പുതിയ വസ്ത്രം നേരിട്ട് ധരിക്കല്ലേ! അറിയാതെ പോയാൽ പണി കിട്ടും

പുതിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷവും ആത്മവിശ്വാസവും ഒന്നു വേറെ തന്നെയാണ്; അതൊരു പ്രത്യേക അനുഭവം തന്നെയാണ്. അന്ന് ദിവസം മുഴുവൻ നിങ്ങളെ വളരെ പോസിറ്റീവായി നിലനിർത്താൻ ആ വസ്ത്രങ്ങൾക്ക് സാധിച്ചേക്കും.

 

പുതിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷവും ആത്മവിശ്വാസവും ഒന്നു വേറെ തന്നെയാണ്; അതൊരു പ്രത്യേക അനുഭവം തന്നെയാണ്. അന്ന് ദിവസം മുഴുവൻ നിങ്ങളെ വളരെ പോസിറ്റീവായി നിലനിർത്താൻ ആ വസ്ത്രങ്ങൾക്ക് സാധിച്ചേക്കും. പുതിയ വസ്ത്രങ്ങളുടെ പുതുമയും സുഗന്ധവും മാറാതെ തന്നെ ഉടൻ ധരിക്കാനാണ് മിക്കവരും ആഗ്രഹിക്കാറുള്ളത്. അതുകൊണ്ട് തന്നെ വാങ്ങിയ ഉടൻ തന്നെ പലരും അവ കഴുകാറില്ല. എന്നാൽ, ഇത് ശരിയായ ഒരു ശീലമാണോ? വസ്ത്രങ്ങൾ കഴുകിയാൽ അവയുടെ ആകർഷണീയത കുറയുമെന്നും ആദ്യത്തെ അലക്കലോടെ തന്നെ പുതുമ നഷ്ടപ്പെടുമെന്നുമാണ് പലരുടെയും ധാരണ. എന്നാൽ, നമ്മൾ വാങ്ങുന്ന പുതിയ വസ്ത്രങ്ങളുടെ യഥാർത്ഥ ശുചിത്വത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വളരെ ദൂരം സഞ്ചരിച്ചാണ് ഇവ നമ്മുടെ കൈകളിൽ എത്തുന്നത്. ഫാക്ടറികളും വെയർഹൗസുകളും മുതൽ ഷിപ്പിംഗ് കണ്ടെയ്നറുകളും റീട്ടെയിൽ ഷെൽഫുകളും വരെ ഇതിൽ പെടുന്നു. ഇങ്ങനെയെത്തുന്ന വസ്ത്രം നിരവധി കൈകളിലൂടെയും കടന്നുപോകുന്നു. അവയിൽ പൊടിയും അഴുക്കും ബാക്ടീരിയകളും പറ്റിപ്പിടിക്കാൻ സാധ്യത ഏറെയാണ്. ഇനി നിങ്ങൾ ഒരു കടയിൽ നിന്നാണ് വസ്ത്രം വാങ്ങുന്നതെങ്കിൽ, അത് ആദ്യമായി ധരിക്കുന്നത് നിങ്ങളാകാൻ സാധ്യതയില്ല. പലരും ട്രയൽ നോക്കിയ വസ്ത്രങ്ങളാകാം അത്. മറ്റൊരാളുടെ ചർമ്മത്തിൽ സ്പർശിച്ച വസ്ത്രം നേരിട്ട് ധരിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് പറയേണ്ടതില്ലല്ലോ.

വസ്ത്രങ്ങൾ നിർമ്മിക്കുമ്പോൾ അവയുടെ നിറവും മൃദുത്വവും നിലനിർത്താൻ കെമിക്കലുകൾ ഉപയോ​ഗിക്കാറുണ്ട്. ഇവ കളയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ധരിക്കുന്നതിന് മുമ്പ് പുതിയ വസ്ത്രങ്ങൾ കഴുകുന്നത് നല്ലതാണ്.

വസ്ത്രം നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ നിങ്ങളുടെ ചർമ്മത്തിൽ അസ്വസ്ഥതകളുണ്ടാക്കാൻ കാരണമാകുമെന്ന് ഗുരുഗ്രാമിലെ മാരെൻഗോ ഏഷ്യ ഹോസ്പിറ്റൽസിലെ ഡെർമറ്റോളജി സീനിയർ കൺസൾട്ടന്റായ ഡോ. പ്രിയങ്ക ഹെംരാജനി പറയുന്നു. “വസ്ത്രങ്ങളിലെ രാസവശിഷ്ടങ്ങൾ ചർമ്മവുമായി നേരിട്ട് സമ്പർക്കത്തിൽ വരുമ്പോൾ, പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മമുള്ളവരിൽ അലർജിയും ചൊറിച്ചിലും വരാൻ സാധ്യതയുണ്ട്.

ചർമ്മരോഗങ്ങളുള്ളവർക്ക് ഇത് കാര്യമായി ബാധിക്കും. സെൻസിറ്റീവ് ചർമ്മമുള്ളവർ, എക്സിമ അല്ലെങ്കിൽ അലർജി ഉള്ളവർ എന്നിവർ പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് തീർച്ചയായും കഴുകണം. ശരീരത്തോട് ഒട്ടിനിൽക്കുന്ന വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, വ്യായാമം ചെയ്യുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ എന്നിവ കഴുകി ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇവ വിയർപ്പുമായി ചേർന്ന് ചർമ്മത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട്.

എന്നാൽ പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് കഴുകേണ്ടത് അത്യാവശ്യമായ ഒരു കാര്യമല്ല. പക്ഷേ ഇത് ഒരു എളുപ്പ ചർമ്മസംരക്ഷണ ശീലമായി കരുതുന്നത് നല്ലതാണ്. ചില കോട്ടുകൾ, ജാക്കറ്റുകൾ അല്ലെങ്കിൽ പ്രത്യേക ചടങ്ങുകൾക്ക് ധരിക്കുന്ന വിലകൂടിയ വസ്ത്രങ്ങൾ എന്നിവ കഴുകിയാൽ അവയുടെ ഫിനിഷ് നഷ്ടപ്പെട്ടേക്കാം. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് കുറച്ചുനേരം വെയിലത്തോ കാറ്റത്തോ ഇട്ട് വായുസഞ്ചാരം ഉറപ്പാക്കുകയോ അല്ലെങ്കിൽ ഉള്ളിൽ മറ്റൊരു വസ്ത്രം ധരിക്കുകയോ ചെയ്യാം.