സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങുമ്പോള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണേ...

 

മുഖം തിളങ്ങുന്നതും ഭംഗിയുള്ളതുമായിരിക്കാൻ ഏവരും ആഗ്രഹിക്കുന്നതാണ്. ചര്‍മ്മം, വൃത്തിയായും അഴകായും ഇരിക്കുന്നതിലൂടെയാണ് നമുക്ക് മുഖഭംഗിയും കൂട്ടാൻ സാധിക്കൂ. ഇതിനാണെങ്കില്‍ അല്‍പമൊരു ശ്രദ്ധ മുഖത്തെ സ്കിന്നിന് നല്‍കിയേ മതിയാകൂ.

കൃത്യമായൊരു സ്കിൻ കെയര്‍ റുട്ടീൻ പാലിക്കുകയെന്നതാണ് ഇതിനായി ആദ്യം ചെയ്യാവുന്ന കാര്യം. സ്കിൻ കെയര്‍ റുട്ടീനിലേക്ക് കടക്കുമ്പോള്‍ നിങ്ങള്‍ പല ഉത്പന്നങ്ങളും തെരഞ്ഞെടുത്ത് വാങ്ങേണ്ടി വരും.

ഇങ്ങനെ സ്കിൻ കെയര്‍ റുട്ടീനില്‍ തെരഞ്ഞെടുക്കുന്ന ഉത്പന്നങ്ങളില്‍ ഒരു കാര്യം നിങ്ങള്‍ കഴിയുന്നതും ശ്രദ്ധിക്കുക. 'ഹയലൂറോണിക് ആസിഡ്' അടങ്ങിയ ഉത്പന്നങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് വാങ്ങിക്കുക. ഇത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാം.

നമ്മുടെ ശരീരത്തില്‍ പ്രകൃതിദത്തമായി തന്നെ 'ഹയലൂറോണിക് ആസിഡ്' അടങ്ങിയിട്ടുള്ളതാണ്. ചര്‍മ്മത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനും ഇതിലൂടെ ചര്‍മ്മം ചെറുപ്പമുള്ളതാക്കി വയ്ക്കുന്നതിനുമെല്ലാം സഹായകമായിട്ടുള്ളൊരു ഘടകമാണ് 'ഹയലൂറോണിക് ആസിഡ്'.

എന്നാല്‍ പ്രായം കൂടുംതോറും നമ്മുടെ ശരീരത്തില്‍ 'ഹയലൂറോണിക് ആസിഡ്'  അളവ് കുറഞ്ഞുവരും. ഇത് സ്വാഭാവികമായും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ദോഷമായി ബാധിക്കും. ചര്‍മ്മത്തില്‍ ചുളിവുകള്‍, തിളക്കമില്ലായ്മയെല്ലാം സംഭവിക്കുന്നതിന് 'ഹയലൂറോണിക് ആസിഡ്' അളവ് കുറയുന്നത് കാരണമാകുന്നു.

ഇതുകൊണ്ടാണ് 'ഹയലൂറോണിക് ആസിഡ്'  അടങ്ങിയ ഉത്പന്നങ്ങള്‍ തന്നെ തെരഞ്ഞെടുക്കാൻ നിര്‍ദേശിക്കുന്നത്. ഇത് ചര്‍മ്മത്തെ പല രീതിയിലാണ് പോസിറ്റീവായി സ്വാധീനിക്കുക.

ചര്‍മ്മത്തില്‍ ജലാംശം പിടിച്ചുനിര്‍ത്താനും, പ്രായമായി എന്ന പ്രതീതി ഒഴിവാക്കാനും, ചര്‍മ്മത്തെ ചെറുപ്പമുള്ളതാക്കി നിര്‍ത്തുന്നതിനും, ചര്‍മ്മത്തിന്‍റെ 'ക്വാളിറ്റി' തന്നെ കൂട്ടുന്നതിനും, ചര്‍മ്മത്തില്‍ പറ്റിയിട്ടുള്ള കേടുപാടുകള്‍ പെട്ടെന്ന് പരിഹരിക്കപ്പെടാനും, സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തിനേല്‍ക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനും, തിളക്കം കൂട്ടുന്നതിനുമെല്ലാം 'ഹയലൂറോണിക് ആസിഡ്'  സഹായിക്കുന്നു.

ഇത്തരത്തില്‍ 'ഹയലൂറോണിക് ആസിഡ്'  അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് പതിവാക്കണം. അപ്പോഴാണ് നല്ല ഫലം കിട്ടുക.