മനോഹരമായ പാദങ്ങള്‍ സ്വപ്നം കാണുന്നവർക്ക് വീട്ടിൽ ചെയ്യാം ഇക്കാര്യങ്ങള്‍...
സൗന്ദര്യത്തിന്‍റെ മാത്രമല്ല, വ്യക്തിത്വത്തിന്‍റെ കൂടി പ്രതിഫലനമാണ് നിങ്ങളുടെ പാദങ്ങൾ. നല്ല ഭംഗിയുള്ള പാദങ്ങള്‍ എല്ലാവരുടെയും സ്വപ്നമാണ്. പാദങ്ങള്‍ ശുചിയായി ഇരിക്കുന്നത് നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ അശ്രദ്ധകാരണം അവ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി മാറുന്നു. പാദ സംരക്ഷണത്തിനായി വീട്ടിൽ ലളിതമായി ചെയ്യാവുന്ന ചില പൊടികൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പോ ഷാംമ്പൂവോ ഇടുക. അതിലേയ്ക്ക് പാദങ്ങള്‍ മുക്കി വയ്ക്കാം. 15 മിനിറ്റ് ശേഷം ഒരു തുടയ്ക്കാം. പിന്നീട് വേണമെങ്കില്‍ എണ്ണയോ ക്രീമോ പുരട്ടാം.
രണ്ട്...
പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് നാരങ്ങ. ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചർമം മാറാനും നല്ലതാണ്.
മൂന്ന്...
മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്. മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂണ്‍ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേയ്ക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഇത് ഉപയോഗിക്കുന്നതിന് മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. ആഴ്ചയിൽ ഇത് മുന്ന് തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത് ചെയ്യാം.
നാല്...
ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലില്‍ വിള്ളലുള്ള ഭാഗത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഉപ്പൂറ്റിയിലുണ്ടാകുന്ന വിള്ളലിന് ഇത് മികച്ചൊരു മാർഗമാണ്.