പയ്യന്നൂരിലെ ഇരട്ടമരണത്തില്‍ അടിമുടി ദുരൂഹത, കാണാതായ ഭര്‍തൃമതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍, വീടു നോക്കാന്‍ ഏല്‍പ്പിച്ചയാള്‍ 22 കി.മീ. അകലെ ആത്മഹത്യ ചെയ്ത നിലയിലും

മാതമംഗലം കോയിപ്രയില്‍നിന്നും കാണാതായ അനിലയെ മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. അന്നൂരിലെ ബെറ്റിയുടെ വീട്ടിലാണ് അനിലയെ കണ്ടെത്തിയത്.
 

 

കണ്ണൂര്‍: മാതമംഗലം കോയിപ്രയില്‍നിന്നും കാണാതായ അനിലയെ മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. അന്നൂരിലെ ബെറ്റിയുടെ വീട്ടിലാണ് അനിലയെ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും വിനോദയാത്രയ്ക്ക് പോയപ്പോള്‍ സുദര്‍ശന്‍ എന്ന ഷിജുവിനെ വീടുനോക്കാന്‍ ഏല്‍പ്പിച്ചിരുന്നു. സുദര്‍ശനെ 22 കി.മീ. അകലെ ആത്മഹത്യ ചെയ്തനിലയിലും കണ്ടെത്തി.

ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് സൂചന. അനിലയെ കൊലപ്പെടുത്തിയശേഷം സുദര്‍ശന്‍ ഇവിടം വിട്ടുപോവുകയായിരുന്നെന്ന് കരുതുന്നു. എന്നാല്‍ അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഷിജുവിനെ വീട് നോക്കാന്‍ ഏല്‍പ്പിച്ചാണ് ബെറ്റിയുടെ കുടുംബം യാത്രപോയത്. വീട്ടില്‍ വളര്‍ത്തുനായയുള്ളതിനാല്‍ ഇതിനെ പരിചരിക്കാനും ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ ഷിജുവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. ഇതോടെ വീട്ടുടമ ബന്ധുവിനെ വിവരമറിയിച്ചു. ഇവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

അനിലയെ കാണാനില്ലെന്ന് ഭര്‍ത്താവ് കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. പെരിങ്ങോം പോലീസ് സ്റ്റേഷനിലാണ് അനിലയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നത്. ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് അനിലയെ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.