മഴക്കാലമാണ്, ശ്രദ്ധവേണം; ഇഴജന്തുക്കളെ പ്രതിരോധിക്കാൻ ഇതാ ചില വഴികൾ..

മഴക്കാലത്ത് വീടും പരിസരവും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. കാരണം മഴ ശക്തമാകുന്നതോടെ മാളങ്ങൾ ഇല്ലാതാകുന്ന ഇഴജന്തുക്കൾ സുരക്ഷിതമായ വാസസ്ഥലം അന്വേഷിച്ച് വീടുകളിലേക്കടക്കം കയറിക്കൂടാൻ സാധ്യത ഏറെയാണ്.
 

മഴക്കാലത്ത് വീടും പരിസരവും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. കാരണം മഴ ശക്തമാകുന്നതോടെ മാളങ്ങൾ ഇല്ലാതാകുന്ന ഇഴജന്തുക്കൾ സുരക്ഷിതമായ വാസസ്ഥലം അന്വേഷിച്ച് വീടുകളിലേക്കടക്കം കയറിക്കൂടാൻ സാധ്യത ഏറെയാണ്. മഴക്കാലത്ത് പാമ്പുകൾക്ക് വീടിനും പരിസരത്തും അനുകൂലമായ സാഹചര്യം നാം ഒരുക്കാതിരിക്കുകയാണ് വേണ്ടത്. 

പൊത്തുകൾ, മാളങ്ങൾ എന്നിവ വീടിന് സമീപത്ത് ഉണ്ടെങ്കിൽ അത് അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെയും ചപ്പുചവറുകൾ കൂട്ടിയിടാതെയും നോക്കണം. കരിയില, മരക്കഷ്ണം, തൊണ്ട് എന്നിവിടങ്ങളിലെല്ലാം പാമ്പുകൾ കയറി ഇരിക്കാനുള്ള സാധ്യത ഏറെയാണ്. വള്ളി ചെടികൾ വെട്ടിമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വള്ളികളിലൂടെ പാമ്പുകൾ ചുറ്റികിടക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റൊന്ന്, വള്ളി ചെടികളിലൂടെ പാമ്പുകൾ അകത്തേയ്ക്ക് കയറുന്നതിനും ഇടയാക്കും.

മഴക്കാലത്ത് ചെരുപ്പുകൾക്കുള്ളിൽ പാമ്പുകൾ ചുരുണ്ടു കൂടിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഷൂസ് ഉപയോ​ഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച് ഇഴജന്തുക്കൾ ഒന്നും തന്നെ അകത്ത് കയറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുക. വാഹനങ്ങൾ എടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. കാരണം, തണുത്ത അന്തരീക്ഷത്തിൽ സ്‌കൂട്ടറിലും കാറിലുമൊക്കെ പാമ്പുകൾ പതുങ്ങിയിരിക്കാം. പാമ്പുകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാകാണം വാഹനം എടുക്കേണ്ടത്. 

അതുപോലെ പ്രധാനമാണ് വസ്ത്രങ്ങൾ കുന്നു കൂട്ടിയിടാതെ നോക്കേണ്ടത് . കാരണം, പലപ്പോഴും കൂട്ടിയിട്ട വസ്ത്രങ്ങളിൽ പാമ്പുകൾ ചുരുണ്ടു കൂടിക്കിടക്കാനുള്ള സാധ്യത കൂടുതലാണ്. ഇഴജന്തുക്കൾ വരാതിരിക്കാൻ ശ്രദ്ധിക്കുന്നതിനോടൊപ്പം തന്നെ ഇവയെ പ്രതിരോധിക്കാൻ ചില പൊടിക്കൈകളും നമുക്ക് പരീക്ഷിക്കാം.

പാമ്പുകളെ അകറ്റി നിർത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് വെളുത്തുള്ളിയും സവാളയും. കാരണം, അവയിൽ സൾഫോണിക് ആസിഡ് എന്നറിയപ്പെടുന്ന ഒരു ഘടകം (sulfonic acid) അടങ്ങിയിരിക്കുന്നു. വെളുത്തുള്ളിയുടെയും സവാളയുടെയും ഗന്ധം പാമ്പുകളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളി നീരും വെള്ളവും ചേർത്ത് വീടിന് ചുറ്റും സ്പ്രേ ചെയ്യുന്നത് പാമ്പുകളെ അകറ്റി നിർത്തുന്നതിന് സഹായിക്കും. മറ്റൊന്ന് സവാള നീര് വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുന്നതും പാമ്പുകൾ അകറ്റാൻ സഹായിക്കുന്നു.  

പ്രാണികളെയും ഇഴജന്തുകളെയും അകറ്റി നിർത്താനുള്ള മറ്റൊരു മാർ​ഗമാണ് ചെണ്ടുമല്ലി ചെടി. ഇവ കൊതുകുകളെ അകറ്റാൻ ഉപയോഗിക്കുന്നു. ചെണ്ടുമല്ലിയിൽ നിന്നുള്ള ഗന്ധമാണ് ഇഴജന്തുക്കളെയും മൃഗങ്ങളെയും അകറ്റി നിർത്തുന്നത്. നട്ടുവളർത്താൻ എളുപ്പമുള്ള ഇവയ്ക്ക് പതിവായി സൂര്യനും ഈർപ്പമുള്ള മണ്ണും ആവശ്യമാണ്. ചെണ്ടുമല്ലി പോലുള്ള ചെടികൾ വീടിന്റെ അതിരുകളിൽ വച്ച് പിടിപ്പിക്കാവുന്നതാണ്. ഈ പൂക്കളുടെ ഗന്ധം പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നതാണ്.

ഗ്രാമ്പൂവും കറുവപ്പട്ടയും എന്നിവ പാമ്പുകളെ അകറ്റുന്നതിന് സഹായിക്കുന്നു. ​ഗ്രാമ്പൂവും കറുവപ്പട്ടയും ചേർത്ത വെള്ളം വീടിന് ചുറ്റും തളിക്കുന്നതും പാമ്പുകളെ അകറ്റി നിർത്തുന്നു. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ വെള്ളം സ്പ്രേ ചെയ്യുന്നത് പാമ്പുകളുടെ ശല്യം അകറ്റുന്നു.