ചെന്നിത്തല പറഞ്ഞത് പച്ചക്കള്ളം, സ്‌ക്രീനിങ് കമ്മറ്റി കാലാവധി കഴിഞ്ഞത്, തെറിക്കുമോ മന്ത്രിയുടെയും കസേര ?
എഡിജിപി ശ്രീജിത്തിന് നിയമ വിരുദ്ധമായി സംരക്ഷിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇപ്പോൾ എടുത്തിരിക്കുന്നത് വലിയ റിസ്‌ക്കാണ്. ഇരുവർക്കും എതിരെ ഹൈക്കോടതിയുടെ പരാമർശം ഉണ്ടാകാനുള്ള സാധ്യതയും നിലവിലുള്ള സാഹചര്യത്തിൽ ഏറെയാണ്. ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രമോഷനുള്ള സ്‌ക്രീനിങ് കമ്മറ്റി കഴിഞ്ഞ ഒക്ടോബർ, നവംബർ മാസത്തിൽ കൂടി നൽകിയ ലിസ്റ്റ് പ്രകാരമാണ് ശ്രീജിത്തിന് ഡിജിപിയായി പ്രമോഷൻ നൽകിയത് എന്നാണ് രമേശ് ചെന്നിത്തല പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നത്.
എഡിജിപി ശ്രീജിത്തിന് നിയമ വിരുദ്ധമായി സംരക്ഷിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇപ്പോൾ എടുത്തിരിക്കുന്നത് വലിയ റിസ്‌ക്കാണ്. ഇരുവർക്കും എതിരെ ഹൈക്കോടതിയുടെ പരാമർശം ഉണ്ടാകാനുള്ള സാധ്യതയും നിലവിലുള്ള സാഹചര്യത്തിൽ ഏറെയാണ്. ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രമോഷനുള്ള സ്‌ക്രീനിങ് കമ്മറ്റി കഴിഞ്ഞ ഒക്ടോബർ, നവംബർ മാസത്തിൽ കൂടി നൽകിയ ലിസ്റ്റ് പ്രകാരമാണ് ശ്രീജിത്തിന് ഡി ജി പിയായി പ്രമോഷൻ നൽകിയത് എന്നാണ് രമേശ് ചെന്നിത്തല പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നത്.
ശ്രീജിത്തിന് എതിരെ വിജിലൻസ് അന്വേഷണമോ മറ്റ് അന്വേഷണമോ ഇല്ലെന്നും അദ്ദേഹം എടുത്ത് പറഞ്ഞിരുന്നു.എന്നാൽ, ആഭ്യന്തരമന്ത്രിയുടെ ഈ വാദം തന്നെ പച്ചക്കള്ളമായിരുന്നു. കാരണം, ഈ സ്‌ക്രീനിങ് കമ്മറ്റിയുടെ കാലാവധി തന്നെ 3 മാസമാണ്. അതുകൊണ്ട് തന്നെ ചെന്നിത്തല പറഞ്ഞത് പോലെ കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കൂടിയ സ്‌ക്രീനിങ് കമ്മറ്റി തീരുമാനപ്രകാരം ശ്രീജിത്തിനെ ഡിജിപിയായി പ്രമോട്ട് ചെയ്യാൻ കഴിയുകയില്ല. അതായത് ഈ പ്രമോഷൻ തന്നെ നിയമ വിരുദ്ധമാണ് എന്നത് ഇതിൽ നിന്നും വ്യക്തമാണ്.
രണ്ടാമത്തെ തെറ്റ് വിജിലൻസ് ക്ലിയറൻസ് വാങ്ങാതെ പ്രമോട്ട് ചെയ്തു എന്നതാണ്. ശ്രീജിത്തിന് എതിരായ രണ്ട് പരാതികളിലെ അന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കെ ഇക്കാര്യത്തിൽ ശ്രീജിത്തിന് ആഭ്യന്തര മന്ത്രി നൽകിയ ക്ലീൻ ചിറ്റ് കോടതിയോടുള്ള അവഹേളനമായാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇതിൽ തന്നെ കെ എം ഷാജഹാൻ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകി, ആ കാര്യം കോടതിയെ അറിയിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യം ആഭ്യന്തര മന്ത്രി അറിഞ്ഞില്ലെങ്കിൽ, അയാൾ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല എന്നാണ് നിയമവിദഗ്ധർ തുറന്നടിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ ഹൈക്കോടതി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെ കടുത്ത നിലപാട് സ്വീകരിച്ചാൽ കോൺഗ്രസ്സ് നേതൃത്വം മാത്രമല്ല മുസ്ലിം ലീഗ് നേതൃത്വവും കൈവിടാനാണ് സാധ്യത. ശ്രീജിത്തിന് പ്രമോഷൻ നൽകിയതിന് എതിരെ ഏറ്റവും ശക്തമായി മുഖപ്രസംഗം എഴുതി രംഗത്ത് വന്നത് തന്നെ സമസ്തയുടെ മുഖപത്രമായ 'സുപ്രഭാതം' ആണ്.അവസരം ലഭിച്ചാൽ, വിഡി സതീശനെ മാത്രമല്ല, രമേശ് ചെന്നിത്തലയെയും തെറുപ്പിക്കണമെന്ന ചിന്താഗതിയിലാണ് കെ സി വേണുഗോപാൽ വിഭാഗം നേതാക്കൾ ഉള്ളത്. എ ഗ്രൂപ്പും പുതിയ കരുക്കൾ നീക്കി തുടങ്ങിയതായാണ് ലഭിക്കുന്ന സൂചന.
ആഭ്യന്തര- വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയിൽ നിന്നും എടുത്ത് മാറ്റണമെന്ന അഭിപ്രായം കോൺഗ്രസ്സ് തലപ്പത്തെ ചിലർക്കുണ്ട്. അതിന് ഒത്ത ഒരു സാഹചര്യം വീണുകിട്ടാനാണ് അവരും കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ നിന്നും എതിരായ ഒരു പരാമർശം ഉണ്ടായാൽ ആദ്യം തെറിക്കാൻ പോകുന്നതും ചെന്നിത്തലയുടെ കസേര ആയിരിക്കും. ചില ഇടനിലക്കാരുടെ സ്വാധീനത്തിന് വഴങ്ങിയാണ് അടുത്തവർഷം ഡിജിപിയാകേണ്ട ശ്രീജിത്തിനെ ധൃതിപിടിച്ച് ചെന്നിത്തലയും വിഡി സതീശനും ഡിജിപിയാക്കാൻ തയ്യാറായത് എന്ന അഭിപ്രായം കോൺഗ്രസ്സിനകത്ത് തന്നെയുണ്ട്. ഈ തീരുമാനത്തിൽ ലീഗിലെ പ്രമുഖ യുവ മന്ത്രിയും വലിയ പ്രതിഷേധത്തിലാണുള്ളത്.
അതേസമയം, മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയിൽ പ്രതിഷേധമുള്ള മന്ത്രിമാരും എംപിമാരും നേതൃമാറ്റം വേണമെന്ന ആവശ്യം ഹൈക്കമാൻ്റിന് മുന്നിൽ വെച്ചതായ റിപ്പോർട്ടും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. വിഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്ത് 6 മാസം പോലും തികയ്ക്കില്ലെന്നാണ് ഈ വിഭാഗം പറയുന്നത്. പിണറായി വിജയന് പഠിക്കുന്ന ഭരണ ശൈലിയാണ് വിഡി സതീശൻ മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് എംപിമാർ തന്നെ തുറന്നടിക്കുന്നത്.പിണറായി വിജയൻ്റെ ഭരണകാലത്ത് ബോഡി ബിൽഡർമാരെ പൊലീസ് ഇൻസ്പെക്ടർമാരാക്കി നിയമിച്ച സംഭവത്തിൽ നിർണ്ണായക ശുപാർശ ഫയലിൽ എഴുതിയ അഡ്മിനിസ്ട്രേഷൻ എഡിജിപി എസ് ശ്രീജിത്തിനെയും ഉത്തരവിൽ ഒപ്പിട്ട സംസ്ഥാന പൊലീസ് മേധാവിയെയും ആഭ്യന്തര സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹയെയും സംരക്ഷിക്കേണ്ട എന്ത് ഉത്തരവാദിത്വമാണ് യുഡിഎഫ് സർക്കാറിന് ഉള്ളത് എന്നാണ് നേതാക്കളുടെ ചോദ്യം.
ഇതു സംബന്ധമായി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജിയിലെ കോടതി ഉത്തരവ് നിലനിൽക്കെ വിഡി സതീശൻ സർക്കാർ ഉദ്യോഗകയറ്റം നൽകിയതിനെ , 'പണി ചോദിച്ചു വാങ്ങുന്ന നടപടി' എന്നാണ് ഒരു പ്രമുഖ നേതാവ് വിശേഷിപ്പിച്ചത്.എഡിജിപി എസ് ശ്രീജിത്തിന് പുറമെ, സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊലീസ് മേധാവി രവാഡ ചന്ദ്രശേഖർ എന്നിവരും അഡ്വ കെ എം ഷാജഹാൻ ഫയൽ ചെയ്ത കേസിലെ എതിർ കക്ഷികളാണ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വന്നാൽ ഈ മൂന്ന് പേരും പ്രതികളാകും എന്നതും ഉറപ്പാണ്.വിജിലൻസിന് അന്വേഷണത്തിന് അനുമതി നൽകുന്നതിന് രണ്ടാഴ്ച സമയം കോടതിയോട് ആവശ്യപ്പെട്ടിരുന്ന സർക്കാർ അഭിഭാഷകൻ, നിലപാടിൽ നിന്നും മലക്കം മറിഞ്ഞതോടെയാണ്, വിജിലൻസ് ക്ലിയറൻസ് ഇല്ലാതെ ശ്രീജിത്തിന് ഉദ്യോഗകയറ്റം നൽകിയതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നത്.
വിജിലൻസ് അന്വേഷണ കാര്യത്തിൽ ഈ മാസം 10 ന് മുൻപ് തീരുമാനം എടുത്തില്ലെങ്കിൽ കോടതി തന്നെ ശക്തമായ നടപടി എടുക്കുമെന്ന മുന്നറിയിപ്പും ജസ്റ്റീസ് ബദറുദ്ദീൻ സർക്കാർ അഭിഭാഷകന് നൽകിയിരുന്നു. കേസ് രണ്ടാഴ്ച നീട്ടിവെയ്ക്കണമെന്ന അഡ്വക്കേറ്റ് ജനറലിൻ്റെ ആവശ്യവും കോടതി തള്ളിയിരുന്നു.ഇതിനിടെയാണ് മറ്റൊരു കേസിൽ വെള്ളിയാഴ്ച വാദം കേട്ട കോടതി 'പാതിരാത്രിയിൽ എഡിജിപിയെ ഡിജിപിയാക്കാൻ കാണിച്ച ശുഷ്കാന്തി എന്താണ് കീഴുദ്യോഗസ്ഥരുടെ കാര്യത്തിൽ ഇല്ലാത്തത് എന്ന ഗുരുതര ചോദ്യമുയർത്തിയത്. മേലുദ്യോഗസ്ഥർക്ക് മാത്രമാണോ പ്രമോഷൻ ബാധകം? എന്നും കോടതി ചോദിക്കുകയുണ്ടായി.മുനമ്പം സിഐ ആയ പി ശ്രീകുമാറിൻ്റെ ഡിവൈഎസ്പി റാങ്കിലേക്കുള്ള പ്രമോഷൻ തടഞ്ഞ് വെച്ചതിന് എതിരായ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാരിനെതിരെ കോടതി ആഞ്ഞടിച്ചത്. ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ആയിരുന്നു ഈ കേസിലെ എതിർ കക്ഷികൾ. ഹർജി എതിർ ഭാഗത്തിൻ്റെ മറുപടിക്കായി മാറ്റി വച്ചിട്ടുണ്ട്.സി.ഐ ശ്രീകുമാറിന് എതിരെ മുൻപ് ഉണ്ടായിരുന്ന വിജിലൻസിൻ്റെ പ്രാഥമിക റിപ്പോർട്ട് ചലഞ്ച് ചെയ്ത് മുൻപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, വിജിലൻസ് നൽകിയ മറുപടിയിൽ കേസ് നിലവിലില്ലെന്നും ഫയൽ ക്ലോസ് ചെയ്തെന്നും വ്യക്തമാക്കിയിരുന്നു.
തുടർന്ന് ഇതിൻ്റെ അടിസ്ഥാനത്തിൽ സിഐക്ക് പ്രമോഷൻ നൽകാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ കോടതി ഉത്തരവിട്ട് കഴിഞ്ഞ രണ്ട് മാസമായിട്ടും വിധി നടപ്പാക്കാത്തതിനാൽ ആഭ്യന്തര സെക്രട്ടറിയെയും ഡിജിപിയെയും എതിർകക്ഷിയാക്കി ഹർജിക്കാരൻ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ നിർബന്ധിതമാവുകയാണ് ഉണ്ടായത്.ഈ കേസ് ഇന്ന് എട്ടാമത്തെ ഐറ്റമായി ഹൈകോടതി മുൻപാകെ വന്നപ്പോഴാണ് കോടതി സർക്കാർ അഭിഭാഷകനെ നിർത്തി "പൊരിച്ചത്".
എഡിജിപി എസ് ശ്രീജിത്തിന് എതിരെ വിജിലൻസ് അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നൽകിയ ഉത്തരവ് നിലനിൽക്കെ, വിജിലൻസ് ക്ലിയറൻസ് വാങ്ങാതെ ശ്രീജിത്തിനെ ഡിജിപിയായി സ്ഥാനകയറ്റം നൽകിയത് നേരത്തെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ മാസം 10 ന് മുൻപ് ഇക്കാര്യത്തിൽ തീരുമാനം എടുത്ത് അറിയിച്ചില്ലെങ്കിൽ കോടതി നേരിട്ട് ഇടപെടുമെന്ന മുന്നറിയിപ്പും ജസ്റ്റിസ് ബദറുദ്ദിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.ഈ പശ്ചാത്തലത്തിൽ പത്താം തിയ്യതി ഹൈകോടതി മുൻപാകെ വരുന്ന എസ് ശ്രീജിത്തുമായി ബന്ധപ്പെട്ട ഹർജിയിൽ സർക്കാർ എന്ത് നിലപാട് അറിയിക്കും എന്നതിനേക്കാൾ, കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് സർക്കാരിനെ സംബന്ധിച്ച് നിർണ്ണായകമായിരിക്കും.