സുഹൃത്തുക്കളുടെ ഭാര്യമാർക്ക് അശ്ലീല സന്ദേശങ്ങൾ; തളിപ്പറമ്പിൽ വ്യാജ പ്രൊഫൈലിലൂടെ ചതി നടത്തിയത് പ്രവാസി, പൊലിസ് അന്വേഷണം ഊർജ്ജിതം
സുഹൃത്തിന്റെ സിം വാങ്ങി വ്യാജ അക്കൗണ്ട്; പ്രവാസിയുടെ സൈബർ ക്രൈം പുറത്തായത് ഇങ്ങനെ
പുരുഷന്മാരുടെ ഫോട്ടോകൾ കൈക്കലാക്കി വ്യാജ വാട്സ്ആപ്പ് പ്രൊഫൈലുകൾ നിർമ്മിച്ച് സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി പരാതി. തളിപ്പറമ്പിന് സമീപ പഞ്ചായത്തിൽ നിന്നാണ് തളിപ്പറമ്പ് പൊലിസിന് പരാതി ലഭിച്ചത്. പ്രദേശത്തെ ആളുകളെ കുറിച്ച് വ്യക്തതയുള്ള വിദേശത്ത് ജോലി ചെയ്യുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്
തളിപ്പറമ്പ്: പുരുഷന്മാരുടെ ഫോട്ടോകൾ കൈക്കലാക്കി വ്യാജ വാട്സ്ആപ്പ് പ്രൊഫൈലുകൾ നിർമ്മിച്ച് സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി പരാതി. തളിപ്പറമ്പിന് സമീപ പഞ്ചായത്തിൽ നിന്നാണ് തളിപ്പറമ്പ് പൊലിസിന് പരാതി ലഭിച്ചത്. പ്രദേശത്തെ ആളുകളെ കുറിച്ച് വ്യക്തതയുള്ള വിദേശത്ത് ജോലി ചെയ്യുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ ഒരു യുവാവിനെ സുഹൃത്തിൻ്റെ ഭാര്യയായ യുവതി വിളിച്ച് അശ്ലീല സന്ദേശങ്ങളും മറ്റും അയക്കുന്നതിനെ പറ്റി ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവാവ് ആരോപണം നിഷേധിക്കുകയും സ്വയം താൽപര്യമെടുത്ത് പൊലിസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്.
പരാതിയോടൊപ്പം യുവതിക്ക് സന്ദേശം വന്ന വാട്സ് ആപ്പ് നമ്പറും പൊലിസിന് നൽകിയിരുന്നു. ഇത് പരിശോധിച്ചപ്പോൾ പ്രദേശത്ത് തന്നെയുള്ള ഒരു യുവാവിൻ്റെ പേരിലുള്ള നമ്പറാണിതെന്ന് കണ്ടെത്തി. ഇയാളെ മുൻപ് കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. തൻ്റെ പേരിലുള്ള മൊബൈൽ സിം സുഹൃത്തും പ്രവാസിയും പ്രദേശവാസിയുമായ യുവാവിന് ഉപയോഗിക്കാൻ നൽകിയതായി യുവാവ് പൊലിസിനോട് പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ നിരവധി പേർ തങ്ങൾക്കും ഇതേ അനുഭവമുണ്ടായതായി പറയുന്നു. പ്രദേശത്തെ യുവാക്കളുടെ ചിത്രം വാട്സാപ്പിൽ നിന്നും ഫെയ്സ്ബുക്കിൽ നിന്നും മറ്റും ശേഖരിച്ച് ഓരോ സ്ത്രീകൾക്കും പ്രൊഫൈൽ ചിത്രം മാറ്റി ഉപയോഗിച്ചാണ് സന്ദേശം അയക്കുക. പരിചയമുള്ള ആളിന്റെ ഫോട്ടോ കാണുമ്പോൾ സ്ത്രീകൾ മറുപടി നൽകാൻ തയ്യാറാകും. പിന്നെ സന്ദേശത്തിൻ്റെ സ്വഭാവം മാറും. ദുരുദ്ദേശത്തോടെയുള്ള സന്ദേശങ്ങൾ ലഭിച്ചതോടെ ഫോട്ടോ ദുരുപയോഗം ചെയ്യപ്പെടുന്ന വ്യക്തിയും സന്ദേശം ലഭിക്കുന്ന സ്ത്രീയും തമ്മിൽ പ്രശ്നങ്ങളുണ്ടാക്കുകഎന്നതാണ് യുവാവിൻ്റെ ലക്ഷ്യമെന്നാണ് കരുതുന്നത്.
പരാതിയെ തുടർന്ന് വിദേശത്തുള്ള യുവാവിനെ ബന്ധപ്പെട്ട് സന്ദേശങ്ങളുടെ ഉറവിടം സംബന്ധിച്ച് ഉറപ്പു വരുത്തുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പൊലിസ് സിം ഉടമയെ കൊണ്ട് വിദേശത്തുള്ള യുവാവിനെ വിളിപ്പിച്ചെങ്കിലും രണ്ട് വാക്ക് സംസാരിച്ച് കോൾ കട്ടാക്കുകയായിരുന്നു. സിം നഷ്ടപ്പെട്ടെന്ന് പറയുകയും ചെയ്തു. സമാന അനുഭവങ്ങൾ ഉണ്ടായവരുടെ വിവരങ്ങളും പൊലിസ് ശേഖരിക്കുന്നുണ്ട്. പ്രവാസിയായ യുവാവിൻ്റെ പേരിൽ നേരത്തേയും ഇത്തരത്തിലുള്ള പരാതികൾ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.