സിഎസ്‌കെയിലെ മഞ്ഞക്കളര്‍ രാശിയില്ല, രാജസ്ഥാന്‍ റോയല്‍സ് ജഴ്‌സി നിറമുള്ള ബ്ലൂ ടവ്വല്‍ അരയില്‍ തിരുകി കളിക്കാനിറങ്ങി സെഞ്ച്വറി നേടി സഞ്ജു
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞ ജേഴ്സിയില്‍ ആദ്യമായി തിളങ്ങിയ സഞ്ജു സാംസണ്‍ ഐപിഎല്‍ 2026 സീസണിലെ ആദ്യ സെഞ്ച്വറിയും തന്റെ പേരിലാക്കിയിരിക്കുന്നു.
ഇത് സഞ്ജുവിന്റെ ഐപിഎല്‍ കരിയറിലെ നാലാമത്തെ സെഞ്ച്വറിയാണ്. പക്ഷേ, സിഎസ്‌കെ ജേഴ്സിയിലെ ആദ്യത്തേതായിരുന്നു ഇത്. രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പം മുമ്പ് മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞ ജേഴ്സിയില്‍ ആദ്യമായി തിളങ്ങിയ സഞ്ജു സാംസണ്‍ ഐപിഎല്‍ 2026 സീസണിലെ ആദ്യ സെഞ്ച്വറിയും തന്റെ പേരിലാക്കിയിരിക്കുന്നു. ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു 52 ബോളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 15 ഫോറുകളും 4 സിക്സുകളുമായി 115 റണ്‍സ് നേടിയ സഞ്ജുവിന്റെ ഇന്നിങ്സിന്റെ ബലത്തില്‍ സിഎസ്‌കെ 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന ഭീമന്‍ സ്‌കോറിലെത്തി.
ഇത് സഞ്ജുവിന്റെ ഐപിഎല്‍ കരിയറിലെ നാലാമത്തെ സെഞ്ച്വറിയാണ്. പക്ഷേ, സിഎസ്‌കെ ജേഴ്സിയിലെ ആദ്യത്തേതായിരുന്നു ഇത്. രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പം മുമ്പ് മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഇത്തവണ സിഎസ്‌കെയിലേക്കുള്ള ട്രേഡ് വഴി എത്തിയ സഞ്ജു, ആദ്യ കളികളില്‍ തിളങ്ങിയില്ലെങ്കിലും സെഞ്ച്വറിയിലൂടെ വരവറിയിച്ചു.
സീസണിന്റെ തുടക്കത്തില്‍ സഞ്ജുവിന് സിഎസ്‌കെ ജേഴ്സിയില്‍ ഭാഗ്യം തുണയ്ക്കാതിരുന്നത് ആരാധകര്‍ക്ക് നിരാശയുണ്ടാക്കിയിരുന്നു. ഐപിഎല്‍ ഓപ്പണിങ് മത്സരത്തില്‍ തന്നെ മുന്‍ ടീമിനെതിരെ വെറും 6 റണ്‍സ് മാത്രമാണ് നേടിയത്. പിന്നീടുള്ള രണ്ട് മത്സരങ്ങളിലും രണ്ടക്കം കാണാനായില്ല. പലരും ചോദിച്ചത് 'മഞ്ഞ നിറം സഞ്ജുവിന് ഭാഗ്യമില്ലേ?' എന്നായിരുന്നു.
ഡല്‍ഹിക്കെതിരെ കളിക്കാനിറങ്ങിയപ്പോള്‍ മഞ്ഞ ജഴ്‌സിയില്‍ ആര്‍ആറിന്റെ ബ്ലൂകളറും കൂടി ചേര്‍ത്തു. ബ്ലൂ ടവ്വല്‍ അരയില്‍ തിരുകി കളിക്കിറങ്ങിയ സഞ്ജു മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
ആദ്യ 26 ബോളില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു, പിന്നീട് മത്സരം തന്റെ കൈയിലെടുത്തു. 18-ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ സെഞ്ച്വറി എത്തിയപ്പോള്‍ ചെപ്പോക്ക് സ്റ്റേഡിയം ആരാധകരുടെ ആര്‍പ്പുകള്‍ കൊണ്ട് നിറഞ്ഞു. സിഎസ്‌കെ ആരാധകര്‍ക്ക് പ്രത്യേക സല്യൂട്ട് നല്‍കിയാണ് സെഞ്ച്വറി ആഘോഷിച്ചത്. ഇത് ഞങ്ങളുടെ കോച്ച് സ്റ്റീഫന്‍ ഫ്ളെമിങിന് സമര്‍പ്പിച്ചതാണ്. ടീമിന്റെ പിന്തുണയും ആരാധകരുടെ സ്നേഹവുമാണ് എന്നെ വീണ്ടും തിരിച്ചെത്തിച്ചത് എന്ന് സഞ്ജു പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിന്റെ ഫോട്ടോകളും വീഡിയോകളും ഇപ്പോള്‍ വൈറലാണ്. ആദ്യ കളികളിലെ പരാജയത്തിന് ശേഷം തിരിച്ചെത്തിയതോടെ ആരാധകര്‍ സഞ്ജുവിനെ അഭിനന്ദിച്ചു. ചെപ്പോക്ക് ആരാധകരുടെ 'വിസില്‍ പൊടു' മുഴങ്ങിയപ്പോള്‍ സഞ്ജു ഒരു കേരളീയനായി മാത്രമല്ല, ഒരു സിഎസ്‌കെ താരമായും തന്റെ സ്ഥാനം ഉറപ്പിച്ചു.