ഉടുമ്പൻചോല ഗവ. ആയുർവേദ മെഡിക്കൽ കോളേജ്: ആയുർവേദ പഠന മേഖലയിലും ജില്ലയ്ക്ക് പുത്തൻ സാധ്യതകൾ
ചികിത്സാരംഗത്ത് മാത്രമല്ല ജില്ലയിൽ ആയുർവേദ ചികിത്സാപഠന മേഖലയിലും ഉടുമ്പൻചോല ഗവ. ആയുർവേദ മെഡിക്കൽ കോളേജ് സാധ്യമാക്കുന്നത് വലിയ സാധ്യതകൾ. കോളേജ് പ്രവർത്തനം തുടങ്ങുന്നതോടെ എട്ട് സ്്‌പെഷ്യാലിറ്റി വിഭാഗങ്ങളിലായി 100 വിദ്യാർഥികൾക്കാണ് വർഷം തോറും പ്രവേശനം ലഭിക്കുക. സർക്കാർ മേഖലയിൽ സംസ്ഥാനത്തെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജാണ് ഉടുമ്പൻചോലയിൽ യാഥാർഥ്യമാകുന്നത്.
ഇടുക്കി : ചികിത്സാരംഗത്ത് മാത്രമല്ല ജില്ലയിൽ ആയുർവേദ ചികിത്സാപഠന മേഖലയിലും ഉടുമ്പൻചോല ഗവ. ആയുർവേദ മെഡിക്കൽ കോളേജ് സാധ്യമാക്കുന്നത് വലിയ സാധ്യതകൾ. കോളേജ് പ്രവർത്തനം തുടങ്ങുന്നതോടെ എട്ട് സ്്‌പെഷ്യാലിറ്റി വിഭാഗങ്ങളിലായി 100 വിദ്യാർഥികൾക്കാണ് വർഷം തോറും പ്രവേശനം ലഭിക്കുക. സർക്കാർ മേഖലയിൽ സംസ്ഥാനത്തെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജാണ് ഉടുമ്പൻചോലയിൽ യാഥാർഥ്യമാകുന്നത്.
സ്വാസ്ത്യരക്ഷണ (പ്രവന്റീവ് കെയർ ആന്റ് ലൈഫ്‌സ്‌റ്റൈൽ മാനേജ്‌മെന്റ്), കായചികിത്സ (ഇന്റേണൽ മെഡിസിൻ), ശല്യതന്ത്ര (ശസ്ത്രക്രിയ മാനേജ്‌മെന്റ്), ശാലക്യതന്ത്ര നേത്രം (നേത്രരോഗ വിഭാഗം), ശാലക്യതന്ത്ര കെ. എൻ. എം (ഒട്ടോറിനോളറിംഗോളജി), പ്രസുതിതന്ത്ര സ്ത്രീരോഗ (ഗൈനക്കോളജി), കൗമാരഭൃത്യ (പീഡിയാട്രിക്‌സ)്, പഞ്ചകർമ്മ, വിഷചികിത്സ എന്നീ ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങളാണ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുക. ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ആഴ്ച പ്രവർത്തനോദ്ഘാടനം നിർവഹിച്ച ആയുർവേദ കോളേജിന്റെ ഒ.പി വിഭാഗം അന്ന് തന്നെ സേവനം തുടങ്ങി. ആദ്യഘട്ടത്തിൽ പ്രസുതിതന്ത്ര, ശല്യതന്ത്ര, കായ ചികിത്സ എന്നീ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണ് ആരംഭിച്ചത്.
പുതിയ ആയുർവേദ മെഡിക്കൽ കോളേജ് സ്ഥാപിച്ച് 100 വിദ്യാർഥികളുടെ പ്രവേശനം സാധ്യമാക്കുന്നതിന് നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്റെ (എൻ.സി.ഐ.എസ്.എം) അംഗീകാരത്തോടെ ആദ്യഘട്ടത്തിൽ 50 കിടക്കകളുള്ള ആശുപത്രിയാണ് ആരംഭിക്കുന്നത്. മാട്ടുതാവളത്ത് അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാകുന്നത് വരെ താൽക്കാലിക സംവിധാനത്തിൽ പ്രവർത്തിക്കും. ആശുപത്രി താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങുന്നതിനും ഫർണിച്ചർ, ഔഷധങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും 2.19 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇടുക്കി വികസന പാക്കേജിൽ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് ആശുപത്രി ഒ.പി. വിഭാഗം കോംപ്ലക്‌സ് നിർമ്മിക്കുന്നത്.
പ്ലാനിംഗ് ബോർഡ് ആയുഷ് വിഭാഗത്തിനായി രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പ് ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത പരിഗണിച്ച് സർക്കാർ ഉടമസ്ഥതയിൽ ആയുർവേദ മെഡിക്കൽ കോളേജ് തുടങ്ങുന്നതിന് ശുപാർശ ചെയ്തിരുന്നു. തുടർന്ന് 2021ൽ ഉടുമ്പൻചോലയിൽ മാട്ടുതാവളത്തുള്ള 20.85 ഏക്കർ സ്ഥലം എം. എം. മണി എം. എൽ.. എയുടെ നേതൃത്വത്തിൽ കണ്ടെത്തി.
വിശാലമായ സ്ഥലത്ത് ആയുർവേദ സസ്യങ്ങൾ കൃഷി ചെയ്യുന്നതടക്കമുള്ള പദ്ധതികൾ ആയുഷ് വകുപ്പിന്റെ ആലോചനയിലുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ ജില്ലയിൽ വിദേശ സഞ്ചാരികളെയടക്കം കേരളത്തിന്റെ തനത് ചികിത്സാ വിഭാഗത്തിലേയ്ക്ക് ആകർഷിക്കാമെന്ന സാധ്യതയുമുണ്ട്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഉടുമ്പൻചോലയിൽ അയൽ സംസ്ഥാനത്ത് നിന്നുള്ളവർക്കും ചികിത്സ സാധ്യമാണ്.