ലോകകപ്പ് ഫൈനല്‍ വിവാദം, കപില്‍ ദേവിന് പണികൊടുത്തത് ജയ് ഷാ? കാരണം അന്നത്തെ സംഭവം

ഐസിസി ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അഹമ്മദാബാദില്‍ വെച്ച് നടന്നപ്പോള്‍ ഇന്ത്യയുട ഇതിഹാസ താരമായ കപില്‍ ദേവിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയില്‍ വെച്ചുനടന്ന ഒരു ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തുമ്പോള്‍ രാജ്യത്തിനുവേണ്ടി 1983ല്‍ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനേയോ കളിക്കാരേയോ ബിസിസിഐ ക്ഷണിക്കാത്തത് ഏറെ വിവാദത്തിനും ഇടയാക്കി.
 

ന്യൂഡല്‍ഹി: ഐസിസി ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അഹമ്മദാബാദില്‍ വെച്ച് നടന്നപ്പോള്‍ ഇന്ത്യയുടെ ഇതിഹാസ താരമായ കപില്‍ ദേവിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയില്‍ വെച്ചുനടന്ന ഒരു ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തുമ്പോള്‍ രാജ്യത്തിനുവേണ്ടി 1983ല്‍ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനേയോ കളിക്കാരേയോ ബിസിസിഐ ക്ഷണിക്കാത്തത് ഏറെ വിവാദത്തിനും ഇടയാക്കി.

കപില്‍ ദേവിന്റെ ജീവിതം വെള്ളിത്തിരയില്‍ അഭിനയിച്ച രണ്‍വീര്‍ സിങ്ങിനേപ്പോലും ക്ഷണിച്ചപ്പോഴാണ് കപിലിനെ ഒഴിവാക്കിയത്. തന്നെ ഫൈനലിന് ക്ഷണിച്ചില്ലെന്നത് കപില്‍ തുറന്നുപറയുകയും ചെയ്തു. 1983ലെ ടീം മുഴുവനായും അവിടെയുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍, അവര്‍ ക്ഷണിച്ചില്ല. ചിലപ്പോള്‍ തിരക്കില്‍ മറന്നതാകാമെന്നും കപില്‍ പറഞ്ഞു.

കപിലിനെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന കാര്യം ഇതിനകം തന്നെ പലരും തുറന്നുപറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മദാബാദില്‍ കളികാണാനെത്തിയിരുന്നു. അമിത് ഷായുടെ മകന്‍ ജയ് ഷായാണ് ബിസിസിഐ സെക്രട്ടറി. കപിലിനൊപ്പം ലോകകപ്പ് ജേതാവായ ടീമിനൊപ്പമുണ്ടായിരുന്ന റോജര്‍ ബിന്നിയാണ് ബിസിസിഐ പ്രസിഡന്റ്.

കേന്ദ്ര സര്‍ക്കാരിനെ മുള്‍മുനയിലാക്കിയ ഗുസ്തി താരങ്ങളുടെ സമരം ഡല്‍ഹിയില്‍ നടന്നപ്പോള്‍ കപില്‍ ദേവും ലോകകപ്പ് ജേതാക്കളായ സഹകളിക്കാരും പിന്തുണയുമായെത്തിയിരുന്നു. ഇത് കപിലിനെ ബിജെപിയുടെ കണ്ണിലെ കരടാക്കിമാറ്റിയിരിക്കാം. ജയ് ഷായുടെ ഏകാധിപത്യമാണെന്ന് പറയപ്പെടുന്ന ബിസിസിഐ കപിലിനേയും സംഘത്തിനേയും ഒഴിവാക്കിയത് ഇക്കാരണത്താലാണെന്നു പറയപ്പെടുന്നു.

ഗുസ്തി താരങ്ങള്‍ക്ക് ലോകകപ്പ് ജേതാക്കള്‍ പിന്തുണ നല്‍കിയപ്പോള്‍ ഇവരില്‍ നിന്നും റോജര്‍ ബിന്നി ഒഴിഞ്ഞുമാറിയിരുന്നു. ഗുസ്തിക്കാരുടെ പ്രതിഷേധത്തില്‍ കൂട്ടായ പ്രസ്താവനയില്‍ താനൊപ്പുവെച്ചിട്ടില്ലെന്നും ഒരു മുന്‍ ക്രിക്കറ്റ് താരം എന്ന നിലയില്‍ കായികരംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്നാണ് ആഗ്രഹമെന്നും ബിന്നി പറയുകയുണ്ടായി.

ഇന്ത്യയുടെ ക്രിക്കറ്റ് ഭരണം പൂര്‍ണമായും രാഷ്ട്രീയവത്കരിച്ചുകഴിഞ്ഞെന്നും അത് ബിജെപിയുടെ കീഴിലാണെന്നതും ഇപ്പോള്‍ ഏവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഇന്ത്യ ലോകകപ്പ് ജയിച്ചിരുന്നെങ്കില്‍ അത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും ഉപയോഗിക്കാന്‍ ബിജെപി തയ്യാറെടുക്കുകയും ചെയ്തിരുന്നു. ബിസിസിഐ സംഘപരിവാറിന്റെ നിയന്ത്രണത്തില്‍ തുടരുന്ന കാലത്തോളം കപില്‍ ദേവിനോ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള മറ്റു കളിക്കാര്‍ക്കോ ബോര്‍ഡ് യാതൊരു പ്രാധാന്യവും നല്‍കില്ലെന്നതിന് തെളിവാണ് ലോകകപ്പ് ഫൈനലിലെ അവഗണന.