മനോഹരമായ നഖങ്ങള്‍ സ്വന്തമാക്കാം; ഇതാ എട്ട് ടിപ്സ്...

 

ചര്‍മ്മം സംരക്ഷിക്കുന്നത് പോലെ തന്നെ നഖങ്ങളും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചിലര്‍ക്ക് നഖം വളരെ പെട്ടെന്ന് പൊട്ടി പോകാറുണ്ട്. ചില ത്വക്ക് രോഗങ്ങള്‍ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവ് മൂലവും ചിലര്‍ക്ക് ഇങ്ങനെയുണ്ടാകാം. നഖങ്ങളില്‍  കണ്ടുവരുന്ന വെള്ളപ്പാടുകള്‍ ചിലപ്പോള്‍ പ്രോട്ടീന്റെ അഭാവം കൊണ്ടാകാം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. 

ശരിയായ സംരക്ഷണമില്ലായ്മ കൊണ്ടും നഖങ്ങൾ പൊട്ടാം. നഖങ്ങൾ എപ്പോഴും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

നഖങ്ങളെ സുന്ദരമാക്കാൻ ചില ടിപ്സ് പരിചയപ്പെടാം...

ഒന്ന്...

വെളിച്ചെണ്ണ ഉപയോ​ഗിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം നഖം മസാജ് ചെയ്യുന്നത് നഖം തിളക്കമുള്ളതാക്കാനും ആരോ​ഗ്യത്തോടെയിരിക്കാനും സഹായിക്കുന്നു. 

രണ്ട്...

ഈർപ്പം നിലനിർത്തുന്നത് നഖത്തിന് ഭംഗിയും മിനുസവും നൽകാന്‍ സഹായിക്കും. ഇതിനായി നഖത്തിൽ മോയിസ്ച്യുറൈസിങ് ക്രീം പുരട്ടാം. 

മൂന്ന്...

നഖം നിറം ചെയ്യുന്നതിനിടയിൽ ഒരു ദിവസത്തെ ഇടവേള ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. രാസവസ്തുക്കൾ അടങ്ങിയ നെയിൽ പോളിഷുകൾ തുടർച്ചയായി ഉപയോഗിക്കാതെ, ചിലപ്പോഴൊക്കെ നഖം വെറുതെ നിർത്തുക.

നാല്...

നഖങ്ങള്‍ ഒലീവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നഖം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. 

അഞ്ച്...

വാഴപ്പഴം മിക്സിയിലടിച്ച് കൈയിൽ പുരട്ടുക. പതിനഞ്ച് മിനിറ്റുകഴിഞ്ഞ് കഴുകിക്കളയാം. ഇടയ്ക്ക് ഇങ്ങനെ ചെയ്യുന്നത് കൈകളുടെ വരൾച്ച മാറാനും അതുവഴി നഖങ്ങളുടെ ഭംഗി കൂട്ടാനും സഹായിക്കും. 

ആറ്...

ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ തിളക്കമുള്ളതാകാൻ ഇത് സഹായിക്കും. 

ഏഴ്...

റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടുന്നത് നഖങ്ങള്‍ ബലമുള്ളതാക്കാന്‍ സഹായിക്കും. 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകി കളയാം. 

എട്ട്...

ഒരു പാത്രത്തിൽ കഞ്ഞിവെളളമെടുത്ത് വിരലുകൾ 15 മിനിറ്റ് കുതിർത്തു വയക്കുക. നഖങ്ങൾ പൊട്ടുന്നതു തടയാനുളള വഴിയാണിത്.