കാനഡയിലുള്ള ഭാര്യയെ വീഡിയോ വഴി വിചാരണ ചെയ്യാം, ഭര്‍ത്താവിന് അനുകൂലമായി അത്യപൂര്‍വ വിധിയുമായി ഹൈക്കോടതി, വിധി പ്രസ്താവിച്ചത് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും സ്നേഹലതയും

ആലുവ കുടുംബക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ കാനഡയിലുള്ള യുവതിയെ ഓണ്‍ലൈന്‍ ആയി വിചാരണ നടത്താന്‍ കുടുംബ കോടതിക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഹൈക്കോടതി വിധി. കേരള ഹൈക്കോടതി

 

ഭര്‍ത്താവിന് ഒരു ലക്ഷം രൂപ ചെലവ് ചുമത്തിയ കുടുംബ കോടതി വിധി റദ്ദാക്കുകയും ചെയ്തു.

കൊച്ചി: ആലുവ കുടുംബക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ കാനഡയിലുള്ള യുവതിയെ ഓണ്‍ലൈന്‍ ആയി വിചാരണ നടത്താന്‍ കുടുംബ കോടതിക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഹൈക്കോടതി വിധി. കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി.

കാനഡയില്‍ സ്ഥിരതാമസമാക്കി വന്നിരുന്ന ഭാര്യയെ വിചാരണ ചെയ്യാന്‍, ഭര്‍ത്താവിന്റെ അഭിഭാഷകന് എച്ച് 1 എന്‍ 1 പനി ആയതിനാല്‍ സാധിക്കാതെ വരികയും കുടുംബ കോടതിയോട് സമയം ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കോടതി സമയം അനുവദിക്കാതിരിക്കുകയും ഭര്‍ത്താവിന്റെ അഭിഭാഷകന് ഭാര്യയെ ക്രോസ് വിസ്താരം നടത്താന്‍ അവസരം നിഷേധിക്കുകയും ചെയ്തു.

ഭാര്യയെ വിചാരണ ചെയ്യാന്‍ വീണ്ടും അവസരം നല്‍കണം എന്നാവശ്യപ്പെട്ടു കുടുംബ കോടതിയെ സമീപിച്ച ഭര്‍ത്താവിന് ഒരു ലക്ഷം രൂപ പിഴ ആയി കാനഡയിലുള്ള ഭാര്യക്ക് നല്‍കിയാല്‍ വിചാരണ ചെയ്യാന്‍ അനുവദിച്ച് ഉത്തരവായി. പ്രസ്തുത ഉത്തരവ് ചോദ്യം ചെയ്താണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഭര്‍ത്താവിന് വേണ്ടി ഹാജരായത് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ വിമല ബിനുവാണ്.

പ്രസ്തുത കേസില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകയുടെയും അഭിപ്രായം കേട്ടതിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. ഭര്‍ത്താവിന് ഒരു ലക്ഷം രൂപ ചെലവ് ചുമത്തിയ കുടുംബ കോടതി വിധി റദ്ദാക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ 2021 ലെ വീഡിയോ കോണ്‍ഫറന്‍സ് ലിങ്കേജ് റൂള്‍സ് പ്രകാരം വിദേശത്തുള്ള ഭാര്യയെ അവിടുത്തെ ഒരു കോര്‍ഡിനേറ്ററുടെ സഹായത്താല്‍ വിസ്താരം നടത്താം. ഭാര്യയെ റിമോട്ട് സെന്ററില്‍ നിന്ന് കോടതി നടപടികളുടെ ഭാഗമാക്കി ആലുവ കോടതിയില്‍ തന്നെ ഇരുന്നുകൊണ്ട് ഭര്‍ത്താവിന്റെ അഭിഭാഷകന് വിചാരണ ചെയ്യാം.

ഇന്ത്യയും കാനഡയും തമ്മില്‍ ഉള്ള ടൈം സോണ്‍ വ്യത്യാസം കണക്കിലെടുത്ത് ആലുവ ഫാമിലി കോടതി ഇന്ത്യന്‍ സമയം വൈകുന്നേരം 5 മണിക്ക് സിറ്റിംഗ് ആരംഭിക്കേണ്ടതാണ്. ഭാര്യ കനേഡിയന്‍ സമയം രാവിലെ 6.30ന് കാനഡയിലെ ടൊറന്റോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹാജരാകണം. കേസില്‍ കാനഡയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനെ കക്ഷി ചേര്‍ക്കുകയും ചെയ്തു.