അധികമായാൽ വെള്ളവും അപകടകാരിയാണ്; അറിഞ്ഞിരിക്കാം വാട്ടർ പോയിസണിംഗിനെക്കുറിച്ച്..
ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഭക്ഷണം പോലെ തന്നെ അത്യാവശ്യമാണ് വെള്ളം. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പറയാറ്..എന്നാൽ ശരീരത്തിൽ ആവശ്യത്തിലധികമായാൽ വെള്ളവും അപകടകാരിയാകും.
ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഭക്ഷണം പോലെ തന്നെ അത്യാവശ്യമാണ് വെള്ളം. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പറയാറ്..എന്നാൽ ശരീരത്തിൽ ആവശ്യത്തിലധികമായാൽ വെള്ളവും അപകടകാരിയാകും. അധികമായാൽ അമൃതും വിഷം എന്ന പഴംചൊല്ല് കേട്ടിട്ടില്ലേ? അതുപോലെയാണ് നമ്മുടെ വെള്ളത്തിന്റെ കാര്യവും...അമിതമായി വെള്ളം കുടിക്കുന്നത് വാട്ടർ പോയിസണിംഗ് എന്ന അവസ്ഥയ്ക്ക് കാരണമാകും...
ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂടുമ്പോൾ രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമാംവിധം കുറയുന്ന അവസ്ഥയാണ് ഹൈപ്പോനട്രീമിയ അഥവാ വാട്ടർ പോയിസണിംഗ്.
സോഡിയം ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിയ്ക്കുന്ന ഒന്നാണ്. വെള്ളം കൂടുതലാകുമ്പോള്‍ സോഡിയും നേര്‍ത്തതാകും. ഇതിലൂടെ ശരീരത്തിലെ ജലത്തിന്റെ അംശം ഉയരും. ഇതിലൂടെ കോശങ്ങളിലെ ജലാംശം ഉയര്‍ന്ന് വീക്കമുണ്ടാകും. കോശങ്ങള്‍ക്ക് വീക്കം അഥവാ ഇന്‍ഫ്‌ളമേഷന്‍ സംഭവിയ്ക്കുന്നു. ഈ വീങ്ങൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. ലഘുവായ പ്രശ്നങ്ങൾ മുതൽ ജീവനുതന്നെ അപകടമായേക്കാവുന്ന പ്രശ്നങ്ങൾ ഉണ്ടാകും.
രക്തസമ്മർദം നോർമൽ ആക്കുക, നാഡികളുടെയും പേശികളുടെയും ജോലികളെ സഹായിക്കുക, ഫ്ലൂയിഡ് ബാലൻസ് നിയന്ത്രിക്കുക ഇതിനെല്ലാം സോഡിയം സഹായിക്കുന്നുണ്ട്. സാധാരണ രക്തത്തിലെ സോഡിയത്തിന്റെ അളവ് 135 നും 145 നും ഇടയ്ക്കാണ്. സോഡിയം അളവ് 135ല്‍ താഴെ വരുമ്പോഴാണ് ഹൈപ്പോനട്രീമിയ എന്ന അവസ്ഥയുണ്ടാകുന്നത് .
ഹൈപ്പോനട്രീമിയ എന്ന അവസ്ഥയ്ക്ക് മറ്റ് ചില കാരണങ്ങളുമുണ്ട്. ശരീരത്തില്‍ ആവശ്യത്തിന് വെളളമില്ലാത്തതും ഈ അവസ്ഥയ്ക്ക് ഇടയാക്കും. ഹൃദയം, വൃക്ക, കരള്‍ രോഗങ്ങള്‍ എന്നിവ ചിലപ്പോള്‍ ഇതിന് കാരണമാകും.
വ്യായാമ ശേഷം ധാരാളം വെള്ളം കുടിയ്ക്കുന്നത് പലരുടേയും പതിവാണ്. വിയര്‍ക്കുമ്പോള്‍ തന്നെ സോഡിയം വിയര്‍പ്പിലൂടെ പുറത്തു പോകുന്നുണ്ട്. ഇതിനൊപ്പം ആവശ്യത്തിലേറെ വെളളം കുടിയ്ക്കുമ്പോള്‍ സോഡിയം നേര്‍ത്ത് ഹൈപ്പോനട്രീമിയ എന്ന അവസ്ഥയുണ്ടാകുന്നു. ഇതിനാല്‍ തന്നെ വ്യായാമ ശേഷം അമിതമായി വെളളം കുടിയ്ക്കുന്നത് ഒഴിവാക്കുക. ആവശ്യത്തിന് മാത്രം അൽപ്പം വെളളം കുടിക്കുക.
കുടിക്കുന്ന വെള്ളത്തിന്റെ ഏകദേശ കണക്ക് മൊത്തത്തില്‍ എത്തുന്ന വെളളമാണ്. അതായത് ഭക്ഷണത്തിലൂടെ എത്തുന്ന വെള്ളവും മറ്റു പാനീയങ്ങളുമെല്ലാം ഇതിൽപെടുന്നു. നാം കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും ദിവസവും 20 ശതമാനം വെള്ളം ലഭിയ്ക്കുന്നുവെന്നു പറയാം. അങ്ങനെ നോക്കുമ്പോൾ ദിവസവും പുരുഷന്മാര്‍ക്ക് 15. 5 കപ്പ് അതായത് 3.7 ലിറ്റര്‍ വെള്ളവും സ്ത്രീകള്‍ക്ക് 11.5 കപ്പ് അതായത് 2.7 ലിറ്റര്‍ വെളളവും കുടിയ്ക്കാം. ഇനി വെള്ളം കുടിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി സൂക്ഷിക്കണേ..