്ചാണ് ഇത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ നേതൃതലങ്ങളില്‍ നടക്കുന്നത്. സമീപകാലത്തെ പല കേസുകളിലും ഇത്തരം ധാരണകള്‍ പകല്‍ പോലെ വ്യക്തമാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റേയും ബിജെപിയുടേയും നേതാക്കള്‍ തമ്മിലുള്ള ധാരണയില്‍  രക്തസാക്ഷി, ബലിദാനി കുടുംബങ്ങളും സാധാരണ പ്രവര്‍ത്തകരുമാണ് ചതിക്കപ്പെടുന്നത്. കൊലക്കേസുകളിലടക്കം പ്രതിചേര്‍ക്കപ്പെടുന്നവരെ കോടതികളില്‍ നിന്നും കുറ്റവിമുക്തരാക്കി വീരപരിവേഷം നല്‍കി അതിനെ ആഘോഷമാക്കുന്നത് സമൂഹത്തിനു നല്‍കുന്ന സന്ദേശം ഭീകരമാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.