തലമുടിക്ക് നൽകാം തേങ്ങാവെള്ളം

തലമുടിക്ക് നൽകാം തേങ്ങാവെള്ളം
 

മുടിയുടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ തേങ്ങാവെള്ളത്തിന് കഴിവുണ്ട്. തേങ്ങാവെള്ളത്തിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.

∙ പോഷണം

തേങ്ങാവെള്ളം മുടിയഴകള്‍ക്ക് പോഷണം നൽകുന്നു. മുടിക്ക് തിളക്കവും പുതുമയും തോന്നിക്കാൻ ഇതു സഹായിക്കുന്നു.

∙ പൊട്ടൽ തടയുന്നു

മുടിയിലെ ജലാംശം വർധിപ്പിച്ച് ഇലാസ്തികത മെച്ചപ്പെടുത്താൻ തേങ്ങാവെള്ളത്തിന് സാധിക്കും. അതു മുടി പൊട്ടുന്നതു കുറയ്ക്കുന്നു.

∙ ചൊറിച്ചിൽ, മൊരിഞ്ഞിളകൽ  

തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ തലയോട്ടിയിലെ ചൊറിച്ചിൽ, മൊരിഞ്ഞിളകൾ എന്നിവ തടയുന്നു.

∙ മങ്ങൽ, ചുരുളൽ, തുമ്പ് പൊട്ടൽ

എണ്ണമയം നിലനിർത്തുന്നതിലൂടെ മുടി ഒതുങ്ങിയിരിക്കുന്നു. വരൾച്ച മൂലം മുടി പൊട്ടുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കുന്നു.

∙ താരൻ

തേങ്ങാവെള്ളത്തിലെ ആന്റി ഫംഗൽ മൂലകങ്ങൾ താരൻ അകറ്റാൻ സഹായിക്കുന്നു.

തേങ്ങാവെള്ളം മുടിയിൽ എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം

തലയിൽ തേങ്ങാവെള്ളം കൊണ്ടു മസാജ് ചെയ്യുന്നത് ‌രക്തചംക്രമണം വർധിപ്പിക്കുകയും മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. തേങ്ങാവെള്ളം ഉപയോഗിച്ച് 15-20 മിനിറ്റ് മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇതു ചെയ്യാം.

∙ തേങ്ങാവെള്ളം-നാരങ്ങാ നീര്

നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ തലയോട്ടിയിലുണ്ടാക്കുന്ന കുരു, ചൊറിച്ചിൽ, താരൻ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. നാരങ്ങാനീരും തേങ്ങാവെള്ളവും ചേർന്ന മിശ്രിതം തലയോട്ടിയിൽ പുരട്ടി, 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

∙ ആപ്പിൾ സിഡാർ വിനിഗർ

തലയോട്ടിയുടെ പിഎച്ച് ലെവൽ നിലനിർത്തി മുടിയുടെ തിളക്കം വർധിപ്പിക്കാൻ ആപ്പിൾ സിഡർ വിനിഗർ ഉപയോഗിക്കാം. ഒരു കപ്പ് തേങ്ങാവെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനിഗർ ചേർത്തു തലയോട്ടിയിൽ പുരട്ടുക. 10 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം.

∙ തേൻ

തലയോട്ടിയിലെ ചൊറിച്ചിൽ ഇല്ലാതാക്കാനും മുടിക്ക് തിളക്കം ലഭിക്കാനും തേൻ സഹായിക്കുന്നു. ഒരു കപ്പ് തേങ്ങാവെള്ളത്തിൽ 4 ടീസ്പൂൺ തേൻ ചേർത്ത് ഇളക്കുക. ഇതു പുരട്ടിയശേഷം ചൂടുവെള്ളത്തിൽ കുതിർത്ത ടവൽ കൊണ്ടു മുടി പൊതിഞ്ഞു വയ്ക്കണം. 30 മിനിറ്റിനുശേഷം കഴുകിക്കളയാം.

∙ ഹെയർ സ്പ്രേ

അര കപ്പ് തേങ്ങാവെള്ളത്തിനൊപ്പം 2 ടീസ്പൂൺ കറ്റാർവാഴ ജെൽ, രണ്ട് ടീസ്പൂൺ ഹെഹോബാ ഓയിൽ എന്നിവ ചേർത്ത് ഹെയർ സ്പ്രേ ഉണ്ടാക്കാം. ഇതു മുടിക്ക് തിളക്കവും പോഷണവും നൽകുന്നു. രണ്ടു മൂന്ന് ദിവസം വരെ ഇതു കേടാവാതെ ഇരിക്കും.

* പാച്ച് ടെസ്റ്റ് നടത്തിയശേഷം ഉപയോഗിക്കുക. നിശ്ചിത സമയത്തിൽ കൂടുതൽ തലയിൽ സൂക്ഷിക്കുന്നതു നല്ലതല്ല.