ലോകകപ്പ് റിപ്പോര്‍ട്ടിംഗിനായി ഇന്ത്യയിലെത്തിയ പാക് അവതാരക തിരിച്ചുപോയത് ഭയംമൂലം

ഇന്ത്യ വിരുദ്ധ പോസ്റ്റുകളും ഹിന്ദു മതത്തിനും വിശ്വാസത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും നടത്തിയ പാക് മാധ്യമപ്രവര്‍ത്തക ഇന്ത്യയില്‍ നിന്നും തിരിച്ചുപോയി. പാകിസ്ഥാനില്‍ നിന്നും ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സൈനബ് അബ്ബാസ് ആണ് പൊടുന്നനെ രാജ്യംവിട്ടുപോയത്.
 

ന്യൂഡല്‍ഹി: ഇന്ത്യ വിരുദ്ധ പോസ്റ്റുകളും ഹിന്ദു മതത്തിനും വിശ്വാസത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും നടത്തിയ പാക് മാധ്യമപ്രവര്‍ത്തക ഇന്ത്യയില്‍ നിന്നും തിരിച്ചുപോയി. പാകിസ്ഥാനില്‍ നിന്നും ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സൈനബ് അബ്ബാസ് ആണ് പൊടുന്നനെ രാജ്യംവിട്ടുപോയത്.

മുന്‍പ് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് സൈനബിനെതിരെ ആക്രമണമുണ്ടായേക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു. പാകിസ്ഥാനിലെത്തിയശേഷം ഇന്ത്യ വിടാനുള്ള കാരണത്തെക്കുറിച്ച് അവര്‍ തുറന്നുപറയുകയും ചെയ്തു. നേരത്തെ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച അവര്‍ ഇന്ത്യയില്‍ നിന്നും പോകാന്‍ ആരും ആവശ്യപ്പെടുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ സൈനബിനെതിരെ പ്രചരണം നടന്നിരുന്നു. ഇതിന്  പിന്നാലെയാണ് അവര്‍ ഇന്ത്യ വിട്ടത്. തനിക്ക് ഭീഷണിയൊന്നും ഉണ്ടായില്ലെങ്കിലും ഓണ്‍ലൈനില്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ ഭയം തോന്നിയിരുന്നു. ഇന്ത്യയില്‍ താമസിക്കുന്ന വേളയില്‍ ഏവരും സന്തോഷത്തോടെയും ദയയോടെയുമാണ് ഇടപെട്ടിരുന്നു. ഇന്ത്യ വിടാന്‍ തന്നോട് ആരും പറഞ്ഞിട്ടില്ല.

എന്റെ സുരക്ഷയ്ക്ക് ഭീഷണിയില്ലെങ്കിലും, അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള എന്റെ കുടുംബവും സുഹൃത്തുക്കളും ആശങ്കാകുലരായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കാന്‍ എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നെന്നും സൈനബ് തന്റെ എക്സ് പ്രസ്താവനയില്‍ എഴുതി.

ലോകകപ്പിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ കമന്ററി ടീമിന്റെ ഭാഗമായിരുന്നു സൈനബ് അബ്ബാസ്. ഹൈദരാബാദില്‍ നടന്ന പാകിസ്ഥാന്‍ ടീമിന്റെ മത്സരം കവര്‍ ചെയ്യാന്‍ സൈനബ് എത്തിയിരുന്നു. സൈനബ് ഇന്ത്യ വിട്ടുപോകണമെന്ന് ഓണ്‍ലൈന്‍ വഴി വ്യാപകമായി പ്രചരണമുണ്ടായതോടെയാണ് അവര്‍ തിരിച്ചുപോയതെന്നാണ് റിപ്പോര്‍ട്ട്.