‘അനന്തു അജിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകം’ : വി കെ സനോജ്

അനന്തു അജിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സനോജ്.

 

കണ്ണൂർ : അനന്തു അജിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സനോജ്. ആർ എസ് എസ്സാണ് അനന്തുവിൻ്റെ മരണത്തിന് കാരണം. അന്വേഷണം വേഗത്തിൽ പൂർത്തീകരിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും അദ്ദേഹം പറഞ്ഞു.

ഗൗരവകരമായ സംഭവമായിട്ടും ആർ എസ് എസ് നേതൃത്വം പ്രതികരിക്കുന്നില്ല. നിലപാട് വിശദീകരിക്കാൻ ആർ എസ് എസ് നേതൃത്വം തയ്യാറാകണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു. ബാലഗോകുലത്തിലൂടെയും ശാഖയിലൂടെയും ക്രിമിനൽ വാസന വളർത്തുകയാണ്. ക്രിമിനലുകളെ വളർത്തിയെടുക്കുന്ന കേന്ദ്രമാണ് ശാഖകൾ. മക്കൾ ശാഖയിൽ പോകാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം.

സംസ്ഥാന വ്യാപകമായി ആർ എസ് എസ്സിനെ തുറന്നുകാട്ടാൻ പ്രചരണം നടത്തുമെന്നും വി കെ സനോജ് പറഞ്ഞു.
അതേസമയം, ഹിജാബ് വിഷയത്തിൽ കോൺഗ്രസ്സ് കുത്തിത്തിരിപ്പുണ്ടാക്കുന്നു. വർഗീയത ആളിക്കത്തിക്കാൻ വിഡി സതീശൻ്റെ ഓഫീസിൽ നിന്നയച്ച ഏജൻ്റാണ് വക്കീൽ. സ്‌കൂളുകളിൽ ശിരോവസ്ത്രം ധരിച്ച് പോകുന്നത് സാധാരണമാണ്. വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ പക്വതയോടെ ഇടപെട്ടു. ഹിജാബ് ചർച്ചയാക്കുന്നത് മതപരമായ വേർതിരിവ് ഉണ്ടാക്കാനാണ് എന്നും വി കെ സനോജ് അഭിപ്രായപ്പെട്ടു.