കേരളസ്‌കൂള്‍കലോത്സവത്തില്‍ വ്യാപക കൈക്കൂലിയും സ്വജനപക്ഷപാതവും,പണമുള്ളവര്‍ക്കും ഇഷ്ടക്കാര്‍ക്കും എ പ്ലസും ഒന്നാം സ്ഥാനവും, അപ്പീല്‍കമ്മറ്റിയിലും അഴിമതി,മാനസിക സമ്മര്‍ദ്ദത്തിലേക്ക് വീഴുന്നത് കുട്ടികള്‍

ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ തല കലാമേളയായാണ് കേരള സ്‌കൂള്‍ കലോത്സവം അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും 14,000-ത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന ഈ മഹോത്സവം കലയുടെയും സാംസ്‌കാരികതയുടെയും ആഘോഷമാണ്.

 

ജഡ്ജസുമാരുടെ അഴിമതിക്കഥകള്‍ തുറന്നുകാട്ടിയിട്ടും ഇതിന് തടയിടാന്‍ അധികൃതര്‍ക്ക് സാധിക്കാത്തത് വീഴ്ചയാണ്.

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ തല കലാമേളയായാണ് കേരള സ്‌കൂള്‍ കലോത്സവം അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും 14,000-ത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന ഈ മഹോത്സവം കലയുടെയും സാംസ്‌കാരികതയുടെയും ആഘോഷമാണ്. എന്നാല്‍, ദശാബ്ദങ്ങളായി മേളയെ വിവാദങ്ങള്‍ വേട്ടയാടുന്നു. അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങള്‍ എല്ലാ വര്‍ഷവും മേളയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്.

ഇഷ്ടക്കാര്‍ക്ക് 'എ പ്ലസ്' ഗ്രേഡും ഒന്നാം സ്ഥാനവും ലഭിക്കുന്നതായി ആരോപണങ്ങള്‍ ഉയരുമ്പോള്‍, അപ്പീല്‍ കമ്മിറ്റിയിലും അഴിമതി വ്യാപകമാണെന്ന് പരാതികളുണ്ട്. മാസങ്ങള്‍ നീണ്ട കഠിന പരിശീലനത്തിലൂടെയെത്തുന്ന വിദ്യാര്‍ത്ഥികളെ ഇത്തരം അനീതികള്‍ മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നു. കഠിനാധ്വാനം വെറുതെയാകുമ്പോള്‍ ഉണ്ടാകുന്ന നിരാശ കുട്ടികളെ ട്രോമയിലേക്കാണ് തള്ളിവിടുന്നത്.

കലോത്സവത്തിലെ അഴിമതി ആരോപണങ്ങള്‍ പുതിയതല്ല. 1956-57 മുതല്‍ ആരംഭിച്ച ഈ മേളയില്‍, 2010-കളുടെ തുടക്കം മുതല്‍ ശക്തമായ വിവാദങ്ങളുണ്ട്. 2017-ല്‍ കണ്ണൂരില്‍ നടന്ന 57-ാമത് സ്റ്റേറ്റ് സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ കുച്ചിപ്പുഡി മത്സരത്തിലെ ജഡ്ജിനെതിരെ വിജിലന്‍സ് അന്വേഷണം പോലും നടത്തി.

നേരത്തെ, എറണാകുളം റവന്യു ഡിസ്ട്രിക്റ്റ് കലോത്സവത്തില്‍ കൈക്കൂലി ആരോപണത്തോടെ രക്ഷിതാക്കളുടെ പ്രതിഷേധം അക്രമാസക്തമായി. 2023-ല്‍ തിരുവനന്തപുരം സബ്-ഡിസ്ട്രിക്റ്റ് കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഡാന്‍സ് ടീച്ചര്‍ ആരോപിക്കുകയും ഇതേക്കുറിച്ചുള്ള ശബ്ദരേഖ പുറത്തുവരികയും ചെയ്തു.

സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നിലധികം ഇനങ്ങളില്‍ മത്സരിച്ചവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ വലിയ തുക കെട്ടിവെക്കണ്ടേവരുന്നു. സാമ്പത്തിക കാരണത്താല്‍ പലര്‍ക്കും ഇതിന് സാധിക്കുന്നില്ല. കുട്ടികളെ കഷ്ടപ്പെട്ട് പഠിപ്പിച്ചാണ് രക്ഷിതാക്കള്‍ വേദിയിലെത്തിക്കുന്നത്. ഈ കുട്ടികള്‍ക്ക് അര്‍ഹിച്ച വിജയം ലഭിക്കുന്നില്ലെന്ന് മാത്രമല്ല അപ്പീല്‍ നല്‍കാന്‍ വമ്പന്‍ തുക കണ്ടെത്തേണ്ട അവസ്ഥയിലാണ്.

ജഡ്ജസുമാരുടെ അഴിമതിക്കഥകള്‍ തുറന്നുകാട്ടിയിട്ടും ഇതിന് തടയിടാന്‍ അധികൃതര്‍ക്ക് സാധിക്കാത്തത് വീഴ്ചയാണ്. വിജിലന്‍സ് നിരീക്ഷണമുണ്ടെന്ന് പറയുമ്പോഴും അത് ഫലവത്തല്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പല വെളിപ്പെടുത്തലുകളും.

ജഡ്ജിമാരുടെ നിയമനം മുതല്‍ അപ്പീല്‍ പ്രക്രിയ വരെ അഴിമതി വ്യാപകമാണെന്ന് തെളിയിക്കുന്നതാണ് ഓരോ വര്‍ഷത്തേയും പരാതികള്‍. സ്വജനപക്ഷപാതം കാരണം യോഗ്യരായ കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെടുന്നത് മാനസിക ആഘാതമുണ്ടാക്കുന്നു.

ഇത്തവണ തൃശൂരില്‍ നടന്നുകൊണ്ടിരിക്കുന്ന 64-ാമത് കലോത്സവത്തിന് മുന്‍പ് ജഡ്ജിമാരെ സ്വാധീനിക്കുന്നതിനെതിരെ വിജിലന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സബ്ജില്ലാ തലത്തില്‍ തുടങ്ങുന്ന അഴിമതി സംസ്ഥാന കലോത്സവം വരെ നീളുന്നതാണ്.

കലോത്സവത്തിലെ അഴിമതി കുട്ടികളേയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. മാസങ്ങളോളം പരിശീലനം നടത്തിയിട്ടും, പ്രതീക്ഷിച്ച ഫലം കിട്ടാതാകുമ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലേക്കും ട്രോമയിലേക്കുമാണ് വീഴുന്നത്. കുട്ടികളുടെ മാനസിക ആരോഗ്യം ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ കലോത്സവത്തിന് അയക്കാതിരിക്കുകയാകും നല്ലത്. മത്സരാധിഷ്ഠിത അന്തരീക്ഷത്തില്‍, അനീതി കുട്ടികളെ ഡിപ്രഷനിലേക്കും ആത്മവിശ്വാസക്കുറവിലേക്കും തള്ളിവിടുന്നു.

കലോത്സവം കലയുടെ ആഘോഷമാക്കാന്‍, അഴിമതി തടയാന്‍ കര്‍ശന നടപടികള്‍ വേണം. വിജിലന്‍സിന്റെ മേല്‍നോട്ടം, ജഡ്ജിമാരുടെ നിയമനത്തിലെ സുതാര്യത, അപ്പീല്‍ പ്രക്രിയയിലെ ഡിജിറ്റലൈസേഷന്‍ എന്നിവ ഇതിന് സഹായിക്കും. കുട്ടികളുടെ മാനസിക ആരോഗ്യത്തിനായി കൗണ്‍സലിങ് സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. വിവാദങ്ങള്‍ തുടരുന്നത് മേളയുടെ മഹത്വത്തെ ഇല്ലാതാക്കും.