ഒരു രൂപ പോലും കൈയ്യിലില്ലാതെ വീടെന്ന ആഗ്രഹം പൂര്‍ത്തിയാക്കാനിറങ്ങി, ഒടുവില്‍ 70 ലക്ഷം രൂപയുടെ വീടു വാങ്ങി യുവതി, അതും ഹോം ലോണ്‍ ഇല്ലാതെ

സ്വന്തമായൊരു വീടെന്ന സ്വപ്‌നം ഇല്ലാത്തവര്‍ അപൂര്‍വമായിരിക്കും. കൈയ്യിലുള്ളതും ലോണെടുത്തുമെല്ലാം വീടിനായി ചെലവഴിക്കുന്നവരാണ് മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍.

 

പണം സ്വരൂപിക്കാന്‍ അവര്‍ പിന്തുടര്‍ന്ന രീതി താല്പര്യമുണര്‍ത്തുന്നതാണ്. ഓരോരുത്തരും രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു. ശമ്പളം വരുന്ന അക്കൗണ്ടും സ്വപ്ന വീടിനായി പ്രത്യേകം നീക്കിവച്ച അക്കൗണ്ടും.

മുംബൈ: സ്വന്തമായൊരു വീടെന്ന സ്വപ്‌നം ഇല്ലാത്തവര്‍ അപൂര്‍വമായിരിക്കും. കൈയ്യിലുള്ളതും ലോണെടുത്തുമെല്ലാം വീടിനായി ചെലവഴിക്കുന്നവരാണ് മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍. എന്നാല്‍, ഒരു രൂപ പോലും കൈയ്യിലില്ലാതെ സ്വന്തം വീടെന്ന ആഗ്രഹത്തിലേക്ക് ഇറങ്ങിത്തിരിച്ച യുവതി അതേക്കുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടി.

മഹാരാഷ്ട്രയിലെ ഷഹാദില്‍ നിന്നുള്ള യുവതി വ്യത്യസ്തമായ വഴികളിലൂടെയാണ് വീട് സ്വന്തമാക്കിയത്. ക്രമാനുസൃതമായ ലാഭവും അധിക വരുമാനവും ഉപയോഗിച്ച് യാതൊരു ഹോം ലോണും എടുക്കാതെ ഏകദേശം 70 ലക്ഷം രൂപയുടെ വീട് വാങ്ങി.

അവര്‍ വാങ്ങിയ ഫ്‌ലാറ്റിന്റെ വില 60 ലക്ഷം രൂപയാണ്. ഇന്റീരിയര്‍ വര്‍ക്കുകള്‍ കൂടി ചേര്‍ത്താല്‍ മൊത്തം ചെലവ് ഏകദേശം 70 ലക്ഷം രൂപ. ഈ ലക്ഷ്യത്തിനായി തുടക്കത്തില്‍ മൂന്ന് വര്‍ഷം പ്ലാന്‍ ചെയ്ത് പണം ലാഭിച്ചു.

ജോലി ചെയ്തുകൊണ്ടിരിക്കെ ആദ്യ വര്‍ഷം 4 ലക്ഷം രൂപ, രണ്ടാം വര്‍ഷം 5.5 ലക്ഷം രൂപ, മൂന്നാം വര്‍ഷം 9.5 ലക്ഷം രൂപ എന്നിങ്ങനെ സമ്പാദിച്ചു. ഇങ്ങനെ മൊത്തം 19 ലക്ഷം രൂപ അവര്‍ വീടിനായി കണ്ടെത്തി. കൂടാതെ അത്യാവശ്യ കാര്യത്തിനായി 1 ലക്ഷം രൂപ നീക്കിവെക്കുകയും ചെയ്തു.

പണം സ്വരൂപിക്കാന്‍ അവര്‍ പിന്തുടര്‍ന്ന രീതി താല്പര്യമുണര്‍ത്തുന്നതാണ്. ഓരോരുത്തരും രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു. ശമ്പളം വരുന്ന അക്കൗണ്ടും സ്വപ്ന വീടിനായി പ്രത്യേകം നീക്കിവച്ച അക്കൗണ്ടും.

ശമ്പളം ലഭിച്ച ഉടന്‍ തന്നെ കൂടുതല്‍ തുക രണ്ടാമത്തെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. അനാവശ്യ ചെലവുകള്‍ക്ക് ആ പണം പിന്‍വലിക്കാതിരുന്നതോടെ ചെലവ് കുത്തനെ കുറഞ്ഞു.

ബാക്കി തുകയ്ക്ക് ഹോം ലോണ്‍ എടുക്കാന്‍ ആലോചിച്ചെങ്കിലും അച്ഛനുമായി ചര്‍ച്ച ചെയ്ത ശേഷം മറ്റൊരു വഴി തിരഞ്ഞെടുത്തു. നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റായതിനാല്‍ ബില്‍ഡറുമായി നേരിട്ട് വായ്പാ രീതിയില്‍ പണമടയ്ക്കാന്‍ കരാര്‍ ഉണ്ടാക്കി. മാസം 1 ലക്ഷം രൂപ വീതം 36 മാസം അടച്ചു. ബാക്കി 8 ലക്ഷം രൂപ വീട് കൈവശപ്പെടുത്തുന്ന സമയത്ത് അടയ്ക്കുമെന്ന് ധാരണയായി.

ജോലിയില്‍ നിന്നും ലഭിച്ച മികച്ച വരുമാനം ലക്ഷ്യം നേടാന്‍ നിര്‍ണായകമായി. ശമ്പളത്തിന് പുറമേ മാസം ശരാശരി 1 ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെ ഇന്‍സെന്റീവ് ലഭിച്ചിരുന്നു. അതും വീട് വാങ്ങാന്‍ ഉപയോഗിച്ചു. കൂടാതെ കുടുംബത്തിന് മുമ്പുണ്ടായിരുന്ന വീട് വിറ്റില്ല, പുതുക്കി വാടകയ്ക്ക് കൊടുത്തു.

തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് അവര്‍ പറഞ്ഞത് വീട് വാങ്ങുന്ന കാര്യത്തില്‍ ഭയപ്പെടാതെ, ശരിയായ സ്ട്രാറ്റജിയോടെ പ്ലാന്‍ ചെയ്ത് മുന്നോട്ട് പോകുക എന്നതാണ്. യുവതിയുടെ വീഡിയോയ്ക്ക് അഭിനന്ദനം അറിയിക്കുകയാണ് ഏവരും. സാമ്പത്തിക അച്ചടക്കവും അധിക വരുമാന മാര്‍ഗങ്ങളും ഉപയോഗിക്കുന്നത് പ്രചോദനമാണെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു.