യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐഡി കാര്‍ഡും നിയമനത്തട്ടിപ്പും, കൊലപാതകക്കേസ് വേറെ, ഇവര്‍ക്കെങ്ങാന്‍ അധികാരം കിട്ടിയാല്‍ എന്താകും സ്ഥിതി

സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടുത്ത കാലത്തായി അടിക്കടി തട്ടിപ്പുകേസിലും കൊലപാതകക്കേസിലുമൊക്കെ പ്രതികളാവുകയാണ്. ഏറ്റവുമൊടുവില്‍ നിയമനത്തട്ടിപ്പ് കേസില്‍ കുടുങ്ങിയത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണ്.

 

തിരുവനന്തപുരം: സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടുത്ത കാലത്തായി അടിക്കടി തട്ടിപ്പുകേസിലും കൊലപാതകക്കേസിലുമൊക്കെ പ്രതികളാവുകയാണ്. ഏറ്റവുമൊടുവില്‍ നിയമനത്തട്ടിപ്പ് കേസില്‍ കുടുങ്ങിയത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണ്. ആരോഗവകുപ്പിന്റെ പേരില്‍ നിയമനം നല്‍കാമെന്നേറ്റ് പലരില്‍ നിന്നുമായി 50000 മുതല്‍ 1,60, 000 രൂപ വരെ വാങ്ങിയ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അരവിന്ദ് വെട്ടിക്കല്‍ വമ്പന്‍ തട്ടിപ്പാണ് നടത്തിയത്.

കോട്ടയം ഗവ. ജനറല്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് തസ്തികയില്‍ നിയമന ഉത്തരവ് കൈമാറി 50,000 രൂപ വാങ്ങിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറര്‍ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അരവിന്ദിനെ അറസ്റ്റ് ചെയ്തിന് പിന്നാലെ സമാനരീതിയിലുള്ള ഇയാളുടെ തട്ടിപ്പിനെതിരെ പലരും രംഗത്തെത്തുകയായിരുന്നു.

ആരോഗ്യവകുപ്പിന്റെ വ്യാജ ലെറ്റര്‍ഹെഡും സീലും ഉപയോഗിച്ചാണ് നിയമന ഉത്തരവുകള്‍ തയ്യാറാക്കിയത്. ജോലിക്ക് ഹാജരാകണമെന്ന് കാണിച്ച് വ്യാജനിയമന കത്തും ഇയാള്‍ കൈമാറി. അരവിന്ദ് പറഞ്ഞതുപ്രകാരം ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്. സംഭവത്തില്‍ യുവതി പരാതി നല്‍കിയിരുന്നില്ല. അരവിന്ദ് കൈമാറിയ കത്തിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതി പ്രകാരം പത്തനംതിട്ടയില്‍നിന്നാണ് അരവിന്ദിനെ അറസ്റ്റ് ചെയ്തത്.

സമീപകാലത്തായി ഒട്ടേറെ തട്ടിപ്പുകേസുകളില്‍ പെടുന്നത് യൂത്ത് കോണ്‍ഗ്രസ് പതിവാക്കിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മീഷന്റെ വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്തുക്കളാണ് അറസ്റ്റിലായവര്‍. ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസിന്റെ വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവും പോലീസ് പിടികൂടി. മാസങ്ങള്‍ക്ക് മുന്‍പാണ് മലപ്പുറും കരുവാരക്കുണ്ട് തുവ്വൂരില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിലായത്.

കേസുകളുടെ പെരുമഴയായതോടെ യൂത്ത് കോണ്‍ഗ്രസിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുമെത്തി. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഇതാണെങ്കില്‍ ഇവര്‍ക്ക് ഭരണം കിട്ടിയാല്‍ എന്താകും സ്ഥിതിയെന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം. സാധാരണ രീതിയില്‍ ഭരണപക്ഷത്തുള്ള നേതാക്കളാണ് നിയമനത്തട്ടിപ്പിന് കുടുങ്ങാറുള്ളതെന്നും എന്നാല്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതോടെ യൂത്ത് കോണ്‍ഗ്രസിന് തട്ടിപ്പ് നടത്താന്‍ ക്ഷമയില്ലാതായെന്നും പരിഹാസമുണ്ട്.