ചെറിയ കാര്യങ്ങൾ മറക്കും, പഴയ നാണക്കേടുകൾ മനസ്സിൽ കിടക്കും! എന്താണ് കാരണം?
പത്തുവർഷം മുമ്പ് ഒരു ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് പറ്റിയ ചെറിയൊരു അബദ്ധം ഇന്നും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നമ്മളെ വേട്ടയാടാറുണ്ട്. എന്നാൽ തൊട്ടടുത്ത മുറിയിലേക്ക് എന്തിനാണ് വന്നതെന്ന് ഓർത്തെടുക്കാൻ നമ്മൾ പലപ്പോഴും പാടുപെടുന്നു.
പത്തുവർഷം മുമ്പ് ഒരു ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് പറ്റിയ ചെറിയൊരു അബദ്ധം ഇന്നും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നമ്മളെ വേട്ടയാടാറുണ്ട്. എന്നാൽ തൊട്ടടുത്ത മുറിയിലേക്ക് എന്തിനാണ് വന്നതെന്ന് ഓർത്തെടുക്കാൻ നമ്മൾ പലപ്പോഴും പാടുപെടുന്നു. നമ്മുടെ ഓർമ്മശക്തിയുടെ ഈ വിചിത്രമായ വൈരുദ്ധ്യം നമ്മെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മസ്തിഷ്കത്തിന്റെ ഈ വിചിത്ര സ്വഭാവം ബുദ്ധിശക്തിയുടെ കുറവല്ലെന്നും മറിച്ച് വിവരങ്ങളെ തരംതിരിക്കുന്നതിലെ മുൻഗണനയുടെ ഫലമാണെന്നും ആണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ കോഗ്നിറ്റീവ് ആന്റ് ബിഹേവിയറൽ ന്യൂറോളജി വിദഗ്ധ ഡോ. അന്നു അഗർവാൾ ആണ് ഈ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ വിശദീകരിച്ചത്. നമ്മുടെ മസ്തിഷ്കം ഓർമ്മകളെ ശേഖരിക്കുന്നത് അവയുമായി ബന്ധപ്പെട്ട വികാരങ്ങളുടെ തീവ്രത കണക്കിലെടുത്താണ്. ഒരു സന്ദർഭത്തിൽ നമ്മൾ അങ്ങേയറ്റം നാണിക്കുകയോ, ഭയപ്പെടുകയോ, അല്ലെങ്കിൽ സന്തോഷിക്കുകയോ ചെയ്യുമ്പോൾ തലച്ചോറിലെ വികാരങ്ങളെ കൈകാര്യം ചെയ്യുന്ന ‘അമിഗ്ഡല’ (Amygdala) എന്ന ഭാഗം അതീവ സജീവമാകുന്നു.
ഈ ഭാഗം ഉടൻ തന്നെ ദീർഘകാല ഓർമ്മകളുടെ കേന്ദ്രമായ ‘ഹിപ്പോകാമ്പസിനോട്’ ആ സന്ദർഭം അതീവ പ്രധാനപ്പെട്ടതാണെന്നും അത് മായ്ക്കരുതെന്നും നിർദ്ദേശം നൽകുന്നു. ഈ ‘ഇമോഷണൽ ടാഗിംഗ്’ ഉള്ളതുകൊണ്ടാണ് വർഷങ്ങൾ കഴിഞ്ഞാലും ആ പഴയ അസ്വസ്ഥമായ ഓർമ്മകൾ ഇന്നലത്തെപ്പോലെ തെളിഞ്ഞുനിൽക്കുന്നത്.
അതേസമയം, ഒരു മുറിയിൽ നിന്നും മറ്റൊന്നിലേക്ക് കടക്കുമ്പോൾ ലക്ഷ്യം മറന്നുപോകുന്നതിനെ ‘ഡോർവേ ഇഫക്റ്റ്’ (എന്നാണ് ശാസ്ത്രം വിളിക്കുന്നത്. നമ്മുടെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് തലച്ചോറിലെ ‘വർക്കിംഗ് മെമ്മറി’ ആണ്. ഇത് വളരെ ചുരുങ്ങിയ സമയം മാത്രമേ വിവരങ്ങൾ സൂക്ഷിച്ചുവെക്കുകയുള്ളൂ.
നമ്മൾ ഒരു വാതിൽ കടന്ന് പുതിയ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, തലച്ചോറ് അതുവരെയുള്ള താൽക്കാലിക വിവരങ്ങളെ ഡിലീറ്റ് ചെയ്യുകയും പുതിയ സാഹചര്യത്തെ പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.ഒരു കമ്പ്യൂട്ടർ പ്രോഗ്രാം റീസെറ്റ് ചെയ്യുന്നത് പോലെയാണിത്. പരിണാമപരമായ അതിജീവനത്തിനായി പ്രധാനപ്പെട്ട പാഠങ്ങൾ ഓർത്തു വെക്കാനും നിസ്സാരമായവയെ അവഗണിക്കാനും നമ്മുടെ മസ്തിഷ്കം ശീലിച്ചതിന്റെ ഫലമാണിതെന്നാണ് വിദഗ്ധർ പറയുന്നത്.