റെയ്ഡ്കോയിൽ കാർഷികാനുബന്ധ നൂതന സംരഭങ്ങൾക്ക് തുടക്കമായി
അതിജീവനത്തിനായി നൂതന സംരഭങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് റെയ്ഡ് കോ.കൃഷിയുടെ ആനുകൂല്യം പറ്റാതെ ഒരു മനുഷ്യനും ദിവസങ്ങൾ പോലും ഈ ഭൂമിയിൽ ജീവിക്കാൻ പറ്റില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.
കണ്ണൂർ : അതിജീവനത്തിനായി നൂതന സംരഭങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് റെയ്ഡ് കോ.കൃഷിയുടെ ആനുകൂല്യം പറ്റാതെ ഒരു മനുഷ്യനും ദിവസങ്ങൾ പോലും ഈ ഭൂമിയിൽ ജീവിക്കാൻ പറ്റില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. റെയ്ഡ് കോയുടെ കാർഷികാനുബന്ധ നൂതന സംരഭങ്ങൾ കണ്ണോത്തുംചാൽ റെയ്ഡ് കോ ഫെസിലിറ്റി സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിൽ നടക്കുന്ന യുദ്ധങ്ങൾ മനുഷ്യർക്ക് അതിജീവിക്കാൻ കഴിയും. എന്നാൽ യുദ്ധങ്ങളുണ്ടാക്കുന്ന പട്ടിണിയിൽ വിശന്നു മരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
ഗാസയിൽ കുഞ്ഞുങ്ങൾ പട്ടിണികൊണ്ടു മരിക്കുന്ന ദൃശ്യങ്ങൾ ലോകത്തെ തന്നെ ഞെട്ടിച്ചതാണെന്ന് പി.പ്രസാദ് പറഞ്ഞു. പരിപാടിയിൽ റെയ്ഡ് കോ ചെയർമാൻ എം. സുരേന്ദ്രൻ അദ്ധ്യക്ഷനായി. റെയ്ഡ് കോ ബ്രാൻഡ് മട്ട അരിയും മന്ത്രി വിപണിയിലിറക്കി ഉദ്ഘാടനം ചെയ്തു. വിദേശ കയറ്റുമതിക്കുള്ള ഓർഡർ സ്കൈലൈൻഎം.ഡി എം മുഹമ്മദ്, എം.കെ അരുൺ രാജ് എന്നിവർ മന്ത്രിക്ക് കൈമാറി. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വി. രതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കാർഷിക യന്ത്രോപകരണങ്ങളുടെ ഷോറും സർവ്വീസ് സെൻ്റർ, റെയ്ഡ് കോയുടെ പുതിയ മോഡൽ പമ്പ് സെറ്റുകൾ, മില്ലറ്റ് ഫ്ളെയ്ക്സ്, എന്നിവയുടെ വിപണനോദ്ഘാടനം കെ.പി മോഹനൻ എം.എൽ.എ നിർവഹിച്ചു. ന്യൂട്രിമിക്സ് അസംസ്കൃത വസ്തുക്കളുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രത്നകുമാരിയും ബയോ ഫെർട്ടിലൈസർ വിപണനോദ്ഘാടനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. എൻജ്യോതികുമാരിയും നിർവഹിച്ചു. നഴ്സറി തൈകൾ, അത്യുൽപ്പാദന ശേഷിയുടെ ഫലവൃക്ഷ തൈകൾ വിത്ത്, ജൈവവളം, പ്രകൃതി സൗഹൃദ കീടനാശിനികൾ, കാർഷിക ഉപകരണങ്ങൾ എന്നിവയെല്ലാം ഒരു കുടകീഴിലാവുന്നതാണ് സംരഭം .