വനിതാ സഞ്ചാരികൾക്ക് സുരക്ഷിത താമസമൊരുക്കി പള്ളിവാസലിൽ ഷീ ലോഡ്ജ്

മാതൃകാപരമായ പ്രവർത്തനങ്ങളാണ് പള്ളിവാസൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നതെന്ന് അഡ്വ. എ. രാജ എംഎൽഎ. പള്ളിവാസൽ ഗ്രാമപഞ്ചായത്ത്  രണ്ടാമൈലിൽ നിർമ്മാണം പൂർത്തികരിച്ച ഷീ ലോഡ്‌ജിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

ഇടുക്കി : മാതൃകാപരമായ പ്രവർത്തനങ്ങളാണ് പള്ളിവാസൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നതെന്ന് അഡ്വ. എ. രാജ എംഎൽഎ. പള്ളിവാസൽ ഗ്രാമപഞ്ചായത്ത്  രണ്ടാമൈലിൽ നിർമ്മാണം പൂർത്തികരിച്ച ഷീ ലോഡ്‌ജിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങളും പദ്ധതികളും നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് പള്ളിവാസൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും നടപ്പിലാക്കിയിരിക്കുന്നത്. മൂന്നാറിലേക്ക് എത്തുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് ഷീ ലോഡ്‌ജിൽ സ്വതന്ത്രമായി താമസിക്കുവാൻ സാധിക്കും. കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു പഞ്ചായത്ത് ഷീ ലോഡ്‌ജ് എന്ന ആശയം നടപ്പിലാക്കുന്നതെന്നും ഈ നേട്ടത്തിൽ പള്ളിവാസൽ ഗ്രാമപഞ്ചായത്തിന് അഭിമാനിക്കാമെന്നും എംഎൽഎ പറഞ്ഞു.

വനിതാ വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്നതിനോടൊപ്പം തദ്ദേശീയരായിട്ടുള്ള വനിതകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് ഷീ ലോഡ്‌ജിൻ്റെ നിർമ്മാണം പഞ്ചായത്ത് നടപ്പാക്കിയത്. ഒന്നരക്കോടി ചെലവഴിച്ചാണ് പഞ്ചായത്ത് ഷീ ലോഡ്‌ജ് നിർമ്മിച്ചിരിക്കുന്നത്.

ഷീ ലോഡ്‌ജിന്റെ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മിനി ലാലു, അഭിലാഷ് സി. എസ്, പള്ളിവാസൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.