അയച്ചയാള്‍ അറിയാതെ വാട്‌സ്ആപ്പ് സന്ദേശം വായിക്കാം, പലര്‍ക്കും അറിയാത്ത ടിപ്‌സുകള്‍

ലോകമെങ്ങുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ഇഷ്ട ആപ്പുകളിലൊന്നാണ് വാട്‌സ്ആപ്പ്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അതിവേഗം  ആശയവിനിമയം നടത്താന്‍ വാട്‌സ്ആപ്പ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നു
 

കൊച്ചി: ലോകമെങ്ങുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ഇഷ്ട ആപ്പുകളിലൊന്നാണ് വാട്‌സ്ആപ്പ്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അതിവേഗം  ആശയവിനിമയം നടത്താന്‍ വാട്‌സ്ആപ്പ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നു. ജനകീയ ആപ്പുകളിലൊന്നായി കരുതുന്ന വാട്‌സ്ആപ്പില്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ പോലും അറിയാത്ത ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് അയച്ചയാള്‍ അറിയാതെ വാട്‌സ്ആപ്പ് സന്ദേശം വായിക്കുകയെന്നത്. ഇതിനായി പല മാര്‍ഗങ്ങളുണ്ട്.

മറ്റുള്ളവരുടെ സ്വകാര്യത എപ്പോഴും മാനിക്കപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ അയച്ചയാളെ അറിയിക്കാതെ സന്ദേശങ്ങള്‍ സ്ഥിരമായി വായിക്കേണ്ട സാഹചര്യം പലര്‍ക്കുമുണ്ടാകും. ഇത്തരക്കാര്‍ക്ക് ആപ്പിലെ ഓപ്ഷന്‍ സ്ഥിരമായി മാറ്റാവുന്നതാണ്. അയക്കുന്നവരെ സന്ദേശം വായിച്ചുവെന്ന് അറിയാന്‍ അനുവദിക്കുന്ന 'റീഡ് റസീപ്റ്റ്‌സ്' ഓഫ് ചെയ്തുവെച്ചാണ് ഇത് സാധ്യമാക്കുന്നത്.

വാട്ട്സ്ആപ്പ് തുറന്ന് സെറ്റിംഗ്‌സിലേക്ക് പോയശേഷം അക്കൗണ്ട് ഓപ്ഷനിലെ പ്രൈവറ്റില്‍ കയറിയാല്‍ 'റീഡ് റസീപ്റ്റ്‌സ്' ഓപ്ഷന്‍ പ്രവര്‍ത്തനരഹിതമാക്കാം. ഇതോടെ നിങ്ങള്‍ സന്ദേശം വായിച്ചുവോ എന്ന് അയച്ചയാള്‍ക്ക് അറിയാന്‍ സാധിക്കില്ല. അതേസമയം, നിങ്ങളുടെ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ വായിച്ചിട്ടുണ്ടോ എന്ന് നിങ്ങള്‍ക്കും കാണാന്‍ കഴിയില്ല.

വാട്‌സ്ആപ്പ് വിജറ്റുകള്‍ ഉപയോഗിച്ച് വായിച്ച സന്ദേശം മറ്റുള്ളവരില്‍ നിന്നും മറച്ചുവെക്കാന്‍ സാധിക്കും. നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ ഹോം സ്‌ക്രീനിലെ വാട്‌സ്ആപ്പ് വിജറ്റുകള്‍ക്ക് ആപ്പ് തുറക്കാതെ തന്നെ സന്ദേശങ്ങള്‍ കാണാനാകും.

എങ്ങിനെയാണിത് സാധ്യമാവുക എന്നറിയാം,

    നിങ്ങളുടെ ഹോം സ്‌ക്രീനിലെ ശൂന്യമായ സ്ഥലത്ത് അല്‍പനേരം അമര്‍ത്തുക.  നിങ്ങളുടെ ഡൈവൈസ് ഏതാണെന്ന് എന്നതിനെ ആശ്രയിച്ച് 'വിജറ്റുകള്‍' അല്ലെങ്കില്‍ ഒരു '+' ഐക്കണ്‍ ദൃശ്യമാകും. ഇത് ടാപ്പ് ചെയ്യുക.
    വാട്സ്ആപ്പ് വിജറ്റ് ആവശ്യമുള്ള സ്ഥലത്തേക്ക് വലിച്ചിട്ടശേഷം ഇതിന്റെ വലുപ്പം ക്രമീകരിക്കാവുന്നതാണ്.

ഈ രീതിയില്‍ വാട്സ്ആപ്പ് ആപ്പ് തുറക്കാതെയും റീഡ് റസീപ്റ്റുകള്‍ ഓപ്ഷന്‍ ചെയ്യാതെയും നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ വായിക്കാനാകും. വാട്‌സ്ആപ്പ് വിജറ്റുകള്‍ ഹോം സ്‌ക്രീനില്‍ എത്തിക്കുന്ന രീതി യുട്യൂബിലൂടെ വിശദമായി മനസിലാക്കാവന്നതാണ്.

എയര്‍പ്ലെയിന്‍ മോഡ് ഫീച്ചര്‍ പ്രയോജനപ്പെടുത്തിയും അയച്ചയാളെ അറിയിക്കാതെ തന്നെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാന്‍ മാര്‍ഗമുണ്ട്.

ഇതിനായി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ എയര്‍പ്ലെയ്ന്‍ മോഡ് പ്രവര്‍ത്തനക്ഷമമാക്കുക. ഇതിനുശേഷം വാട്സ്ആപ്പ് തുറന്ന് ആവശ്യമുള്ള സന്ദേശങ്ങള്‍ വായിക്കാം. സന്ദേശം വായിച്ചശേഷം ആപ്പ് എല്ലാ വിന്‍ഡോയും അടക്കുക. നെറ്റ്വര്‍ക്കിലേക്ക് വീണ്ടും കണക്റ്റുചെയ്യാന്‍ എയര്‍പ്ലെയിന്‍ മോഡ് പ്രവര്‍ത്തനരഹിതമാക്കുക.

എയര്‍പ്ലെയിന്‍ മോഡില്‍ സന്ദേശങ്ങള്‍ വായിക്കുന്നതിലൂടെ, അയച്ചയാള്‍ക്ക് റീഡ് രസീതുകളൊന്നും ലഭിക്കില്ല. എന്നാല്‍, എയര്‍പ്ലെയിന്‍ മോഡ് ഓഫാക്കുന്നതുവരെ നിങ്ങള്‍ക്ക് പുതിയ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന പോരായ്മയുണ്ട്.