വയനാട്ടില്‍ പ്രിയങ്കയ്‌ക്കെതിരെ ബിജെപി ഇറക്കിയ നവ്യ ഹരിദാസ്, സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ രാഷ്ട്രീയക്കാരി, സിങ്കപ്പൂരില്‍ നിന്നും അവധിക്കെത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥിയായി
കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലം ഇന്ത്യയിലെങ്ങും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരിയായ പ്രിയങ്ക ഗാന്ധി ആദ്യമായി തെരഞ്ഞെടുപ്പിന് ഇറങ്ങുന്നു എന്ന പ്രത്യേകത വയനാടിനുണ്ട്. സഹോദരന്‍ രാഹുല്‍ ഗാന്ധി രാജിവെച്ചതോടെയാണ് പ്രിയങ്ക ഇവിടെ സ്ഥാനാര്‍ത്ഥിയായെത്തിയത്.
പ്രിയങ്കയ്ക്ക് എതിരാളിയായി ബിജെപി രംഗത്തിറക്കിയ നവ്യ ഹരിദാസ് കേരള രാഷ്ട്രീയത്തില്‍ അത്ര പരിചയമല്ലാത്ത പേരാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ പ്രാദേശികമായി അറിയപ്പെടുന്ന ഒരു വ്യക്തിയെ അമ്പരപ്പിക്കുന്ന നീക്കത്തിലൂടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ശോഭാ സുരേന്ദ്രന്റേയും കെ സുരേന്ദ്രന്റേയും നടി ഖുശ്ബുവിന്റേതുമെല്ലാം പേരുകള്‍ ഉയര്‍ന്നുവന്ന മണ്ഡലത്തില്‍ നവ്യയെ സ്ഥാനാര്‍ത്ഥിയാക്കിയത് ബിജെപി കേന്ദ്രങ്ങളേപ്പോലും ഞെട്ടിച്ചു.
ഈ സീറ്റില്‍ മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കിയെന്ന വാര്‍ത്ത തന്നെ ആശ്ചര്യപ്പെടുത്തിയെന്നാണ് നവ്യ ഹരിദാസ് പ്രതികരിച്ചത്. വാര്‍ത്താ ചാനലുകളില്‍ പ്രഖ്യാപനം വന്നശേഷമാണ് എനിക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. സാധ്യതയുള്ളവരുടെ പട്ടികയില്‍ എന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചന ലഭിച്ചു. പക്ഷേ, ഞാന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും 39 കാരിയായ നവ്യ പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷനില്‍ രണ്ടുതവണ കൗണ്‍സിലറായ വ്യക്തിയാണ് നവ്യ ഹരിദാസ്. ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ നവ്യയുടെ രാഷ്ട്രീയ പ്രവേശനം ആസൂത്രിതമായിരുന്നില്ല. ബിടെക് നേടിയ ശേഷം രണ്ടര വര്‍ഷം എച്ച്എസ്ബിസി ബാങ്കില്‍ സോഫ്റ്റ്വെയര്‍ പ്രൊഫഷണലായി. 2009-ല്‍ മറൈന്‍ എഞ്ചിനീയറായ ഷോബിന്‍ ശ്യാമിനെ വിവാഹം കഴിച്ച് സിംഗപ്പൂരിലേക്ക് താമസം മാറി, അവിടെ വിവിധ സോഫ്റ്റ്വെയര്‍ കമ്പനികളില്‍ ജോലി തുടര്‍ന്നു.
സംഘപരിവാറുമായി ബന്ധമുള്ള ഒരു കുടുംബത്തില്‍ വളര്‍ന്ന നവ്യ, രാഷ്ട്രീയ ജീവിതം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. കോഴിക്കോട്ടെ തന്റെ വീട്ടില്‍ ആര്‍എസ്എസ് യോഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതും ആര്‍എസ്എസ് വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതുമാണ് അവരുടെ മുന്‍കാല രാഷ്ട്രീയ പ്രവര്‍ത്തനം.
2015ല്‍ അവധിക്ക് നാട്ടിലെത്തിയ അവര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിരീക്ഷിക്കുകയും രാഷ്ട്രീയത്തിലിറങ്ങുകയുമായിരുന്നു. സംഘപരിവാറുമായുള്ള കുടുംബപശ്ചാത്തലം ഉള്ളതിനാല്‍ അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയാക്കി. കോര്‍പ്പറേഷനിലെ ജനറല്‍ സീറ്റില്‍ നിന്ന് ഞാന്‍ മത്സരിപ്പിക്കപ്പെട്ടു. തോറ്റാല്‍ സിംഗപ്പൂരിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. ജയം നേടിയതോടെ രാഷ്ട്രീയത്തില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
2020 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി നവ്യ ശ്രദ്ധേയമായ ഒരു ചുവടുവെപ്പ് നടത്തി. ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലിനോട് പരാജയപ്പെട്ടെങ്കിലും, അവര്‍ ബിജെപിയുടെ വോട്ട് വിഹിതം 2016 ല്‍ 16.56% ല്‍ നിന്ന് 2021 ല്‍ 20.89% ആയി ഉയര്‍ത്തി.