ചെറുപ്രായത്തിലേ തലനരയ്ക്കുകയാണോ? 

ശരീരത്തിലെ വൈറ്റമിൻ ബി 12 ന്റെ അഭാവം അകാലനരയ്ക്ക് കാരണമാകാം. മെലാനിൻ ഉത്പാദിപ്പിക്കുന്ന മെലനോസൈറ്റുകൾ കൃത്യമായി പ്രവർത്തിക്കാൻ വൈറ്റമിൻ ബി 12 അത്യന്താപേക്ഷിതമാണ്
 


പലപ്പോഴും നമ്മൾ തലനരയ്ക്കുന്നതിന്റെ കാരണമായി കാണുന്നത് ടെൻഷനും ഉത്ഖണ്ഠയുമാണ്. എന്നാൽ ചിലസാഹചര്യങ്ങളിൽ പോഷകക്കുറവ് മൂലവും തല നരയ്ക്കാം. മുടിക്ക് നിറം നൽകുന്ന മെലാനിൻ ഉല്പാദിപ്പിക്കാൻ ആവശ്യമായ പോഷകങ്ങൾ ശരീരത്തിലില്ലെങ്കിൽ അകാലനരയുണ്ടാകാം. നരച്ച മുടിയെ പഴയപോലെയാക്കാൻ സാധിക്കില്ലെങ്കിലും ഈ പോഷകങ്ങൾ ശരീരത്തിലുണ്ടെങ്കിൽ നര മന്ദഗതിയിലാക്കാൻ സഹായിക്കും.

ശരീരത്തിലെ വൈറ്റമിൻ ബി 12 ന്റെ അഭാവം അകാലനരയ്ക്ക് കാരണമാകാം. മെലാനിൻ ഉത്പാദിപ്പിക്കുന്ന മെലനോസൈറ്റുകൾ കൃത്യമായി പ്രവർത്തിക്കാൻ വൈറ്റമിൻ ബി 12 അത്യന്താപേക്ഷിതമാണ്. മുട്ട, പാൽ ഉത്പന്നങ്ങൾ, ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വൈറ്റമിൻ ബി 12 ശരീരത്തിന് ലഭിക്കാൻ സഹായിക്കും. രോമങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനു വൈറ്റമിൻ ഡി വളരെ ആവശ്യമാണ്. വൈറ്റമിൻ ഡി ശരീരത്തിന് വേണ്ടുവോളം ലഭിക്കാൻ സൂര്യപ്രകാശം കൊള്ളുകയോ കൊഴുപ്പുള്ള മത്സ്യം, പാൽ, മുട്ടയുടെ മഞ്ഞക്കരു എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുകയോ ആവാം.

വൈറ്റമിൻ ബി 7 അല്ലെങ്കിൽ ബയോട്ടിനും അകാലനര കുറയ്ക്കാൻ സഹായിക്കുന്ന പോഷകമാണ്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഇലക്കറികൾ, മുട്ട എന്നിവയിൽ ധാരാളം ബയോട്ടിന് അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി 5 ന്റെ കുറവ് നര വേഗത്തിലാക്കുന്നതാണ്. മുട്ട, അവക്കാഡോ, പയറുവർഗങ്ങൾ എന്നിവ കഴിച്ചാൽ ശരീരത്തിന് വൈറ്റമിൻ ബി 5 ലഭിക്കും. ചെമ്പ്, സിങ്ക്, ഇരുമ്പ് എന്നീ പോഷകങ്ങളും നര കുറയ്ക്കാൻ സഹായിക്കും. കൊഴുപ്പ് കുറഞ്ഞ മാംസം, ഇലക്കറികൾ എന്നിവ ഈ പോഷകങ്ങൾ ശരീരത്തിന് നൽകും.