ഭക്ഷണം ഫ്രിഡ്ജിൽ വെച്ച് വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!
ബാക്കിയാകുന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് പിന്നീട് ചൂടാക്കി കഴിക്കുന്നത് ഇന്ന് മിക്ക വീടുകളിലെയും പതിവാണ്. ഭക്ഷണം പാഴാകാതിരിക്കാനുള്ള നല്ലൊരു മാർഗമാണിത്. എന്നാൽ എല്ലാ ഭക്ഷണങ്ങളും വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല.
ബാക്കിയാകുന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് പിന്നീട് ചൂടാക്കി കഴിക്കുന്നത് ഇന്ന് മിക്ക വീടുകളിലെയും പതിവാണ്. ഭക്ഷണം പാഴാകാതിരിക്കാനുള്ള നല്ലൊരു മാർഗമാണിത്. എന്നാൽ എല്ലാ ഭക്ഷണങ്ങളും വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. ചില ഭക്ഷണങ്ങൾ ഒന്നിലധികം തവണ ചൂടാക്കുമ്പോൾ അവയുടെ പോഷകഗുണങ്ങൾ കുറയുകയും ചിലപ്പോൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് രണ്ടാമതും മൂന്നാമതും ചൂടാക്കി കഴിക്കുന്നതിന് മുമ്പ് ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് അറിയേണ്ടത് പ്രധാനമാണ്.
രണ്ട് തവണയിൽ കൂടുതൽ ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ചോറ്
മിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് ഉപയോഗിച്ച് ബാക്കി വരുന്ന ചോറ് തിളപ്പിച്ച് വീണ്ടും ഉപയോഗിക്കുന്നത്. തുറന്ന പാത്രത്തിൽ കുറേ സമയം ചോറ് വച്ചാൽ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ ഉണ്ടാകുന്നു. എത്ര തവണ ചൂടാക്കിയാലും ഈ ബാക്ടീരിയ പൂർണമായി നശിക്കണമെന്നില്ല. ഇതിലൂടെ വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഏറ്റവും നല്ല മാർഗം അരി വേവിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കുക എന്നതാണ്.
ചീര, ബീറ്റ്‌റൂട്ട്
ചീരയും ബീറ്റ്‌റൂട്ടും പോലുള്ള ഇലവർഗങ്ങളിൽ ധാരാളം നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ആവർത്തിച്ച് ചൂടാക്കുമ്പോൾ നൈട്രേറ്റുകൾ നൈട്രൈറ്റുകളായി മാറുന്നു. ഇത് ശരീരത്തിന് ദോഷകരമായി ബാധിക്കും. അതുകൊണ്ടാണ് പുതിയതായി പാചകം ചെയ്ത പച്ചക്കറികൾ കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്.
മാംസം / ചിക്കൻ
ചിക്കനിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ പ്രോട്ടീനുകളുടെ ഘടനയിൽ മാറ്റം വരികയും അത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഊഷ്മാവിൽ വെച്ച ചിക്കൻ വീണ്ടും വീണ്ടും ചൂടാക്കുന്നതിന് പകരം ഫ്രിഡ്ജിൽ വെച്ചതിന് ശേഷം ഒരിക്കൽ മാത്രം ചൂടാക്കുന്നതാണ് നല്ലത്.
മുട്ട
പുഴുങ്ങിയതോ പൊരിച്ചതോ ആയ മുട്ട വീണ്ടും ചൂടാക്കുന്ന രീതി ഒഴിവാക്കണം. കാരണം മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ആവർത്തിച്ച് ചൂടാക്കുമ്പോൾ വിഷാംശമുള്ളതായി മാറാനുള്ള സാധ്യത എറെയാണ്. മുട്ട വിഭവങ്ങൾ ഉണ്ടാക്കിയ ഉടൻ തന്നെ കഴിക്കുന്നതാണ് ഏറ്റവും ഉചിതമായ വഴി.